സംസ്ഥാനത്ത് പ്രളയം തകർത്തത് 1,055 കോടിയുടെ കൃഷി

Posted on: August 14, 2019 11:32 pm | Last updated: August 14, 2019 at 11:33 pm


കൊച്ചി: മഹാമാരിയും പ്രളയവും വീണ്ടും സംസ്ഥാനത്തെ കാർഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ നിന്ന് കരകയറുന്നതിന് മുമ്പെ ഭീതിദമായ തോതിൽ കനത്ത നാശം വിതച്ചാണ് പ്രളയം കടന്നു പോകുന്നത്. മഴ മാറിയെന്ന് പറയാൻ കഴിയില്ലെങ്കിലും ഇക്കുറി ആദ്യ നാല് ദിവസം കൊണ്ട് തന്നെ കാർഷിക മേഖലക്കുണ്ടായ നഷ്ടം സംസ്ഥാനത്തെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ജൈവ പ്രതിഭാസങ്ങളും ഉരുൾപൊട്ടലും കാരണം ഇവിടെ സമീപകാലത്തൊന്നും കൃഷി തുടങ്ങാനാകാത്ത ഹെക്ടർ കണക്കിന് ഭൂമി ഇക്കുറിയുണ്ടായെന്നത് പ്രളയനാശത്തിന്റെ ആഘാതം ഇരട്ടിയാക്കുന്നു.

ഇന്നലെ രാത്രി വരെയുള്ള കണക്കുകൾ പ്രകാരം 105513.99 കോടി രൂപയുടെ കൃഷി നാശമാണ് സംസ്ഥാനത്താകെയുണ്ടായത്. 28,924 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.1,13,681 കർഷകരെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിച്ചത് വയനാട് ജില്ലയിലാണ്. ഇവിടെ3,661 ഹെക്ടർ സ്ഥലത്തെ കൃഷി പൂർണമായും നശിച്ചു. തിരുവനന്തപുരം-629, കൊല്ലം-279, ആലപ്പുഴ-1871, പത്തനംതിട്ട-243, കോട്ടയം-2863, ഇടുക്കി-999, എറണാകുളം-1294, തൃശൂർ-2642, പാലക്കാട്-10,761, മലപ്പുറം-1624, കോഴിക്കോട്-275, കണ്ണൂർ-1,496, കാസർകോട്-388 ഹെക്ടർ എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പൂർണമായും കൃഷി നശിച്ചതിന്റെ വിവരങ്ങൾ.

സംസ്ഥാനത്ത് വാഴകൃഷിയാണേറ്റവും കൂടുതൽ നശിച്ചത്. 4,809 ഹെക്ടറിലെ 586 കോടിയുടെ വാഴകൃഷി നശിച്ചു. 18,144 ഹെക്ടറിൽ നെൽകൃഷി നശിച്ചു. പച്ചക്കറി കൃഷിയിൽ 104 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴ കൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നവർ ഒലിച്ചുപോയ കൃഷിയിടങ്ങൾ നോക്കി കണ്ണീരൊഴുക്കുകയാണ്. പേമാരിയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരിതം വിതച്ച വടക്കൻ ജില്ലകളിലെ കൂടുതൽ പ്രദേശങ്ങളിലും അടുത്ത കാലത്തൊന്നും കൃഷി ചെയ്യാനാകാത്ത സ്ഥിതിയാണ് വന്നു ചേർന്നിട്ടുള്ളത്.ആലപ്പുഴയുൾപ്പെടെ സംസ്ഥാനത്തെ നെല്ലറകളിലൊക്കെയും പ്രളയം കർഷകർക്ക് കണ്ണീരാണ് ബാക്കി നൽകിയത്.

കണ്ണൂർ,കോഴിക്കോട്,തൃശൂർ,കോട്ടയം,മലപ്പുറം,വയനാട് ജില്ലകളിലെ കാർഷിക ഗ്രാമങ്ങളിൽ നിന്നെല്ലാം കൃഷിയിടങ്ങളെ തുടച്ചുനീക്കിയാണ് പ്രളയജലം പിൻവാങ്ങിയത്. തൃശൂർ,കണ്ണൂർ ജില്ലകളിലെ കോൾ മേഖല പൂർണമായി തകർന്നു. ഇരുപ്പ് കൃഷിയിറക്കാൻ തീരുമാനിച്ച പാടശേഖരങ്ങളായിരുന്നു അവ. പ്രളയക്കെടുതിയിൽ പെരിയാറിന്റെയും ചാലക്കുടിയുടെയും തീരപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കുത്തിയൊലിച്ചതോടെ ഓണക്കാലത്ത് വിളവെടുക്കാൻ നിർത്തിയിരുന്ന കാർഷിക വിളകളെല്ലാം നശിച്ചു. കഴിഞ്ഞ പ്രളയത്തിലും കാര്യമായ കൃഷി നാശമുണ്ടായിരുന്നു.

ശീതകാല പച്ചക്കറി കർഷകരുടെ കേന്ദ്രമായ വട്ടവടയിലെ കൃഷികളുൾെപ്പടെ കനത്തമഴയിൽ ചീഞ്ഞഴുകി.1,753 ഹെക്ടറിലെ പച്ചക്കറിയാണ് നശിച്ചത്. ഇടതടവില്ലാതെ പെയ്ത മഴയിൽ ഇതുവരെ തകർന്നത് 1,057 വീടുകളാണ്. 11,157 വീടുകൾ ഭാഗികമായും തകർന്നു. ചത്തുപോയ ആയിരത്തോളം വളർത്തു മൃഗങ്ങളിൽ 200 എണ്ണം കന്നുകാലികളാണ്. 1,500ലധികം തൊഴുത്തുകൾ തകർന്നു. ക്ഷീര മേഖലയിൽ 19.7 കോടിയോളമാണ് നിലവിലെ കണക്ക് പ്രകാരം നഷ്ടം.