Kerala
പ്രളയം: നിലമ്പൂരില്‍ കോടികളുടെ നഷ്ടം


നിലമ്പൂര്‍ നഗരത്തിലെ നിരത്തുകള്‍ ചെളി നിറഞ്ഞ നിലയില്‍.
നിലമ്പൂര്‍: മഴ പൊയ്‌തൊഴിയുമ്പോള്‍ നിലമ്പൂരില്‍ ബാക്കി വെച്ചത് വിരഹ വേദനകള്‍ മാത്രമല്ല കോടികളുടെ സാമ്പത്തിക നഷ്ടം കൂടിയാവുമാണ്. താലൂക്കില്‍ 56 വീടുകള്‍ പൂര്‍ണമായും 408 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ കണക്കെടുപ്പ് പൂര്‍ണമാകുന്നതോടെ തകര്‍ന്നടിഞ്ഞ വീടുകളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുമെന്നുറപ്പാണ്.

വെള്ളം കയറിയതിനെ തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ പുറത്തേക്കിറക്കി വൃത്തിയാക്കുന്നു
കഴിഞ്ഞ പ്രളയത്തിലും മുന്‍കാലങ്ങളിലെ പ്രകൃതിക്ഷോഭങ്ങളിലും വീടുകളുടെ തകര്‍ച്ചയായിരുന്നു വലിയ സാമ്പത്തിക നഷ്ടമെങ്കില്‍ ഇത്തവണ വ്യാപാര സ്ഥാപനങ്ങള്‍ക്കും കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. പ്രളയം നാശം വിതച്ച നിലമ്പൂര്‍,എടക്കര, മമ്പാട് ടൗണുകളില്‍ എങ്ങിനെ തിരിച്ച് വരുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികള്‍. നിലമ്പൂര്‍ പോസ്റ്റ് ഓഫീസ് മുതല്‍ താഴെ ചന്തക്കുന്ന് വരെയുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തില്‍ തകര്‍ന്നടിഞ്ഞു. ജനതപ്പടി, മിനര്‍വ്വപ്പടി ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ രണ്ടാം
നിലയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍പോലും പ്രളയത്തില്‍ നാമാവശേഷമായി.
ബഹുനിലകളിലായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് രണ്ടാം നിലയിലേക്ക് വില്‍പ്പന ചരക്കുകള്‍ മാറ്റിയെങ്കിലും വെള്ളം ഉയര്‍ന്നതോടെ എല്ലാം നഷ്ടമായി. പെരുന്നാള്‍ വിപണി ലക്ഷ്യമാക്കി കുടുതല്‍ സ്റ്റോക്ക് എത്തിച്ച വസത്ര വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് പ്രളയം നല്‍കിയത്. നഷ്ടം ഓര്‍ക്കാന്‍ കഴിയില്ലെങ്കിലും തിരിച്ചുപിടിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ കടകള്‍ ശുചീകരിച്ച് വ്യാപാരം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. വായ്പയെടുത്തും മറ്റും തുടങ്ങിയ സ്ഥാപനങ്ങള്‍ എങ്ങിനെ നഷ്ടം നികത്തുമെന്നറിയാതെ വിഷമിക്കുകയാണ് വ്യാപാരികള്‍.