Ongoing News
ശ്രീറാം മദ്യപിച്ചിരുന്നുവെന്നത് വ്യക്തം; കേസില്‍ പഴുതടച്ച അന്വേഷണം നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട സമയത്ത് ശ്രീറാമിനെ കണ്ടവരെല്ലാം അദ്ദേഹം നന്നായി മദ്യപിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കരുതെന്ന കാര്യം ശ്രീറാമിന് അറിയാത്ത കാര്യമല്ല. ഇനി മദ്യപിച്ചിരുന്നില്ല എന്ന ശ്രീറാമിന്റെ വാദം ശരിയാണെങ്കില്‍ത്തന്നെ അമിത വേഗതയില്‍ വാഹനമോടിക്കരുതെന്ന് അദ്ദേഹത്തിന് അറിയേണ്ടതല്ലേ- തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കാര്യങ്ങള്‍ അറിയാത്ത ഒരാള്‍ തെറ്റു ചെയ്യുന്നതു പോലെയല്ല, എല്ലാമറിയാവുന്ന ഒരാള്‍ തെറ്റു ചെയ്യുമ്പോള്‍. രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശം കാണാതിരിക്കാനുള്ള എന്തെങ്കിലും മരുന്ന് ശ്രീറാം ഉപയോഗിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കും. പഴുതടച്ച അന്വേഷണമാണ് കേസില്‍ നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.