ലോൺ പലിശയും ടാക്‌സും: ചേർച്ചയില്ലാത്ത ഇണകൾ

Posted on: August 6, 2019 4:00 pm | Last updated: August 6, 2019 at 4:02 pm

ശ്ശെ! അങ്ങനെ ചെയ്യരുതായിരുന്നു, മോശമായിപ്പോയി!! ക്ലാസെല്ലാം കഴിഞ്ഞ് വീട്ടിലെത്തി കിടക്കാന്നേരം അന്നന്നത്തെ പ്രവർത്തനങ്ങളിൽ ‘റിഫ്ളക്ഷൻ’ നടത്തുന്ന വേളയിലാണ് എനിക്കിങ്ങനെ തോന്നിയത്. നമ്മൾ ചെയ്ത ഒരു പോരാത്തരമോർത്ത് നമ്മൾ തന്നെ സങ്കടപ്പെടേണ്ടി വരിക എന്നത് സങ്കടകരമാണ്. കേൾക്കൂ, എന്താണ് കാര്യമെന്ന്.
ഈയിടെ ഒരധ്യാപക സംഗമത്തിൽ “പാരഡൈം ഷിഫ്റ്റ് ഇൻ പെഡഗോജിക് ഇന്നവേഷൻസ്’ എന്ന വിഷയത്തിൽ ഒന്നര മണിക്കൂർ സംസാരിക്കാൻ അവസരം കിട്ടി.

ആധുനികതയുടെ ആകാശവും ഭൂമിയും കൊച്ചുസ്‌ക്രീനുകൂളിൽ കുടുങ്ങിപ്പോയ ഒരു കാലത്ത് അധ്യാപനം ഏതെല്ലാം വിധേന ജാഗ്രത്തായിരിക്കണം എന്നതിൽ ഊന്നിയാണ് സംസാരം പോകുന്നത്. ഒന്നര മണിക്കൂർ തീർത്തും വിഷയത്തിന്റെ നടുമുറിക്കണ്ടത്തിൽ കേന്ദ്രീകരിക്കാൻ മാത്രം കൈയിൽ മരുന്നില്ലായ്കയാൽ, വിഷയവുമായി അകന്ന ബന്ധമുള്ള കാര്യങ്ങളെ കൂടി ബലാത്കാരമായി പറഞ്ഞടുപ്പിക്കുന്ന ഒരു തന്ത്രശൈലിയിലാണ് അവതരണം മുന്നോട്ടുപോകുന്നത്. അത് പൊതുവെ നമ്മളെല്ലാവരും/ അധികപേരും അങ്ങനെയാണ്; മുഴുനീള ഭാഷണത്തിൽ ആദ്യമധ്യാന്തം വിഷയത്തിന്റെ മർമത്തിൽ ആങ്കർ ചെയ്യണമെന്നില്ല. കുറേ കാടും പടലും പറിച്ചിട്ട് നിറക്കൽ തന്നെയാണ്. അത് തെറ്റ് എന്ന് പറഞ്ഞുകൂടാത്തൊരു ശരികേടായി സമൂഹം അംഗീകരിച്ച് തന്നതുമാണ്.

മൂന്ന് സ്‌കൂളുകളിലെ മാഷുമാരും ടീച്ചർമാരും അടക്കം മൊത്തം മുന്നൂറ്റിയേഴ് പേർ സന്നിഹിതരായിട്ടുണ്ട്. അഞ്ചെട്ട് പേർ ഒത്താശക്കാരായി തലങ്ങും വിലങ്ങും നടക്കുന്നതല്ലാതെ എന്റെ വിഷയാവതരണത്തെ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നത് ഞാൻ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. അവസരങ്ങളെ കാത്തിരിക്കരുത്, ആകസ്മികതകളെ അവസരങ്ങളാക്കി മാറ്റണമെന്നത് മേത്തരം ദഅവ ടാക്ടിക് ആയി വെണ്ണക്കോട് ബശീർ ഫൈസി ഉസ്താദ് പഠിപ്പിച്ചുതന്നതാണ്. ആ നിലക്ക്, പ്രഭാഷണം തീരാൻ നേരത്ത് ഞാൻ സദസ്സിന്റെ മുമ്പാകെ കഠിനമായ ഒരു ചോദ്യം തീയുരച്ചിട്ടു. ചോദ്യമിതായിരുന്നു: “നിങ്ങളുടെ കൂട്ടത്തിൽ ഹൗസിംഗ് ലോൺ എടുത്തവർ എത്ര പേരുണ്ട്, ഒന്ന് കൈ പൊക്കിയാട്ടെ.’

