National
വെടിവെപ്പുണ്ടായ ഉംബയില്‍ പ്രിയങ്ക സന്ദര്‍ശനം നടത്തി; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ടു

ലക്‌നൗ: ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഭരണ ഘടനാ വിരുദ്ധവും ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഒരു മാസം മുമ്പ് ഭൂമിത്തര്‍ക്കവുമായി ബന്ധപ്പെട്ട് പത്ത് ആദിവാസികള്‍ വെടിയേറ്റു മരിച്ച യു പിയിലെ സോന്‍ഭദ്ര ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി പൂര്‍ണമായും ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ടതായ ചില അടിസ്ഥാന തത്വങ്ങളും ചട്ടങ്ങളുമുണ്ട്. അവയൊന്നും പാലിച്ചിട്ടില്ല.
കൂട്ടക്കൊലയെ തുടര്‍ന്ന് സോന്‍ഭദ്ര ജില്ലയിലെത്തിയ തന്നെ സംഭവ സ്ഥലം സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പു സമരം നടത്തിയ ഉംബ ഗ്രാമം പ്രിയങ്ക സന്ദര്‍ശിച്ചു. വാരണാസിയില്‍ നിന്ന് 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രിയങ്ക ഇവിടെയെത്തിയത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അവര്‍ കൂടിക്കാഴ്ച നടത്തി.
“ഉംബയിലെ സഹോദരീ സഹോദരന്മാരെ കണ്ട് ക്ഷേമമന്വേഷിക്കുന്നതിനും ഇരകളുടെ ബന്ധുക്കളുടെ സമരത്തിന്റെ ഭാഗമാകുന്നതിനും വേണ്ടിയാണ് ജില്ലയിലെത്തിയതെന്ന് രാവിലെ വാരണാസിയില്‍ വിമാനമിറങ്ങിയയുടന്‍ പ്രിയങ്ക ട്വീറ്റ് ചെയ്തു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രിയങ്ക നേരത്തെ പത്തുലക്ഷം രൂപ വീതം നല്‍കിയിരുന്നു.