Kerala
പ്രളയം, ഉരുള്‍പൊട്ടല്‍; ഇതുവരെ മരണം 44, നിരവധി പേര്‍ മണ്ണിനടിയില്‍ - LIVE BLOG

കോഴിക്കോട്/മലപ്പുറം/വയനാട്: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും പെട്ട് മരിച്ചത് 33 പേര്‍. മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലാണ് ഇതില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായത്. പത്തു പേരാണ് ഇവിടെ മരിച്ചത്. 30ഓളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കൃത്യമായ വിശദാംശങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളൂ.
വയനാട് പുത്തുമലയില്‍ ഒമ്പതു പേരുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തു. നിരവധി പേരെ നേരത്തെ തന്നെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നതിനാല്‍ മരണ സംഖ്യ വലിയ തോതില്‍ കുറഞ്ഞു. മലപ്പുറം എടവണ്ണയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ നാലുപേരും വടകര വില്ലങ്ങാട് മണ്ണിടിഞ്ഞു വീണ് നാലുപേരും മരിച്ചു. വില്ലങ്ങാട് മൂന്നു വീടുകളാണ് പൂര്‍ണമായും മണ്ണിനടിയിലായത്. മലബാറിലെ പ്രധാന പട്ടണങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
കോഴിക്കോട് ജില്ലയില്‍ തീരപ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പുഴകളെല്ലാം പാലങ്ങളെ പോലും മുക്കുന്ന രൂപത്തില്‍ കവിഞ്ഞൊഴുകുകയാണ്. ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ നാലും വെള്ളത്തില്‍ വീണ് നാലും മിന്നലേറ്റ് ഒരാളുമാണ് മരിച്ചത്. തൃശൂരില്‍ തോണി മറിഞ്ഞ് വൈദ്യുതി ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയറും കണ്ണൂരില്‍ വെള്ളക്കെട്ടില്‍ പെട്ട് ഒരാളും മരിച്ചു.
സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളെ പ്രതികൂല കാലാവസ്ഥ പ്രതികൂലമായി ബാധിച്ചു. ഭൂരിഭാഗം സര്‍വീസുകളും നിലച്ച നിലയിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. കക്കയം പവര്‍ ഹൗസിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് വൈദ്യുതോത്പാദനം പൂര്‍ണമായി നിര്‍ത്തിവച്ചു.