Kerala
ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: മദ്യലഹരിയില്‍ കാറോടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മജിസ്‌ട്രേറ്റ് അനുവദിച്ച ജാമ്യം നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. രാവിലെ കോടതി നടപടികള്‍ ആരംഭിച്ച സമയത്താണ് ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി ഹരജി സമര്‍പ്പിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടിയത്. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചുകൊണ്ട് ഹരജി സമര്‍പ്പിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. ഹര്‍ജി ബുധനാഴ്ച ഉച്ചക്ക് ശേഷം കോടതി പരിഗണിക്കും.
നരഹത്യകുറ്റം തെളിയിക്കണമെങ്കില്‍ മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കേണ്ട ബാധ്യതയില്ലെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുക. ഐപിസി 301 വകുപ്പ് സ്വതന്ത്രമായി തന്നെ നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ വാദിക്കും. ഇക്കാര്യം ഹരജി പരിഗണിക്കുമ്പോള്‍ കോടതി മുമ്പാകെ സര്‍ക്കാര്‍ ഉന്നയിക്കും. പ്രതിയുടെ ജാമ്യഹര്‍ജി പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍ ശരിയല്ല. സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തേണ്ട കേസില്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ജാമ്യം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വാദിക്കും.
കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോര്‍ട്ട് നിര്‍ണായക തെളിവാക്കിയാണ് ശ്രീറാം വെങ്കിട്ടരാമമന് കോടതി ജാമ്യം നല്‍കിയിരുന്നത്. സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കൃത്യംചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ശ്രീറാം വാഹനമോടിച്ച സമയത്ത് മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കൂടാതെ മ്യൂസിയം എസ്‌ഐയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അപകടം നടന്ന് ഒമ്പത് മണിക്കൂര്‍ വൈകി രക്തസാംപിള്‍ പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചത് പ്രതിക്ക് ജാമ്യം ലഭിക്കാനിടയാക്കുകയായിരുന്നു. ഇതേത്തടര്‍ന്ന് ശ്രീറാമിന്റെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ ചൊവ്വാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.