ബഷീറിന്റെ കൊലപാതകം: പോലീസ് റിപ്പോര്‍ട്ട് സിറാജ് മാനേജ്‌മെന്റ് തള്ളി; ഫോണ്‍ കാണാതായത് അന്വേഷിക്കണം

Posted on: August 18, 2019 11:42 am | Last updated: August 18, 2019 at 9:17 pm

തിരുവനന്തപുരം: സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പോലീസ് റിപ്പോര്‍ട്ട് സിറാജ് മാനേജ്‌മെന്റ് തള്ളി. റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് യൂനിറ്റ് മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 3.30 മുതല്‍ ഉണ്ടായിരുന്നിട്ടും തന്റെ മൊഴിയെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.

അപകട ശേഷം ബഷീറിന്റെ ഫോണ്‍ കാണാതായതില്‍ അന്വേഷണം വേണം. സംഭവം നടന്ന് ഒരു മണിക്കൂറിനു ശേഷവും ഫോണ്‍ ഉപയോഗത്തിലായിരുന്നു. ഫോണിലേക്ക് മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ സി പി ഒ വിളിച്ചപ്പോള്‍ ഒരാള്‍ ഫോണെടുത്തിരുന്നു. ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും സെയ്ഫുദ്ദീന്‍ ഹാജി പറഞ്ഞു.

പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്നും പോലീസ് വീഴ്ചകളെ വെള്ളപൂശാനാണു ശ്രമം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.