തലക്ക് കുത്ത് കിട്ടിയ പാമ്പിനെ പോലെ സദസ്സൊന്ന് പുളഞ്ഞു. പിന്നെയൊന്ന് ചുറഞ്ഞ് പിടച്ചു. ശേഷം വാല് വിറപ്പിച്ചു. തുടക്കത്തിൽ ഒന്നുരണ്ട് കൈകൾ ആലസ്യത്തോടെ പൊങ്ങി. പിന്നെയത് പെരുത്തുവന്നു. ഒടുക്കം അതൊരു സമരാഹ്വാനം പോലെ ആസകലം വിടർന്നുലഞ്ഞു. എണ്ണി നോക്കുമ്പോൾ കൈ പൊക്കാത്തവർ വെറും ഏഴ്! ഒത്താശക്കാരായി ഓടിനടന്ന ഏഴ് മൊഴകളും കൈ പൊക്കിയതായി ഭംഗ്യന്തരേണ ഞാൻ നോട്ട് ചെയ്തു.
ബേങ്കിൽ നിന്ന് പലിശക്ക് ലോണെടുത്ത് വീട് വെക്കാൻ നിങ്ങളെ പ്രേരിപ്പിച്ച “യാ ഒരു വസ്തു എന്താകുന്നു’ എന്നായി പിന്നെ ഞാൻ. മൂന്നുപേർക്ക് മൈക്കിന് മുന്നിൽ വന്ന് തുറന്നുപറയാൻ അവസരം കൊടുത്തു. അതിൽ ഒരാൾ പറഞ്ഞത്, അത് ലാഭകരമാണ്. 20 ലക്ഷം ഹൗസിംഗ് ലോണെടുത്താൽ പലിശയടക്കം 26 ലക്ഷമോ അതിന് മുകളിലോ തിരിച്ചടക്കണമായിരിക്കും. പക്ഷേ, പതിനഞ്ച് കൊല്ലങ്ങൾ കൊണ്ടാണ്. പതിനഞ്ച് വർഷങ്ങൾക്ക് കൊണ്ടാണിത്. അന്ന് ഈയൊരു തുക കൊണ്ട് വീടുണ്ടാക്കാൻ പോയിട്ട് ചുമർ പടവ് ചെയ്യാൻ പോലും ഒക്കില്ല. പഷ്ട് ന്യായം!
മറ്റൊരുത്തൻ പറഞ്ഞത്, ഒരു കുടുംബമാകുമ്പോൾ എന്തായാലും കയറിക്കൂടാൻ ഒരു കൂര വേണ്ടേ, തറവാട് വക ഒന്നും കിട്ടാനില്ലതാനും! സഹായിക്കാനും ആരുമില്ല.

