Connect with us

Kerala

പ്രളയത്തിൽ കിതച്ച് കെ എസ് ആർ ടി സി

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തെതുടർന്ന് കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ഭീമമായ നഷ്ടമുണ്ടായെന്ന് പ്രാഥമിക കണക്കുകൾ. പ്രളയം പെയ്തിറങ്ങിയ കഴിഞ്ഞ ഒരാഴ്ചക്കിടെ കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ പത്ത് കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പല റോഡുകളും തകർന്നത് കെ എസ് ആർ ടി സി സർവീസുകളെ ബാധിക്കുന്നുണ്ട്. ഇത് കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും കെ എസ് ആർ ടി സി ബസുകൾ വിട്ടു നൽകിയിട്ടുണ്ട്. ദുരിതാശ്വാസ സാമഗ്രികളുമായി കെ എസ് ആർ ടി സി പ്രത്യേക സർവീസുകളും നടത്തി. ഇത് കാരണവും സർവീസുകൾ പലതും നടത്താനായില്ല.

ചില പാലങ്ങൾ തകർന്നതും കെ എസ് ആർ ടി സി സർവീസുകളെ ബാധിച്ചു. വെള്ളം കയറി കെ എസ് ആർ ടി സിയുടെ പല ഡിപ്പോകളും നശിച്ചിട്ടുണ്ട്. വെളളം കയറിയ ഡിപ്പോകളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കും തയ്യാറായി വരുന്നതേയുളളൂ. ഇത് കൂടി കണക്കാക്കുമ്പോൾ നഷ്ടം ഇനിയും ഉയരും. പ്രളയം രൂക്ഷമായ ഈ മാസം എട്ട് മുതൽ ഒരാഴ്ച കൊണ്ട് വരുമാനത്തിൽ വൻ നഷ്ടമാണ് കെ എസ് ആർ ടി സിക്ക് ഉണ്ടായത്. ഏറ്റവുമധികം നഷ്ടമുണ്ടായത് ഉത്തര മേഖലയിലാണ്. അഞ്ച് ദിവസം കൊണ്ട് ആറ് കോടി രൂപയിലേറെ വരുമാനത്തിൽ നഷ്ടമുണ്ടായി.
സാധാരണ ഗതിയിൽ ഒരു കോടി അറുപത് ലക്ഷം രൂപ വരെ പ്രതിദിനം ഉത്തരമേഖലയിൽ വരുമാനമുണ്ടാകാറുണ്ട്. എന്നാൽ പ്രളയ ദിനങ്ങളിൽ ലഭിച്ചത് ശരാശരി 60 ലക്ഷം രൂപ മാത്രം. ഇതിന് പുറമേ എ സി ലോ ഫ്‌ളോർ ബസുകൾ വെള്ളം കയറി തകരാറിലായിട്ടുണ്ട്. മൂന്ന് ബസുകളുടെ സെൻസറുകൾ കേടായി.

ഒന്നര ലക്ഷം രൂപയോളം ഈ ഇനത്തിൽ നഷ്ടമായിട്ടുണ്ട്. ഇത് സംബന്ധിച്ച നഷ്ടം കണക്കാക്കിക്കൊണ്ടിരിക്കുകയാണ്. വെള്ളം താഴ്ന്നതോടെ നിർത്തി വെച്ച പല സർവീസുകളും കെ എസ് ആർ ടി സി പുനരാരംഭിച്ചു.
മലപ്പുറം, നാടുകാണിച്ചുരം വഴി സർവീസ് നടത്തുന്നില്ല. കണ്ണൂരിലെ പാൽചുരം, മാക്കൂട്ടം ചുരം എന്നിവിടങ്ങളിലൂടെ സർവീസുകൾ പുനരാരംഭിക്കാനായിട്ടില്ല. പാൽ ചുരത്തിലൂടെ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ കെ എസ് ആർ ടി സി അധികൃതരെ സമീപിച്ചിരുന്നു.

എന്നാൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ സർവീസ് നടത്തുന്നത് അപകടകരമാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ പ്രളയം രൂക്ഷമായതിനാൽ പല ദീർഘദൂര സർവീസുകളും കെ എസ് ആർ ടി സി റദ്ദാക്കിയിരുന്നു. ഇതും പ്രതിദിന വരുമാനത്തിൽ വൻ നഷ്ടത്തിന് കാരണമായി. പല ദീർഘദൂര സർവീസുകളും ഇനിയും പുനരാരംഭിച്ചിട്ടില്ല.

പൊതുവേ നഷ്ടത്തിലായ കെ എസ് ആർ ടി സിക്ക് പ്രളയം കാരണമുണ്ടായ നഷ്ടത്തിൽ നിന്നും കരകയറാൻ സർക്കാർ സഹായം വേണ്ടി വരും.

പ്രളയത്തിൽ ആകെയുണ്ടായ നഷ്ടം കണക്കാക്കിയ ശേഷം സഹായത്തിനായി സർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ് കെ എസ് ആർ ടി സി മാനേജ്‌മെന്റ്.

Latest