എച്ച്1 എൻ1 അഥവാ സ്വൈൻ ഇൻഫ്ലുവൻസ

Posted on: August 19, 2019 8:51 am | Last updated: August 19, 2019 at 11:54 am

സ്വൈൻ ഇൻഫ്ലുവൻസ (പന്നിപ്പനി) അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ലുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശ രോഗങ്ങളുണ്ടാക്കുന്നു.

എച്ച് വൺ എൻ വൺ വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽ കൂടിയാണ് ഇത് പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്ന് രണ്ട് മുതൽ ഏഴ് ദിവസം വരെ ഇത് പകർന്നേക്കാം. തുമ്മുമ്പോഴും ചുമക്കുമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു. ഭൂരിഭാഗം പേർക്കും സാധാരണ ജലദോഷപ്പനി പോലെ വന്നുപോകുന്ന ഒന്നാണ് എച്ച് വൺ എൻ വൺ. മൂക്കൊലിപ്പ്, നേരിയ തൊണ്ടവേദന, ചെറിയ ചുമ എന്നിവയാണ് സാധാരണമായുള്ള രോഗലക്ഷണങ്ങൾ.

പ്രമേഹം, ഹൃദ്രോഹം, രക്തസമ്മർദം, വൃക്കരോഗങ്ങൾ, അർബുദം, എച്ച് ഐ വി അണുബാധ, ആസ്ത്മ, മറ്റ് ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുള്ളവർക്കും ഗർഭിണികൾക്കും മേൽപ്പറഞ്ഞ രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം. ഇവർ അടിയന്തരമായി ഡോക്ടർമാരെ കണ്ട് ചികിത്സ തേടേണ്ടതാണ്. രോഗം അതീവ ഗൗരവമുള്ളതല്ലെങ്കിലും യഥാസമയം ശ്രദ്ധിച്ചില്ലെങ്കിൽ മാരകമായിത്തീരും.