Kerala
ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മദ്യലഹരിയില്‍ വാഹനമോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ആര്‍ ടി ഒയാണ് നടപടി സ്വീകരിച്ചത്. മോട്ടോര്‍ വാഹന നിയമ പ്രകാരം 15 ദിവസത്തെ സമയ പരിധി വച്ചു നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് മനഃപൂര്‍വമായ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ശ്രീറാമിനും സഹയാത്രിക വഫ ഫിറോസിനും ലഭ്യമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. അതേസമയം, കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് വൈകും.

ഉത്തരവിന്റെ പകര്‍പ്പ്
മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ഈ മാസം മൂന്നിന് വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ വച്ച് ശ്രീറാമിന്റെ സുഹൃത്ത് ഒപ്പിട്ടു വാങ്ങിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ വഫ ഫിറോസ് അമിത വേഗതക്കുള്ള പിഴ അടച്ചതിനാല്‍ അവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് വൈകുമെന്നാണ് സൂചന. ലെസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസ് വഫ നേരിട്ട് കൈപ്പറ്റിയിരുന്നതുമില്ല. ഒന്നരയാഴ്ച മുമ്പ് വഫയുടെ പട്ടത്തെ വീട്ടില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ നോട്ടീസ് പതിക്കുകയായിരുന്നു.
വഫ അമിത വേഗതക്ക് പിഴയടച്ചതോടെ കുറ്റകൃത്യം അംഗീകരിച്ചതായി കണ്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതില്‍ വീണ്ടും നോട്ടീസ് അയക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. അമിത വേഗതക്കും കാറില്‍ കറുത്ത ഗ്ലാസ് ഒട്ടിച്ചിരുന്നതിനുമുള്‍പ്പെടെയായി വഫക്ക് മൂന്ന് നോട്ടീസുകളാണ് നല്‍കിയിരുന്നത്. നിയമ ലംഘനങ്ങളും ബഷീറിന്റെ കേസും ഉള്‍പ്പെടെ വഫക്ക് പുതിയ നോട്ടീസ് നല്‍കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നോട്ടീസ് നല്‍കിയ ശേഷം നിയമം അനുശാസിക്കുന്ന വിധത്തില്‍ നിശ്ചിത ദിവസത്തിന് ശേഷമാകും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുക.