Ongoing News
ദുരിത ബാധിതർക്ക് സാന്ത്വനവുമായി എസ് വൈ എസ് നേതാക്കൾ

കൽപ്പറ്റ: ഉരുൾപൊട്ടലിൽ ഒരു ഗ്രാമം തന്നെ മണ്ണിനടിയിലായി ദുരന്തഭൂമിയായി മാറിയ മേപ്പാടിയിലെ പുത്തുമല എസ് വൈ എസ് സംസ്ഥാന നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങളുടെയും ഡോ:എപി അബ്ദുൽ ഹകീം അസ്ഹരിയുടെയും നേതൃത്വത്തിലായിരുന്നു സന്ദർശനം.
ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളും മറ്റും നേരിൽ കണ്ട ശേഷം പ്രദേശവാസികളോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും വിവരങ്ങൾ അന്വേഷിച്ചു. മൃത ശരീരങ്ങൾക്കായി തെരച്ചിൽ നടത്തുന്ന സാന്ത്വനം വളണ്ടിയർമാരും മറ്റു സന്നദ്ധപ്രവർത്തകരും സ്ഥിതിഗതികൾ വിശദീകരിച്ചു.
ഉരുൾപൊട്ടലിൽ മരിച്ച പലരുടെയും കുടുംബങ്ങൾ നേതാക്കളോട് കണ്ണീരോടെ തങ്ങളുടെ ഉറ്റവരെ ഇനിയും കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ കണ്ടുനിന്നവരുടേയും കണ്ണുകൾ നിറഞ്ഞു. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന ക്യാമ്പിലും നേതാക്കളെത്തി. കൂടപ്പിറപ്പുകൾ നഷ്ടപ്പെട്ട പലരും വിതുമ്പിയും പൊട്ടിക്കരഞ്ഞുമാണ് തങ്ങൾ നേരിട്ട ദുരന്തം വിശദീകരിച്ചത്. ഇനി ഞങ്ങളെങ്ങോട്ടാണ് പോകേണ്ടതെന്ന ചോദ്യത്തിന് മുന്നിൽ നിങ്ങളൊറ്റക്കല്ല ഞങ്ങളുമുണ്ട് കൂടെയെന്ന് നേതാക്കൾ ആശ്വസിപ്പിച്ചു. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട അന്യസംസ്ഥാന കുടുംബങ്ങളും വേദനകൾ പങ്കുവെച്ചു. സുന്നി പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് കഴിയാവുന്ന എല്ലാ സഹായങ്ങളുമുണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു.
ഇനിയും കണ്ടുകിട്ടാത്ത മൃതശരീരങ്ങൾക്കായി എർത്ത് സ്‌കാനർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുപയോഗിച്ച് പരിശോധനകൾ നടത്തണമെന്ന് നേതാക്കൾ സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ എസ് ശറഫുദ്ദീൻ, എം മുഹമ്മദ് സ്വാദിഖ്, അബൂബക്കർ മാസ്റ്റർ പടിക്കൽ, ആർ പി ഹുസൈൻ മാസ്റ്റർ, മുഹമ്മദ് സഖാഫി ചെറുവേരി, സി എം നൗഷാദ്, അബൂബക്കർ സഖാഫി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഭൂമി സ്‌കാന്‍ ചെയ്യുന്ന മെഷീന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിച്ച് പുത്തുമലയിലും കവളപ്പാറയിലും ഇനിയും കണ്ടെത്താനുള്ള ആളുകളെ പെട്ടെന്ന് തിരിച്ചറിയാനുതകുന്ന നടപടികള്‍ എടുക്കണമെന്ന് എളമരം കരീം എം പിയോട് നേതാക്കള്‍ ആവശ്യപ്പട്ടു.
പ്രളയക്കെടുതി ഉണ്ടായത് മുതല്‍ പുത്തുമലയടക്കമുള്ള പ്രദേശങ്ങളില്‍ എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പെരുന്നാള്‍ ദിനത്തില്‍ നിരവധി ക്യാമ്പുകളില്‍ ഭക്ഷണമുണ്ടാക്കി നല്‍കിയും വിവിധ സ്ഥലങ്ങളില്‍ നിന്ന് അവശ്യ വസ്തുക്കള്‍ ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിച്ചും വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍ വീടുകള്‍ വൃത്തിയാക്കി വാസയോഗ്യമാക്കാനുള്ള ശ്രമങ്ങളിലും ഇവര്‍ രംഗത്തുണ്ട്.
എസ് വൈ എസിനു കീഴില്‍ നടക്കുന്ന വിവിധ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോഴും മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും നിര്‍ദേശ പ്രകാരം സര്‍ക്കാറിന് കീഴില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് സാമ്പത്തികമായും വിഭവപരമായും സംഭാവനകള്‍ സ്വീകരിക്കുന്നതിലും സാന്ത്വനം മുന്നിലുണ്ട്.