സന്നദ്ധ പ്രവർത്തകർ പ്രതിരോധ മരുന്നുകൾ കഴിക്കണം

Posted on: August 15, 2019 8:55 pm | Last updated: August 15, 2019 at 8:55 pm


തിരുവനന്തപുരം: പ്രളയത്തോടനുബന്ധിച്ച് എലിപ്പനി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നവരും സന്നദ്ധ പ്രവർത്തകരും വീട് വൃത്തിയാക്കാൻ പോകുന്നവരും നിർബന്ധമായും പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. എലിപ്പനി ബാധിക്കാതിരിക്കാൻ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികിത്സ, സാമ്പിൾ കലക്‌ഷൻ എന്നിവയിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾക്കൊള്ളിച്ചുള്ള പ്രോട്ടോകോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രോട്ടോകോൾ എല്ലാ ആരോഗ്യ പ്രവർത്തകരും കർശനമായി പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ് എലിപ്പനി. പ്രളയ ബാധിത മേഖലകളിലെ പകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.

രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ നാല് മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

പനി, പേശി വേദന (കാൽ വണ്ണയിലെ പേശികളിൽ) തലവേദന, വയറ്‌വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാണെങ്കിൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണിത്.

ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്യും. അതിനാൽ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം.

മലിനജലത്തിൽ ഇറങ്ങുന്നവർ (ഗർഭിണികളും 12 വയസ്സിന് താഴെയുള്ള കുട്ടികളും ഒഴികെ) നിർബന്ധമായും ആഴ്ചയിൽ ഒരിക്കൽ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ 200 എം ജി ഡോക്‌സിസൈക്ലിൻ നിർബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. മലിന ജലവുമായി സമ്പർക്കം വരുന്ന കാലമത്രയും ആഴ്ചയിലൊരിക്കൽ ഈ ഗുളിക കഴിക്കണം.
രണ്ട് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് നാല് എം ജി/ കിലോഗ്രാം ഡോക്‌സിസൈക്ലിൻ ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിന് ശേഷം നൽകണം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെറും വയറ്റിൽ അസിത്രോമൈസിൻ പത്ത് എം ജി/ കിലോഗ്രാം നൽകിയാൽ മതിയാകും.
ഗർഭിണികളും പാലൂട്ടുന്ന അമ്മമാരും 500 എം ജി അമോക്‌സിലിൻ ഗുളിക ദിവസവും മൂന്ന് നേരം ഭക്ഷണത്തിന് ശേഷം അഞ്ച് ദിവസത്തേക്ക് കഴിക്കണം. പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശേഷം ഡോക്‌ടർമാരെ കാണാൻ കഴിയാത്തവർ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കണം.

പ്രതിരോധ മരുന്നുകൾ കഴിച്ചവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കൈയുറയും കാലുറയും ഉൾപ്പെടെ സ്വയം പരിരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവർത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും.