ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നത്

Posted on: August 18, 2019 4:56 pm | Last updated: August 18, 2019 at 4:56 pm

അതിശക്തമായ ഉരുൾപൊട്ടലുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കേരളം മുക്തമായിട്ടില്ല. കഴിഞ്ഞ വർഷത്തെ ഭീകരമായ പ്രളയക്കെടുതിയുടെ ദുരന്തങ്ങൾ തീരുന്നതിന് മുമ്പാണ് ഇടിത്തീയായി വീണ്ടും ഉരുൾപൊട്ടൽ വന്നിരിക്കുന്നത്. വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലുമടക്കം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളിൽ കണ്ടത് ഹൃദയം പിളർത്തുന്ന കാഴ്ചകൾ. ജീവൻ പൊലിഞ്ഞവർ, ഇപ്പോഴും കണ്ടെത്താനാകാതെ മണ്ണിനടിയിലുള്ളവർ, ഉറ്റവരും സ്വത്തുക്കളും നഷ്ടപ്പെട്ടവർ.

കഴിഞ്ഞ വർഷത്തിൽ നിന്ന് ഭിന്നമായി ശക്തമായ മഴയിൽ ഇത്തവണ ഉരുൾപൊട്ടലാണ് ആളപായവും സ്വത്തുനഷ്ടവും ദുരിതവും വർധിപ്പിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്? അത് ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ചെയ്യേണ്ടത് എന്നെല്ലാം ആലോചിക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. കഴിഞ്ഞ വർഷത്തെ മഹാപ്രളയ കാലത്തുപോലും ഉരുൾപൊട്ടലുണ്ടാകാത്ത പ്രദേശങ്ങളിൽ അതിരൂക്ഷമായ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ് ഇത്തവണ ഉണ്ടായത്.
ഭൂസ്ഥിരത നഷ്ടപ്പെടുന്നത് മൂലം ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം, കല്ല്, മണ്ണ് എന്നിവ അതിസമ്മർദത്താൽ താണ സ്ഥലത്തേക്ക് പുറം തള്ളപ്പെടുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഭൂസ്ഥിരത നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. ശിലാ പാളികൾക്ക് ശക്തിക്ഷയം സംഭവിക്കുക, മൺപാളികളിലെ രാസ-ഭൗതിക മാറ്റങ്ങൾ, സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വർഷപാതവും ദ്രവീകരണവും ഉണ്ടാവുക, മലമുകളിലുണ്ടാകുന്ന ഭൂകമ്പത്തിൽ മണ്ണിന്റെ ഒരുപാളി ഇടിച്ചിറങ്ങുക, വെള്ളത്തിന്റെ നീർച്ചാലുകൾ മൺപാളി അടർത്തി മാറ്റുക, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മഴ, മനുഷ്യ ഇടപെടൽ എന്നിവ ഉരുൾപൊട്ടലിന്റെ കാരണങ്ങളാണ്.

ഭൂമിക്കടിയിലേക്ക് അമിതമായി ഊർന്നിറങ്ങുന്ന ജലം ശിലാപാളികൾക്കിടയിൽ തങ്ങി നിൽക്കുന്നു. ക്രമാതീതമായി ശേഖരിക്കപ്പെടുന്ന ഈ വെള്ളം ചുറ്റുപാടിലേക്ക് സമ്മർദം ചെലുത്തുന്നു. മലഞ്ചെരുവുകളിലെ താരതമ്യേന കനംകുറഞ്ഞ പാറകളിൽ ഇത്തരം സമ്മർദം അനുഭവപ്പെടുമ്പോൾ ഗുരുത്വബലത്തിന്റെ കൂടെ ഫലമായി പാറകൾ പിളർന്ന് വെള്ളം പ്രവഹിക്കുന്നു. മണിക്കൂറിൽ 500 കി മീ വരെ വേഗത്തിൽ ഒഴുകുന്ന ഈ പ്രവാഹത്തിൽ മണ്ണും വെള്ളവും ചെളിയുമുണ്ടാകും.
ഉരുൾപൊട്ടൽ കേവലം ഒരു പ്രകൃതി പ്രതിഭാസം എന്നതിലുപരി മനുഷ്യന്റെ ഇടപെടലാണ് അതിന്റെ മുഖ്യ കാരണം. ഭൂമിയിൽ ഏറ്റവും കൂടുതൽ വിഭവ സമ്പത്ത് ചൂഷണം ചെയ്യുന്ന ജീവിവർഗം മനുഷ്യനാണ്. മനുഷ്യന്റെ ഉപഭോഗം ഭൂവിഭവങ്ങൾ നശിപ്പിക്കുക മാത്രമല്ല പരിസ്ഥിതി സന്തുലിതാവസ്ഥയെ താളം തെറ്റിക്കുകയും ചെയ്യുന്നു. വായു, മണ്ണ്, ജലം, ആകാശം തുടങ്ങി ജീവന്റെ തുടിപ്പുകൾ സംരക്ഷിക്കുന്ന എല്ലാ വിഭവങ്ങളും തകർത്ത് കൊണ്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളും തന്റെ സഹജീവജാലങ്ങൾക്ക് കൂടെ ജീവിക്കാനുള്ള ഇടം കരുതി വെക്കുമ്പോൾ മനുഷ്യൻ അയൽക്കാരന്റെ ഇടം കൂടി കവർന്നെടുക്കുന്നു. ലാഭേച്ഛയും സ്വാർഥതയും ആർത്തിയും കാടു കൈയേറാനും പ്രകൃതി വിഭവങ്ങൾ നശിപ്പിക്കാനും അവനെ പ്രേരിപ്പിക്കുന്നു.

