Ongoing News
ലബ്ബൈകിൽ അലിഞ്ഞ്...

“ഇസ് സീഡിയോം പേ ഹമേ ചഡാനേ വാലാ ഹമാരാ നബീ
പർവത് കേ ഊൻ ചായീ പേ ഹമേ പഹൂൻ ചാനേ വാലാ ഹമാരാ നബീ..”
ഹിജ്‌റ 1438 ദുൽഹിജ്ജ നാല്: മദീനയോട് വിട പറയുകയാണ്. ബാബു ഉസ്മാനിലൂടെ പുറത്തേക്കിറങ്ങുമ്പോൾ സൗറിന്റെ താഴ്‌വരയിൽ മുഴങ്ങിയ ഈ വരികൾ മനസ്സിലെത്തി. പാക്കിസ്ഥാനിയെന്ന് തോന്നിക്കുന്ന യുവാവ് കൈകൾ ഉയർത്തി ചൊല്ലുന്നു. കൂടെയുള്ളവർ “അരേ വാ” എന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ശരിയല്ലേ ഓരോ പടികയും പർവതവും താണ്ടിയത് മുത്ത് നബിക്ക് വേണ്ടി. മുത്തു നബി(സ)യെ സ്വന്തമാക്കാൻ ഭാഗ്യം ലഭിച്ച മണ്ണ്. ലോക മുസ്‌ലിംകളുടെ ഭൂമിയിലെ “സ്വർഗം”. പച്ച ഖുബ്ബക്ക് താഴെ ലോകാനുഗ്രഹി. ആ ഹബീബിന്റെ ചാരെ ചെന്ന് സലാം പറയാൻ ഔദാര്യം തന്ന റബ്ബ് എത്ര ഉന്നതൻ. മദീന വിട്ടുപോകാൻ മനസ്സനുവദിക്കുന്നില്ല. മദീനാവാസികൾ എത്ര ഭാഗ്യവാൻമാർ. ഈമാനിന്റെ കനം കൊണ്ട് വിശ്വാസികളെ തോൽപ്പിച്ച സിദ്ദീഖോരും (റ) ഇസ്‌ലാമിന്റെ ഗർജിക്കുന്ന സിംഹം ഉമറുൽ ഫാറൂഖും (റ) ചാരത്തുണ്ട്. ബഖീഇന്റെ അഹ്‌ലുകാരും അടുത്തു തന്നെയുണ്ട്. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരിയുടെ ഹൃദയം പൊട്ടിയുള്ള പ്രാർഥനക്ക് ആമീൻ പറയുമ്പോൾ മനം തേങ്ങുകയായിരുന്നു. പച്ച ഖുബ്ബയോട് സലാം ചൊല്ലി തിരിഞ്ഞ് നടക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറി. മുത്ത് നബിയുടെ മദീനയിൽ ചെരുപ്പിടാതെ നടന്ന ഇമാം മാലിക് (റ)നെ ഓർത്തു. അപമര്യാദ പറ്റിപ്പോയെങ്കിൽ മാപ്പാക്കണേ റബ്ബേ. വീണ്ടും ആരമ്പപ്പൂവായ മുത്തുനബിയുടെ ചാരത്തെത്തിക്കണേ. അകലെയാണെങ്കിലും അവിടുന്ന് വിശ്വാസികളുടെ ഹൃദയങ്ങളിലാണല്ലോ, ഹയ്യുൻ ഫീ ഖുലൂബിനാ…
വേദനയോടെ
യാത്ര പറച്ചിൽ
