Kerala
പുത്തുമല ഉരുള്‍പൊട്ടല്‍: നാല് മൃതദേഹം കണ്ടെടുത്തു

പുത്തുമല ഉരുള്‍പൊട്ടല്‍: നാല് മൃതദേഹം കണ്ടെടുത്തു
മേപ്പാടി: വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഒരു കുട്ടിയും രണ്ട് സ്ത്രീകളുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് കണ്ടെടുത്തത്. പുരുഷന്‍ തമിഴ്‌നാട് സ്വദേശിയാണ്.
കനത്ത മഴയും ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ചെങ്കുത്തായ സ്ഥലമായതിനാല്‍ ജെ സി ബി എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുമാകുന്നില്ല. ദുരന്തനിവാരണ സേനയും സൈന്യവുമാണ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ നൂറേക്കറോളം സ്ഥലമാണ് ഒലിച്ച് പോയത്.
വന്‍ ഉരുള്‍പൊട്ടലില്‍ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. ഇവിടെ നാല്‍പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയെന്നാണ് കരുതുന്നത്.
നിരവധി വീടുകള്‍, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടല്‍ എന്നിവ പൂര്‍ണമായി മണ്ണിനടിയിലായി. ദുരന്തസമയത്ത് പാര്‍പ്പിട കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആളുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കല്‍പറ്റയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പ്ലാന്റേഷന്‍ ഗ്രാമമായ പുത്തുമലയില്‍ 60 കുടുംബങ്ങളാണ് താമസിക്കുന്നത്.