ഈ ഭൂമി തനിക്ക് മാത്രമുള്ളതാണെന്ന് മനുഷ്യൻ തെറ്റിദ്ധരിച്ചതാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണം. ഭൂമിയിലെ എല്ലാ വിഭവങ്ങളും എല്ലാവർക്കും അവകാശപ്പെട്ടതാണ്. ശക്തനും അശക്തനും തമ്മിൽ അതിൽ വേർതിരിവില്ല. പ്രകൃതി സംരക്ഷണം മാനവ സംരക്ഷണമാണ്.

മഴ പെയ്താൽ അത് ഭൂമിയിലേക്ക് താഴാൻ മാർഗമില്ലാത്ത വിധം കാടുകളും കുന്നുകളും പാറകളും അപ്രത്യക്ഷമായതാണ് നാം ഇന്ന് അനുഭവിക്കുന്ന വലിയ ദുരന്തം. ഉള്ളവ തന്നെ കനം കുറഞ്ഞ ഭൂവൽക്കപടലങ്ങളെ താങ്ങി നിൽക്കാനാകാത്ത വിധം ബലക്ഷയം സംഭവിച്ചതും. കേരളത്തിന്റെ പാരിസ്ഥിതിക സ്വഭാവം തന്നെ മാറുകയാണ്. ആഴത്തിലുള്ള പഠനവും ഗവേഷണവും നടക്കേണ്ട വിഷയമാണിവ. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്തെ എട്ട് ജില്ലകളിലായി എൺപതിലധികം ഉരുൾ പൊട്ടലാണ് ഉണ്ടായത്. കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ വർധിക്കുന്നതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി എസ് ഐ) റിപ്പോർട്ട് പറയുന്നു. ഉരുൾപൊട്ടലിന് പുറമേ “മഡ്ഫ്‌ളോ’ പ്രതിഭാസവും പ്രകടമാകാമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടലിൽ നിന്ന് വ്യത്യസ്തമായി ചെളി കുഴമ്പ് രൂപത്തിൽ ഒലിച്ചെത്തുന്ന പ്രതിഭാസമാണിത്. 1999ൽ വെനസ്വേലയിലെ വർഗാസിലുണ്ടായ മഡ്ഫ്‌ളോയിൽ മുപ്പതിനായിരത്തോളം പേരാണ് മരിച്ചത്.