മസ്ജിദുന്നബവിയുടെ അഞ്ചാം നമ്പർ കവാടത്തിലൂടെ തിരിച്ചിറങ്ങുമ്പോൾ മദീനയിൽ ചെലവഴിച്ച പത്ത് ദിവസത്തെ നിമിഷങ്ങളൊന്നായി മുന്നിൽ തെളിഞ്ഞു. മുത്തു നബി (സ)യുടെയും സ്വഹാബത്തിന്റെയും സ്മരണകളിരമ്പുന്ന മണൽ തരികൾ, തിരുനബിയുടെ രക്തം ഏറ്റുവാങ്ങിയ സ്വർഗശിലയായ ഉഹ്ദ്, അല്ലാഹുവിന്റെ സിംഹം ഹംസ (റ ) ശഹീദായി വീണ ഭൂമി, പട്ടുമെത്തകൾ ഉപേക്ഷിച്ച് സത്യം പുൽകി അവസാനം പുൽക്കൊടികൾ കഫൻ പുടവയാക്കിയ മിസ്അബുബ്‌നു ഉമൈർ (റ) തുടങ്ങിയ ചരിത്ര ശകലങ്ങൾ ഉഹ്ദിൽ വെച്ച് അമീർ പൂപ്പലം ഉസ്താദ് വിവരിക്കുമ്പോൾ ദൃശ്യങ്ങൾ കൺമുന്നിൽ കാണുന്ന പ്രതീതിയായിരുന്നു. ഖന്ദഖ്; വിശപ്പിന്റെ കാഠിന്യം കൊണ്ട് വയറിൻ മേൽ കല്ലുകൾ വെച്ചുകെട്ടി ശത്രുക്കളെ പ്രതിരോധിക്കാൻ കിടങ്ങ് കുഴിക്കുന്ന തിരുദൂതരും സ്വഹാബത്തും. സ്വർഗത്തിൽ അവരുടെ ചാരത്തണയാൻ മൃഷ്ടാന്നഭോജികളായ നമുക്ക് കാതങ്ങൾ എത്ര താണ്ടണം, യാ അല്ലാഹ്. ഖുബാ, ഖിബലതൈനി, ജുമുഅ തുടങ്ങി നിരവധി പള്ളികൾ, അരീസ്, റുമാ, ഗാർസ് തുടങ്ങിയ കിണറുകൾ. പലതും കൺനിറയെ കണ്ടെങ്കിലും ഇസ്‌ലാമിന്റെ പ്രഥമ മുന്നണിപ്പോരാളികളായ ബദ്‌രീങ്ങളുടെ ധീരതക്ക് സാക്ഷിയായ താഴ്‌വര കാണാൻ കഴിയാത്തത് നൊമ്പരമായി. നിയമങ്ങൾ അനുസരിച്ചല്ലേ പറ്റൂ.
കുറച്ച് ദിവസം കൊണ്ടു തന്നെ ദിയാർ മദീനയിൽ നിന്ന് ഹറമിലേക്കുള്ള വഴി എല്ലാവർക്കും സ്വന്തം വീട്ടുമുറ്റം പോലെ പരിചിതമായിരുന്നു. മനസില്ലാ മനസ്സോടെ മദീനയോട് യാത്ര പറഞ്ഞ് ഹാജിമാർ ബസിൽ കയറാൻ തുടങ്ങി. ഖലീൽ തങ്ങൾ കടുത്ത വേദന അവഗണിച്ച് ഞങ്ങൾക്ക് നിർദേശങ്ങൾ നൽകാനായി ബസിലേക്ക് വന്നു. ദിക്‌റുകൾ ചൊല്ലിത്തന്നു. സയ്യിദുമാരുടെ ആത്മീയ നേതൃത്വം എന്നത് വെറും വാക്കല്ലെന്ന് തോന്നി. ഹജ്ജിന് ഇഹ്‌റാം ചെയ്യാൻ ഒരുങ്ങുകയാണ്. ആ മഹത് കർമത്തിന് മുന്നോടിയായി പ്രിയപ്പെട്ടവരോട് പൊരുത്തം ചോദിക്കേണ്ട ആവശ്യകത വീണ്ടും വീണ്ടും ഓർമപ്പെടുത്തി. ഇനി ദുൽഹുലൈഫയിലേക്ക്. മദീനയിൽ നിന്ന് വരുന്നവർക്കുള്ള മീഖാത്താണ്. ദുൽഹുലൈഫ അഥവാ അബ്‌യാർ അലി വെള്ളക്കടലായിരുന്നു. നാട്ടുകാരായ മിക്ക സ്ത്രീകളും ഇഹ്‌റാമിൽ വെള്ള വസ്ത്രമണിഞ്ഞാണുള്ളത്.