അല്ലെങ്കിലും അല്ലറ ചില്ലറ കടങ്ങൾ വാങ്ങുക എന്നല്ലാതെ 20ഉം 25ഉം ലക്ഷം ഒക്കെ ആര് തരും. നിർവാഹമില്ലാഞ്ഞിട്ട് എടുക്കുകയാണ്! കഷ്ടം!! മറ്റൊരു മൂഷികൻ പറഞ്ഞ മറുപടിയാണ് എന്റെ നാത്തുമ്പത്ത് തീ തേച്ചത്. ഞാൻ പരിസരം മറന്ന് എന്തൊക്കെയോ പറഞ്ഞുപോകുമായിരുന്നു- പക്ഷേ, നാക്കിനെ കൃത്രിമക്ഷമ കൊണ്ട് ലോക്കിട്ട് പൂട്ടി. പല്ല് കടിച്ചുപിടിച്ചു. ആശാൻ പറയുകയാണ്; ലോൺ തുക ആവശ്യമുണ്ടായിട്ടൊന്നുമല്ല; പക്ഷേ ലോണെടുത്താൽ അതിന്റെ പലിശയും ശമ്പളത്തിന്റെ ടാക്‌സും തമ്മിൽ മംഗലം കയ്‌ച്ചോളും- നമ്മള് സലാമത്താകും. വലിയ വിറ്റുകാരൻ എന്ന നിലക്ക് സ്വയം ഇളിച്ചോണ്ടും സദസ്സിനെ ചിരിപ്പിച്ചോണ്ടുമുള്ള അവന്റെ അവതരണം കേട്ടപ്പോൾ എനിക്ക് ആസകലം ചൊറിഞ്ഞുകേറി.

സംഭവം അതാണ്. സർക്കാർ ശമ്പളം പറ്റുന്ന തൊണ്ണൂറ്റി ഒമ്പതേ മുക്കാലരക്കാല് ശതമാനം പേരും ഹൗസിംഗ് ലോണെടുക്കുന്നതായാണ് അറിവ്. സൂക്ഷ്മാന്വേഷണം നടത്തിയാൽ ശതമാനം ച്ചിരി കുറഞ്ഞു എന്ന് വന്നേക്കാം, അത് വിട്! ശരി, ആർക്കും ഒരു വീട് വേണം. “പലിശയില്ലാതെ വീടില്ല’ എന്നിടത്തെത്തി നിൽക്കുന്നു നമ്മുടെ സമൂഹം. ഓരോ മഹല്ലിലും പോയി കണക്കെടുത്തു നോക്കണം- എന്ത്? എത്ര വീടുകളാണ് പലിശപ്പണത്താൽ പൊന്തിയത് എന്ന്? അല്ല! എത്ര വീടുകളാണ് പലിശ തൊടാതെ നിർമിക്കപ്പെട്ടത് എന്ന്.

ശമ്പളത്തിന് മാസാമാസം ടാക്‌സ് അടക്കണമല്ലോ. എന്നാൽ, ഹൗസിംഗ് ലോൺ എടുക്കുന്നവർക്ക്- ആ തുകയുടെ നിരക്കനുസരിച്ച് ടാക്‌സിൽ ഇളവുണ്ട്. ചില കേസുകളിൽ അത് വലിയ ഇളവായി ഭവിക്കും. ഉദാഹരണത്തിന്, പത്ത് ലക്ഷത്തിന് മുകളിലുള്ള വാർഷിക വരുമാനത്തിന് 30 ശതമാനമാണ് ടാക്‌സ് വരിക. അത് വലിയ തുക കാണും. എന്നാൽ, ഹൗസിംഗ് ലോണിന്റെ കണക്ക് വരുമാനക്കണക്കിലേക്ക് കലർത്തിയെഴുതുക വഴി വാർഷിക വരുമാനം പത്ത് ലക്ഷത്തിൽ താഴെ എന്ന വിചിത്രഗണിതത്തിലേക്ക് പകർന്നാടും. ഫലത്തിൽ പ്രതിവർഷം ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ- ചിലപ്പോൾ അതിൽ കൂടുതലും- നികുതിയിളവ് കിട്ടും. അപ്പോൾ ടാക്‌സിനെ പലിശ കൊണ്ട് ചെറുക്കുക എന്നോ പലിശക്കെതിരെ ടാക്‌സ് ഉപയോഗിച്ച് പൊരുതുക എന്നോ ഒക്കെ കുവ്യാഖ്യാനം ചെയ്യാമ്പറ്റും- ഇത് പറ്റുമോ? ഉത്തരം ഒറ്റ വാക്കിൽ: കാഷ്ഠത്തെ മൂത്രം കൊണ്ട് കഴുകാൻ പറ്റുമോ? കഠിനമായിപ്പോയി അല്ലേ ഉത്തരം? ചോദ്യം കഠോരമായതിനാലാണ്, സോറി!

