Sports
ഗോള്‍ മഴയോടെ തുടക്കം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് ഗോള്‍മഴയോടെ തുടക്കം. ചാമ്പ്യന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയും റണ്ണേഴ്‌സപ്പായ ലിവര്‍പൂളും ഗോളടിച്ചു കൊണ്ട് തന്നെ ആദ്യ മത്സരം ആഘോഷമാക്കി. വെസ്റ്റ്ഹാം യുനൈറ്റഡിന്റെ തട്ടകത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചു കയറിയത്.
ലിവര്‍പൂള്‍ ഹോം മാച്ചില്‍ 4-1ന് നോര്‍വിച് സിറ്റിയെയും തകര്‍ത്തു. ബണ്‍ലിയും ബ്രൈറ്റണ്‍ ഹോവ് ആല്‍ബിയനും മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജയിച്ചത്.
വെസ്റ്റ്ഹാമിനെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളാണ് സിറ്റി നേടിയത്. നാല് ഗോളുകള്‍ രണ്ടാം പകുതിയിലായിരുന്നു. ഇരുപത്തഞ്ചാം മിനുട്ടില്‍ ബ്രസീലിയന്‍ ഗബ്രിയേല്‍ ജീസസാണ് ഗോളടിക്ക് തുടക്കമിട്ടത്.
എന്നാല്‍, സ്‌റ്റെര്‍ലിംഗിന്റെ ഹാട്രിക്ക് വരാനിരിക്കുന്നുണ്ടായിരുന്നു. 51,75,90 മിനുട്ടുകളില്‍ സ്‌റ്റെര്‍ലിംഗ് സീസണിലെ ആദ്യ ഹാട്രിക്ക് കുറിച്ചു. സെര്‍ജിയോ അഗ്യുറോ എണ്‍പത്താറാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ വല കുലുക്കി.
കിരീടം നിലനിര്‍ത്താനുള്ള കരുത്ത് പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് പെപ് ഗോര്‍ഡിയോളയും സംഘവും എവേ മാച്ച് പൂര്‍ത്തിയാക്കി മടങ്ങിയത്. പ്രീമിയര്‍ ലീഗില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഈ മത്സരത്തില്‍.
ഗബ്രിയേല്‍ ജീസസ് നേടിയ ഗോള്‍ വീഡിയോ പരിശോധനയിലൂടെ നിഷേധിച്ചത് പ്രീമയിര്‍ ലീഗിലെ ആദ്യ വാര്‍ സംഭവമായി. രണ്ടാം പകുതിയിലായിരുന്നു ഇത്. ജീസസിന്റെ ഗോളില്‍ സിറ്റി 3-0ന് മുന്നിലെത്തി.
പക്ഷേ, ഇത് ഓഫ് സൈഡായിരുന്നുവെന്ന് വാര്‍ തെളിയിച്ചു. ഇതോടെ, ജീസസിന്റെ ഗോള്‍ റദ്ദാക്കി.
സെര്‍ജിയോ അഗ്യുറോഎടുത്ത പെനാല്‍റ്റിയിലും വാര്‍ നാടകീയത കണ്ടു. അഗ്യുറോയുടെ ഷോട്ട് ലുകാസ് ഫാബിയന്‍സ്‌കി തടഞ്ഞു. പക്ഷേ, ബോക്‌സിലേക്ക് എതിര്‍ താരം കയറിയെന്ന് കാണിച്ച് റീടേക്ക് അനുവദിച്ചു. വാര്‍ നല്‍കിയ ആനുകൂല്യമായിരുന്നു ഇത്. അഗ്യുറോക്ക് ഇത്തവണ ലക്ഷ്യം പാളിയില്ല.
കഴിഞ്ഞ സീസണില്‍ പതിനേഴ് ഗോളുകള്‍ നേടിയ റഹീം സ്‌റ്റെര്‍ലിംഗ് ആദ്യ കളിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടിക്കൊണ്ട് മികവറിയിച്ചിരിക്കുന്നു. ഇത്തവണ ഇരുപതിലേറെ ഗോളുകളാണ് താരം ലക്ഷ്യമിടുന്നത്. കളിയിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്റ്റെര്‍ലിംഗ് കരസ്ഥമാക്കി.
പ്രീമിയര്‍ ലീഗിലെ അവസാന പതിനഞ്ച് മത്സരങ്ങളും ജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കുതിപ്പ് തുടരുകയാണ്. പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ തന്നെ ഹാട്രിക്ക് നേടുന്ന എട്ടാമത്തെ താരമാണ് സ്റ്റെര്‍ലിംഗ്.
2010-11 സീസണില്‍ ദിദിയര്‍ ദ്രോഗ്ബ ഹാട്രിക്ക് നേടിയതിന് ശേഷം സ്‌റ്റെര്‍ലിംഗിലൂടെയാണ് പ്രീമിയര്‍ ലീഗ് ഓപണിംഗ് ഹാട്രിക്ക് കാണുന്നത്.
നോര്‍വിച് സിറ്റിയെ ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ തന്നെ തകര്‍ത്തിരുന്നു.
ഏഴാം മിനുട്ടിലെ സെല്‍ഫ് ഗോളില്‍ തുടങ്ങി. പത്തൊമ്പതാം മിനുട്ടില്‍ മുഹമ്മദ് സലയിലൂടെ ലീഡ് വര്‍ധിപ്പിച്ചു.
വാന്‍ ഡിക്കിലൂടെ മൂന്നാം ഗോള്‍. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ഒറിഗി പട്ടിക തികച്ചു. രണ്ടാം പകുതിയില്‍ പുക്കിയിലൂടെ നോര്‍വിച് സിറ്റി ആശ്വാസ ഗോളടിച്ചു.
ഡിവോക് ഒറിഗിയാകും സീസണില്‍ ലിവര്‍പൂളിന്റെ തുറുപ്പ് ചീട്ട്. ആദ്യ മിനുട്ടുകളില്‍ ഒറിഗി നടത്തിയ മുന്നേറ്റം എതിര്‍ ബോക്‌സിനെ വിറപ്പിച്ചു.
ഒറിഗിയുടെ ക്രോസ് ബോളാണ് നോര്‍വിച് ക്യാപ്റ്റന്‍ ഗ്രാന്റ് ഹാന്‍ലിയുടെ ദേഹത്ത് തട്ടി വലയില്‍ കയറിയത്. റോബര്‍ട്ടോ ഫിര്‍മിനോയുടെ പാസില്‍ സല തന്റെ സീസണ്‍ എക്കൗണ്ട് തുറന്നതും സൂചനയാണ്.
മികച്ച വിജയം നേടിയതില്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് സന്തോഷം പ്രകടിപ്പിച്ചു.