കേന്ദ്രമന്ത്രി വിളിച്ചപ്പോള്‍ കേന്ദ്ര സഹായം ആവശ്യമില്ലെന്ന് പറഞ്ഞിട്ടില്ല; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

Posted on: August 14, 2019 2:57 pm | Last updated: August 14, 2019 at 7:51 pm

തിരുവനന്തപുരം: പ്രളയത്തില്‍പ്പെട്ടുഴലുന്ന സംസ്ഥാനത്തിന് സാമ്പത്തിക സഹായം ആവശ്യമില്ലെന്നു കേന്ദ്രത്തോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റാ വിളിച്ചിരുന്നു. എന്നാല്‍ സഹായം ആവശ്യമില്ലെന്നും പറഞ്ഞിട്ടില്ല. ഹിന്ദി അറിയാത്തതുകൊണ്ടു സംസാരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തമ്മിലാണു സംസാരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മഴക്കെടുതി നേരിടാന്‍ കേരളം ആവശ്യപ്പെട്ടതെല്ലാം കേന്ദ്രം നല്‍കിയിട്ടുണ്ടെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. ദുരന്തനിവാരണ സേനയടക്കം കൂടുതല്‍ സഹായം വേണമെങ്കില്‍ നല്‍കും. സിപിഎമ്മിന്റെ ഡല്‍ഹിയിലെ നേതാക്കള്‍ സംസ്ഥാനത്തെ സാഹചര്യം അറിഞ്ഞല്ല പ്രതികരിക്കുന്നതെന്നും മന്ത്രി ആരോപിച്ചിരുന്നു. മഴക്കെടുതി നേരിടാന്‍ കേരളത്തിന് 52.27 കോടി രൂപയുടെ കേന്ദ്രസഹായം പ്രഖ്യാപിച്ചതായി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.