ഒരു സോറി കൂടി, പൊതുസദസ്സിൽ വെച്ച് “ആരൊക്കെയാണ് പലിശപ്പണം പറ്റി വീടു വെച്ചത്, കൈ പൊക്ക്’ എന്ന് പരസ്യമായി ചോദിച്ചതിന്. ക്ലാസിൽ പങ്കെടുത്ത ദാവൂദ് മാഷാണ് അതെന്നോട് പങ്കുവെച്ചത്- ആ പരസ്യച്ചോദ്യം അവർക്ക് കടുത്ത മാനഹാനി വരുത്തിയെന്ന്! അതൊരു മാനസിക സൂക്കേടാണ്. സദസ്സുകളിൽ അവതാരകന്മാർ താരമാകാൻ തരപ്പെടുത്തിയെടുക്കുന്ന ഈ ദൗർബല്യത്തെ നമുക്ക് “ഹെജിമെനിയോമാനിയ’ (മേൽവാഴ്ചാദണ്ണം) എന്ന് പേരിടാം.

ഇതെനിക്ക് മനസ്സിലായത് അരീക്കോട് മജ്മഇൽ പഠിക്കുന്ന കാലത്താണ്. അന്ന് സാഹിത്യ ക്ലാസെടുക്കാൻ വന്നയാൾ “കൊച്ചുകാര്യങ്ങളുടെ ഒടേ തമ്പുരാൻ’ കണ്ടവരുണ്ടെങ്കിൽ കൈ പൊക്കാൻ പറഞ്ഞു. അരുന്ധതി റോയിയുടെ “God of small things’ന് ബുക്കർ പ്രൈസ് കിട്ടി കത്തി നിൽക്കുന്ന കാലമായിരുന്നു. സദസ്സിൽ നിന്ന് നാലഞ്ച് മുതഅല്ലിമുകൾ കൈ പൊക്കി. അപ്പോൾ അവതാരകന്റെ മുഖത്തെ ടെക്‌സ്റ്റർ വ്യതിയാനം ഞാൻ ശ്രദ്ധിച്ചു- സ്വന്തം കുട്ടി കോണിമ്മന്ന് വീണ് കാലൊടിഞ്ഞു എന്ന് കേട്ടപോലെ ആളുടെ മുഖത്ത് കരിനിഴൽ പടരുകയായിരുന്നു. പ്രസ്തുത പുസ്തകം ആരും വായിച്ചിട്ടില്ലെന്നും ആദ്യമായി താങ്കളുടെ തിരുവായയിൽ നിന്നാണ് ഞങ്ങൾ കേൾക്കുന്നത് എന്നും പറഞ്ഞിരുന്നെങ്കിൽ ടിയാന് പെരുത്ത് സന്തോഷമാകുമായിരുന്നു. ദാവൂദേ, നീ കരുതും എന്റെ ചോദ്യം അസ്ഥാനത്താവുക വഴി ഞാൻ അസ്വസ്ഥനാണെന്ന്/ അതിൽ പിന്നെ എനിക്ക് ഉറക്കം കിട്ടിയിട്ടില്ലെന്ന്. നീ അത് പറയുന്നേരം നല്ല തൊലി ചെത്തിയ ശീമക്കൊന്ന കിട്ടാഞ്ഞിട്ടാണ്, ഇേല്ല നിന്റെ ചെപ്പക്കുറ്റിക്കടിച്ച് ചോര വരുത്തിച്ചേനെ. പലിശക്ക് പണം വാങ്ങിയതും പോരാഞ്ഞിട്ട് ഓറുടെ ഒരു “ഉബദേഷം’!

ഫൈസൽ അഹ്‌സനി ഉളിയിൽ
[email protected]