Sports
ആര്‍ചറിന് മാന്യതയില്ലെന്ന് അക്തര്‍

കറാച്ചി: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ചറിനെതിരെ മുന്‍ പാക്കിസ്ഥാന്‍ പേസര്‍ ശുഐബ് അക്തര്‍. ആഷസിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെതിരെ ബൗണ്‍സര്‍ എറിഞ്ഞ ആര്‍ചര്‍ ബാറ്റ്‌സ്മാന്‍ പന്ത് കൊണ്ട് വീണപ്പോള്‍ മുഖവിലക്കെടുത്തില്ല. ഇതാണ് അക്തറിനെ ചൊടിപ്പിച്ചത്. ക്രിക്കറ്റില്‍ ബൗണ്‍സര്‍ എറിയുന്നത് തെറ്റല്ല. എന്നാല്‍, എതിര്‍ താരം പന്ത് കൊണ്ട് വീണാല്‍ ചെന്ന് കാര്യം അന്വേഷിക്കുക എന്നത് മര്യാദയാണ്. ജോഫ്ര ആര്‍ചര്‍ തിരിഞ്ഞു നടക്കുകയാണ് ചെയ്തത്. താനും നിരവധി തവണ ബാറ്റ്‌സ്മാന്‍മാരെ പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ആദ്യം ചെയ്തത് അവരുടെ അടുത്ത് ഓടിയെത്തി പരിക്ക് വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു – അക്തര്‍ ട്വീറ്റ് ചെയ്തു.
ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഓസീസിനെ സ്മിത്താണ് കരകയറ്റിയത്. കഴിഞ്ഞ രണ്ടിന്നിംഗ്‌സിലും സെഞ്ച്വറി നേടിയ സ്മിത്ത് മൂന്നാം സെഞ്ച്വറിയിലേക്ക് നീങ്ങുമ്പോള്‍, എണ്‍പത് റണ്‍സില്‍ വെച്ചാണ് ആര്‍ചറുടെ പന്തേറ്റ് വീണത്. റിട്ടയേര്‍ഡ് ഹര്‍ട് ചെയ്ത സ്മിത്ത് പിന്നീട് തിരിച്ചെത്തിയെങ്കിലും ഫോം നഷ്ടപ്പെട്ടു. 92 റണ്‍സില്‍ ഇന്നിംഗ്‌സ് അവസാനിച്ചു.
പവലിയനിലേക്ക് മടങ്ങുമ്പോള്‍ സ്മിത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്.
പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ആഷസ് പരമ്പരയില്‍ ഗംഭീര ഫോമില്‍ തുടരുകയാണ്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി ടീമിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്ത സ്മിത്ത് രണ്ടാം ടെസ്റ്റിലും മികവ് ആവര്‍ത്തിച്ചു. ആഷസ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്മിത്ത് എഴുതിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ച്ചയായി ഏഴുതവണ 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താണ് സ്മിത്ത് റെക്കോര്‍ഡിട്ടത്. ഇതില്‍ ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ഇത്തവണ ആഷസിലെ ആദ്യ ടെസ്റ്റില്‍ 144, 142 എന്നിങ്ങനെയായിരുന്നു സ്മിത്തിന്റെ സ്‌കോര്‍. മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തിന് 80 റണ്‍സെടുത്ത് നില്‍ക്കെ പരിക്കേറ്റത് ആശങ്കയ്ക്കിടയാക്കി. ജോഫ്ര ആര്‍ച്ചറിന്റെ ഒരു പന്ത് കഴുത്തില്‍ കൊണ്ടാണ് പരിക്കേറ്റത്. പരിക്കേറ്റയുടന്‍ പിച്ചില്‍ കിടന്ന സ്മിത്ത് പ്രാഥമിക പരിശോധനയ്ക്കുശേഷം മടങ്ങുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയശേഷം 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനും കഴിഞ്ഞു. സ്മിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സ്മിത്തിന് ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ കഴിയുമെന്നും ആസ്‌ത്രേലിയന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു.
പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നാണംകെട്ട റെക്കോര്‍ഡുമായി ആസ്‌ത്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഉസ്മാന്‍ ഖവാജയും. ലോര്‍ഡ്‌സില്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ആസ്േ്രതലിയ ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും ഇരുവരും ചേര്‍ന്നപ്പോള്‍ വട്ടപ്പൂജ്യം ആയിരുന്നു സംഭാവന. ലോര്‍ഡ്‌സില്‍ മൂന്നാം വിക്കറ്റിലെ പൂജ്യം റണ്‍സ് കൂട്ടുകെട്ടാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ലോര്‍ഡ്‌സില്‍ ഇന്നേവരെ നടന്നിട്ടുള്ള ക്രിക്കറ്റ് ടെസ്റ്റുകളില്‍ അഞ്ചുതവണ മാത്രമേ മൂന്നാം വിക്കറ്റില്‍ പൂജ്യം റണ്‍സ് കൂട്ടുകെട്ട് ഉണ്ടായിരുന്നിട്ടുള്ളൂ. 1961ലായിരുന്നു അവസാനമായി ഇത്തരമൊന്ന് നടന്നത്. അന്ന് ഇംഗ്ലണ്ടിന്റെ കളിക്കാരായ കോളിന്‍ കോഡ്രെ, ഡെസ്റ്റര്‍ സഖ്യത്തിന് മുന്നാം വിക്കറ്റില്‍ റണ്ണൊന്നുമെടുക്കാനായില്ല. ഇതിനുശേഷം ഇതാദ്യമാണ് ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോര്‍ഡിസില്‍ മൂന്നാം വിക്കറ്റില്‍ പൂജ്യം റണ്‍സ് പിറക്കുന്നത്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 258 റണ്‍സിന് മറുപടിയായി 250 റണ്‍സാണ് ആസ്‌ത്രേലിയ നേടിയത്.