Malappuram
പ്രളയത്തിൽ ഒറ്റപ്പെട്ട കൂരിയാട്ടുകാർക്ക് തണലായി സൈദുമോൻ തങ്ങൾ

വേങ്ങര: പ്രളയത്തിൽ ഒറ്റപ്പെട്ട കൂരിയാട് ഗ്രാമത്തിലെ നൂറോളം കുടുംബങ്ങളിലെ മുന്നൂറോളം പേരെ സ്വന്തം ചെലവിൽ ഭക്ഷണം നൽകി സംരക്ഷിക്കുകയാണ് കൂരിയാട് പനമ്പുഴക്കൽ സൈദുമോൻ ജമലുലൈലി തങ്ങൾ.
പ്രളയം വന്നതോടെ ഇവിടത്തെ കുടുംബങ്ങൾക്ക് മണ്ണിൽ പിലാക്കൽ ഭാഗത്തെ പാടത്തെ വെള്ളം കാരണം സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ദുരിതത്തിലായവർ തങ്ങളുടെതടക്കമുള്ള സമീപത്തെ വീടുകളെയാണ് ആശ്രയിച്ചത്. താമസമില്ലാത്ത വീടക്കം ദുരിത ബാധിതർക്ക് തുറന്ന് കൊടുത്തു. ഔദ്യോഗിക ക്യാമ്പ് അല്ലാത്തതിനാൽ ഭക്ഷണമടക്കം അധികൃതർക്ക് നൽകാനും വകുപ്പില്ലായിരുന്നു. ഇവർക്കെല്ലാം മൂന്ന് നേരവും ഭക്ഷണമൊരുക്കുകയായിരുന്നു സൈദ് മോൻ തങ്ങൾ.
കൂരിയാട് സബ് സ്റ്റേഷൻ വെള്ളത്തിലായതോടെ ദുരിത ബാധിതർ താമസിക്കുന്ന വീടുകളിലേക്കും മറ്റും ജനറേറ്റർ സ്ഥാപിച്ച് വെളിച്ചവും നൽകി. നാല് ലക്ഷം രൂപയോളം ഇതിനകം ഇദ്ദേഹം ചെലവിട്ട് കഴിഞ്ഞു. തങ്ങളുടെ സേവനം കണ്ടറിഞ്ഞ് ജന പ്രതിനിധികളും വേങ്ങര പോലീസും ക്ലബ്ബുകളും പിന്തുണയുമായെത്തി. പെരുന്നാൾ ദിനത്തിൽ പ്രത്യേക ഭക്ഷണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ഇവിടെയാണ് നടന്നത്.
ക്യാമ്പിലുള്ളവർ വീട്ടിലേക്ക് തിരിക്കുമ്പോൾ ആവശ്യമുള്ള അരിയും മറ്റും ഇന്നലെ വിതരണം ചെയ്തു. വീട് ശുചീകരിക്കാനുള്ള ഉപകരണവും എല്ലാ കുടുംബങ്ങൾക്കും ഇദ്ദേഹം നൽകിയിട്ടുണ്ട്. മുഴുവൻ പേരും സ്വയം പിരിഞ്ഞ് പോകും വരെ ഭക്ഷണവും സൗകര്യങ്ങളും നൽകുന്നത് തുടരുമെന്ന് സൈതു മോൻ തങ്ങൾ സിറാജിനോട് പറഞ്ഞു.