ജനബന്ധം മെച്ചപ്പെടുത്താന്‍ നേതാക്കളുടെ പെരുമാറ്റ ശൈലി മാന്യമാകണം; ആത്മവിമര്‍ശവുമായി സിപിഎം സെക്രട്ടറിയേറ്റ്

Posted on: August 18, 2019 9:15 pm | Last updated: August 19, 2019 at 11:20 am

തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രക്ക് നേതാക്കളുടെ പെരുമാറ്റ ശൈലി മാന്യമാകണമെന്ന് സിപിഎം വിലയിരുത്തല്‍. തിരുവനന്തപുരത്ത് ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നേതാക്കളുടെ നിലവിലെ പ്രവര്‍ത്തനശൈലിക്കെതിരെ വിമര്‍ശം ഉയര്‍ന്നത്. കൊല്‍ക്കത്ത പ്ലീനം റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കാനായില്ലെന്നും യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേതാക്കള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ ശൈലി മാറ്റി ജനങ്ങളോട് മാന്യമായി പെരുമാറണം. ഇത്തരമൊരു മാറ്റമില്ലാതെ ജനബന്ധം മെച്ചപ്പെടുത്താനാകില്ല. സംഘടനാ തലത്തിലും പ്രവര്‍ത്തന ശൈലിയിലും മാറ്റം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി നേതാക്കളുടെ നിലവിലെ പെരുമാറ്റം ജനങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതാണെന്നും സെക്രട്ടേറിയറ്റില്‍ വിലയിരുത്തലുണ്ടായി.

സിപിഎം കൊല്‍ക്കത്ത പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലായില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പോഷക സംഘടനകളേയും വര്‍ഗ ബഹുജന സംഘടനകളേയും കൂടുതല്‍ സജീവമാക്കണമെന്ന നിര്‍ദേശവും നടപ്പില്‍ വരുത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നു. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാവുന്നില്ല. നിരന്തരം ശ്രമിച്ചിട്ടും പാര്‍ട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു. ആറ് ദിവസം നീണ്ട് നില്‍ക്കുന്ന സിപിഎം നേതൃയോഗങ്ങളുടെ മുന്നോടിയായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്.