അസാധ്യമായി ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചു, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം: മുഖ്യമന്ത്രി

Posted on: August 15, 2019 10:24 am | Last updated: August 15, 2019 at 4:00 pm

തിരുവനന്തപുരം: പ്രളയം തീര്‍ത്ത ദുരിതങ്ങളില്‍ നിന്ന് കരകയറാനും പ്രയാസങ്ങളെ അതിജീവിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുതെന്നും നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറക്കു വേണ്ടി കൂടിയാണ് നമ്മുടെ പരിശ്രമമെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കവെ മുഖ്യമന്ത്രി പറഞ്ഞു. പ്രളയം വിഭവ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അസാധ്യമായി ഒന്നുമില്ലെന്ന് കേരള ജനത തെളിയിച്ചു കഴിഞ്ഞു. അതേ നിശ്ചയദാര്‍ഢ്യം തന്നെ ഇപ്പോഴത്തെ വിഷമാവസ്ഥകളില്‍ നിന്ന് കരകയറാന്‍ കൈമുതലാകും. നിര്‍ഭയമായ മനസ്സും സമുന്നതമായ ശിരസുമുള്ള ജനതയാണ് നമ്മള്‍.

അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്ര വിരുദ്ധ മനോഭാവങ്ങളെയും ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യത്യസ്തകള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യാക്കാരില്‍ ഊട്ടിയുറപ്പിക്കാന്‍ സ്വാതന്ത്ര്യം കാരണമായി. നമ്മുടെ വിഖ്യാതമായ ഭരണഘടന ഇതിന് അടിത്തറയുമായി. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം.

മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ജാതിയുടെ പേരില്‍ പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു. തെരുവില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. മതനിരപേക്ഷത ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ സോഷ്യലിസ്റ്റ് സങ്കല്‍പത്തോട് നമ്മള്‍ അടുക്കുകയാണോ അകലുകയാണോ എന്ന വിലയിരുത്തലുണ്ടാകണം. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറല്‍ സ്പിരിറ്റ്. വൈവിധ്യത്തെ ഏക ശിലാരൂപം കൊണ്ട് പകരം വെക്കാനുള്ള ശ്രമമുണ്ടായാല്‍ അത് ഭരണഘടനാ തത്വത്തിന്റെ ലംഘനമാണ്.

സമഭാവനയോടെ സര്‍വരും കഴിയുന്ന സാമൂഹികമായ ജീവിതാവസ്ഥ നേടിയെടുക്കാനുള്ള യാത്രയിലാണ് ഇവിടെ പൊതുമേഖലാ സംരംഭങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍ അവ തകരുന്ന സ്ഥിതിയുണ്ട്. സമ്പത്ത് കുത്തകകളിലേക്ക് മാത്രമായി ഒതുങ്ങുന്നതിനെതിരെ ജാഗ്രത വേണം. കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പള്ളി വിട്ടുകൊടുത്ത സഹോദരങ്ങള്‍ രാജ്യത്തെ മഹത്തായ മാതൃകയാണ്.
സംസ്ഥാനത്ത് ക്ഷേത്രത്തിന്റെ അയല്‍വഴിയിലൂടെ നടക്കാന്‍ പോലും സ്വതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളില്‍ പെട്ടവരെ ക്ഷേത്ര പൂജാരിയാക്കി മാറ്റുന്നതിനു വരെ നവോഥാനത്തിന്റെ പുതിയ കാല സംരംഭങ്ങള്‍ക്ക് സാധിച്ചതായി പിണറായി പറഞ്ഞു.