Connect with us

Kerala

ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ പോലീസിനെപ്പോലെ ഒത്തുകളിച്ച് മോട്ടോര്‍ വാഹന വകുപ്പും

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ മോട്ടോര്‍ വാഹന വകുപ്പും ഒത്തുകളി തുടരുന്നു. മദ്യപിച്ച് കാറോടിച്ച ശ്രീറാം വെങ്കിട്ടരാമന്റെയും കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റേയും ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ശക്തമായ നടപടിയെന്ന് വകുപ്പ് മന്ത്രി ശശീന്ദ്രനും പറഞ്ഞിരുന്നു. എന്നാല്‍ അപകടം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിട്ടില്ല. പോലീസ് ചെയ്തത് പോലെ കുറ്റക്കാര്‍ക്ക് കൂട്ടിനില്‍ക്കുന്ന നിലപാടാണ് മോട്ടോര്‍ വാഹന വകുപ്പും സ്വീകരിക്കുന്നത്.

ലൈസന്‍സ് റദ്ദാക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ടെന്നാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണം. ലൈസന്‍സ് റദ്ദാക്കുന്നതിന് മുമ്പ് ഇരുവര്‍ക്കും നോട്ടീസ് നല്‍കണം. ഇതുപ്രകാരം നോട്ടീസ് അയച്ചെങ്കിലും ശ്രീറാമും വഫയും നോട്ടീസ് കൈപ്പറ്റിയിട്ടില്ല. ചാനലുകളിലടക്കം അഭിമുഖം നല്‍കിയ വഫ ഫിറോസിനെ ഇനിയും കണ്ടെത്താനായില്ലെന്ന മുടന്തന്‍ ന്യായവും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

അതിനിടെ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വന്ന സാഹചര്യത്തില്‍ പെട്ടന്ന് നടപടി സ്വീകരിക്കാനുള്ള നീക്കം ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം വഫ ഫിറോസിന്റെ വീടിന്റെ ചുമരില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ഇന്ന് തന്നെ നടപടിയുണ്ടാകുമെന്നും സൂചനയയുണ്ട്.

 

Latest