അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന ആവശ്യം ചൊവ്വാഴ്ച പരിഗണിക്കും

Posted on: August 9, 2019 4:44 pm | Last updated: August 9, 2019 at 11:45 pm


തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ചുകൊന്ന കേസിൽ എ ഐ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരായ അന്വേഷണം കോടതി നിയന്ത്രണത്തിൽ വേണമെന്ന സിറാജ് മാനേജ്‌മെന്റിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മൂന്ന് കോടതി ഈ മാസം 13ന് പരിഗണിക്കും.
സിറാജ് മാനേജ്‌മെന്റ് അഭിഭാഷകൻ മുഖേന സമർപ്പിച്ച ഇതുസംബന്ധിച്ച ഹരജിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എ അനീസ മാറ്റിയത്.

നിലവിൽ പഴയ അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കുകയും അവർ അന്വേഷണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ സംഘത്തിന്റെ റിപ്പോർട്ട് വന്ന ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിൻ ടെസ്റ്റിന് വിധേയമാക്കണമെന്നും അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വാഹന ഉടമയെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നുംതുടങ്ങിയുള്ള ആവശ്യങ്ങളാണ് സിറാജ് മാനേജ്‌മെന്റ് കോടതിക്ക് മുമ്പാകെ വെച്ചത്. എന്നാൽ പുതിയ അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഈ മാസം 13 ന് വരുമെന്നതിനാലാണ് ഇത് ലഭിച്ച ശേഷം പരിഗണിക്കാനായി മാറ്റിവെച്ചത്. സിറാജ് മാനേജ്‌മെന്റിനായി തിരുവനന്തപുരം യൂനിറ്റ് ചെയർമാൻ സഎ സൈഫുദ്ദീൻ ഹാജി സമർപ്പിച്ച ഹരജിയിൽ അഭിഭാഷകനായ രാജു ജോർജാണ് കോടതിയിൽ ഹാജരായത്.