ശ്രീറാമിന്റെ രക്ത പരിശോധന: പോലീസിനെ പ്രതിക്കൂട്ടിലാക്കി ഡോക്ടര്‍മാര്‍

Posted on: August 19, 2019 12:21 pm | Last updated: August 19, 2019 at 4:07 pm

തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിനെ കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാന്‍ പോലീസ് നടത്തിയ നീക്കങ്ങള്‍ ഓരോന്നായി പുറത്തുവരുന്നു. മദ്യപിച്ച ശ്രീറാം വെങ്കിട്ടരാമനെ പരിശോധന നടത്തുന്നതില്‍ ജനറല്‍ ആശുത്രിയിലെ ഡോക്ടര്‍ വീഴ്ച വരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനവുമായി ഡോക്ടര്‍ാരുടെ സംഘടനയായ കെ ജി എം ഒ എയെ രംഗത്തെത്തി.

പോലീസിന്റെ വീഴ്ച ഡോക്ടറുടെ തലയില്‍കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്ന പോലീസ് വാദം തെറ്റാണ്. നിയമപ്രകാരുമള്ള എല്ലാ കാര്യങ്ങളും ഡോക്ടര്‍ ചെയ്തിരുന്നു. പോലീസ് രേഖാമൂലം എഴുതി ആവശ്യപ്പെട്ടാല്‍ മാത്രമേ രക്ത പരിശോധന നടത്താന്‍ സാധീക്കൂ. എന്നാല്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ചില്ല. എന്നിട്ടും ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ഒ പി ടിക്കറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രക്ത പരിശോധന നടത്താന്‍ വാക്കാല്‍ പോലും പോലീസ് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും ഡ്യൂട്ടി ഡോക്ടറെ കുറ്റപ്പെടുത്തുന്ന പോലീസിന്റെ റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കുമെന്നും കെ ജി എം ഒ എ ഭാരവാഹികള്‍ പറഞ്ഞു.

ശ്രീറാമിനെ വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോള്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്ത പരിശോധനക്ക് തയ്യാറായില്ലെന്നായിരുന്നു പോലീസ് വാദം. അപകട സമയത്ത് കാറോടിച്ചിരുന്ന ശ്രീറാം മദ്യപിച്ചിരുന്നു. മദ്യത്തിന്റെ മണമുണ്ടെന്ന് എഴുതിയ ഡോക്ടര്‍ രക്തം എടുക്കാന്‍ തയ്യാറായില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം കളവാണെന്ന് സമര്‍ഥിക്കുന്ന ശക്തമായ വാദമാണ് കെ ജി എം ഒ എ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.