രാഹുല്‍ ഗാന്ധി കേരളത്തില്‍; കവളപ്പാറ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

Posted on: August 11, 2019 3:04 pm | Last updated: August 11, 2019 at 7:32 pm

കരിപ്പൂര്‍: പ്രളയ ദുരന്തം നേരിട്ടറിയുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായി വയനാട് എം പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ഉച്ചക്കു ശേഷം 2.30ഓടെ കെ സി വേണുഗോപാലിനൊപ്പമാണ് രാഹുല്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സ്വീകരിച്ചു.

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ പോത്ത്കല്ല് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പ് അദ്ദേഹം സന്ദര്‍ശിച്ചു. മമ്പാട് എം ഇ എസ് കോളജിലെ ദുരിതാശ്വാസ ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും. തുടര്‍ന്ന് പ്രളയ ബാധിതമായ എടവണ്ണയിലേക്ക് പോകും. രാത്രി 7.30ന് മലപ്പുറം കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗത്തില്‍ സംബന്ധിക്കും.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന അദ്ദേഹം നാളെ വയനാട്ടിലേക്ക് തിരിക്കും. ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പ സന്ദര്‍ശിച്ച ശേഷം വയനാട് കലക്ടറേറ്റിലെ അവലോകന യോഗത്തില്‍ പങ്കെടുക്കും. എന്നാല്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തേക്ക് അദ്ദേഹം പോകുമോയെന്ന കാര്യം വ്യക്തമല്ല. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലുണ്ടായ പ്രളയത്തില്‍ ഏറ്റവും നാശമുണ്ടായത് ലോക്‌സഭയില്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലുള്‍പ്പെട്ട പ്രദേശങ്ങളിലാണ്.