എൺപതിനായിരത്തോളം പേരെ മാറ്റി പാർപ്പിച്ചു. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മലനിരകളിൽ സ്ഥിരമായി ഇത് കണ്ട് വരാറുണ്ട്. കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ഈ പ്രതിഭാസം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം വിവിധ ജില്ലകളിലായി 11ലധികം ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ച് ഇതിന്റെ കാരണങ്ങളെ കുറിച്ച് പഠനം നടത്തിയ കേരള വന ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ഡോ. ടി വി രാജീവ് പറയുന്നു: ഇവിടെ സന്ദർശിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു പ്രധാന കാര്യം ഈ ഉരുൾപൊട്ടലെല്ലാം ഉണ്ടായത് അവിടെ പ്രവർത്തിക്കുന്ന പാറമടകളോട് ചേർന്നാണ്. എന്നുവെച്ചാൽ ഈ ഉരുൾപൊട്ടലുകൾ ഉണ്ടായ മലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പാറമട പ്രവർത്തിക്കുന്നുണ്ടെന്നർഥം. ഒന്നു രണ്ട് സ്ഥലങ്ങളിൽ മലയുടെ മുകളിൽ തന്നെ പൊടിയാക്കുന്നതിനും കഴുകുന്നതിനും വലിയ ജലസംഭരണ കേന്ദ്രങ്ങളുമുണ്ട്. ഇതിലൊന്ന് പൊട്ടിയൊഴുകിയാണ് കഴിഞ്ഞ വർഷം കോഴിക്കോട്ട് ഉരുൾപൊട്ടലായി മാറിയത്. പാറമടകളിൽ കല്ലുകൾ പൊട്ടിക്കാൻ ഉഗ്രസ്‌ഫോടനങ്ങൾ നടത്തും. ക്വാറികളിലുണ്ടാകുന്ന ഈ സ്‌ഫോടനങ്ങൾ മലനിരകളെ അസ്ഥിരപ്പെടുത്തുകയും മെല്ലെ മെല്ലെ ഇളക്കുകയും ബലക്ഷയമുള്ളതാക്കുകയും ചെയ്യും. കാരണം, സ്‌ഫോടന ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വജ്രം കഴിഞ്ഞാൽ കരിങ്കല്ലിലൂടെയാണ്. നമ്മൾ കേൾക്കുന്നതിനേക്കാൾ പതിന്മടങ്ങ് ശബ്ദം കരിങ്കല്ലിലൂടെ കടന്ന് പോകും. വലിയ മഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന ഈ മലകൾ ഒറ്റയടിക്ക് ഒഴുകി പോകും. ഇതാണ് ഉരുൾപൊട്ടലിന്റെ പ്രധാന കാരണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും ഇത് സ്ഥിരീകരിക്കുന്നു.

ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു യാഥാർഥ്യം, ഒരു പ്രദേശത്ത് ഒരു തവണ ഉരുൾപൊട്ടലുണ്ടായാൽ അടുത്ത വർഷവും അവിടെ ഉരുൾപൊട്ടലുണ്ടാകാം. ചെറിയ മഴയുണ്ടായാൽ പോലും അതിന് സാധ്യതയുണ്ട്. കാരണം മണ്ണ് ബലക്കുറവുള്ളതും ശക്തിക്ഷയം സംഭവിച്ചതുമാണ്. അതെപ്പോഴും ഇടിഞ്ഞ് വീഴാം. പ്രളയം അങ്ങനെയല്ല. ഒരു വർഷം പ്രളയമുണ്ടായെന്ന് കരുതി അടുത്ത വർഷവും ഉണ്ടാകണമെന്നില്ല. ഇനി ഉണ്ടായാലും പഴയ രൗദ്രത ഉണ്ടായിക്കൊള്ളണമെന്നില്ല.

ഉരുൾപൊട്ടലിനെ പൂർണമായും തടയാൻ ആവശ്യമായ സാങ്കേതിക വിദ്യ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. മലഞ്ചെരുവുകളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചും വനനശീകരണം തടഞ്ഞും ഉരുൾപൊട്ടലിനെ ഒരുപരിധിവരെ തടഞ്ഞ് നിർത്താം. ലോകത്ത് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ അനുഭവപ്പെട്ടിരുന്നത് ആഫ്രിക്കൻ രാജ്യമായ കെനിയയിലും ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിലുമായിരുന്നു. ഒരു മഴക്കാലം വന്നാൽ ഇരുനൂറിലധികം ജനങ്ങൾ ഉരുൾപൊട്ടലിൽ അവിടെ മരിക്കുമായിരുന്നു. അവിടത്തെ കർഷകർ സർക്കാറിന്റെ സഹായത്തോടെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ആഴങ്ങളിലേക്ക് വേരുകൾ വളരുന്ന മുള പോലെയുള്ള വസ്തുക്കൾ വെച്ച് പിടിപ്പിച്ചു. ഉണക്ക കമ്പുകൾ മുറിച്ചെടുത്താലും വേരുകൾ നശിക്കാത്ത ഇത്തരം മരങ്ങൾ ഒരു വല പോലെ മണ്ണിനെ സംരക്ഷിക്കുകയും ബലമുള്ളതാക്കി തീർക്കുകയും ചെയ്യും. കഴിഞ്ഞ 20 വർഷമായി ഇവിടത്തെ ജനങ്ങൾ ഉരുൾപൊട്ടലിനെ ചെറുക്കുന്നത് ഇങ്ങനെയാണ്. ഉരുൾപൊട്ടൽ ഒരു തുടർക്കഥയാകുന്ന കേരളത്തിലും പഠനം നടത്തി ഇത് പരീക്ഷിക്കാവുന്നതാണ്.