ഇഹ്‌റാമിന്റെ സുന്നത്തുകുളി റൂമിൽ നിന്നു തന്നെ പൂർത്തിയാക്കിയതിനാൽ രണ്ട് റകഅത് സുന്നത്ത് നിസ്‌കരിച്ച ശേഷം എല്ലാവരും ഒരു വലിയ മരച്ചുവട്ടിൽ ഒത്തുകൂടി. അവിടെ വെച്ച് ഇഹ്‌റാമിന്റെ നിയ്യത് ചെയ്തു. ശരീരത്താലും സ്വത്തിനാലും വഴിയാലും കഴിവുള്ളവർ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യൽ നിർബന്ധമായ ഒരേയൊരു കർമം. ശാരീരികമായും മാനസികമായും റബ്ബ് പൊരുത്തപ്പെട്ട നിലയിലുള്ള കർമങ്ങളായി ഞങ്ങളുടെ ഓരോ ചുവടും സ്വീകരിക്കണേ നാഥാ എന്ന് ഉള്ളുരുകി തേടി. മുഹ്‌രിം തന്റെ ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം പൂർണമായും അല്ലാഹുവിൽ അർപ്പിക്കുകയാണ്. വികാരവിചാരങ്ങളിലും അടക്കങ്ങളിലും അനക്കങ്ങളിലും ഇനി അല്ലാഹു മാത്രം. നഖമോ മുടിയോ കൊഴിഞ്ഞാൽ ഫിദ്‌യ നിർബന്ധമാകും. മിക്ക സ്ത്രീകളും മുഖമക്കന നീക്കിയിരുന്നെങ്കിലും മുഖത്ത് തട്ടാത്ത തരത്തിൽ ഞങ്ങൾ രണ്ടുമൂന്ന് പേർ നിഖാബ് തൂക്കിയിട്ടിരുന്നു. ആഇശ ബീവി (റ) യും മറ്റ് സ്വഹാബീ വനിതകളും ഇത്തരത്തിലുള്ളവ ഉപയോഗിച്ചിരുന്നെന്ന് ഉസ്താദുമാർ ഹജ്ജ് പഠന ക്ലാസുകളിൽ ഓർമിപ്പിച്ചിരുന്നു. ഇഹ്‌റാമിന് മുന്നോടിയായി സ്ത്രീകൾക്ക് മൈലാഞ്ചിയിടൽ സുന്നത്തുണ്ടെന്ന കാര്യം ഓർത്തത് പല ഇത്താത്തമാരുടെയും കൈകൾ കണ്ടപ്പോഴാണ്. ഞങ്ങളുടെ സംഘത്തിൽ ഏറ്റവും പ്രായമുണ്ടായിരുന്നത് ഭർത്താവിന്റെ അമ്മായിക്കായിരുന്നു. നേരത്തേ മരിച്ച അവരുടെ ഭർത്താവിന് വേണ്ടിയുള്ള ഹജ്ജ് കർമങ്ങൾക്കായാണ് അനാരോഗ്യത്തെ അവഗണിച്ച് ഈ എഴുപതുകളിലും അവർ പുണ്യഭൂമിയിലെത്തിയത്. അമ്മായിയുടെ ആരോഗ്യം മദീനയിൽ വെച്ച് അല്പം മോശമായിരുന്നെങ്കിലും ഇപ്പോൾ ഭേദമുണ്ട്.
ഇനി ലബ്ബൈകിന്റെ അലയൊലികൾ മാത്രമാണെങ്ങും. ഹാജിമാരെയും കൊണ്ടുള്ള ബസുകൾ റോഡുകൾ കൈയടക്കിക്കഴിഞ്ഞു. ഇനി എല്ലാ വീഥികളും മക്കയിലേക്ക്. അസീസിയ്യയിൽ ബസ് എത്തിയപ്പോൾ രാത്രി രണ്ട് മണി. ഇടത്താവളങ്ങളിൽ വെച്ച് നിസ്‌കാരവും ഭക്ഷണവും കഴിഞ്ഞിരുന്നു. ആ പാതിരാത്രിയിലും ജീവനക്കാർ ഭക്ഷണവുമായി കാത്തിരുന്നത് അത്ഭുതപ്പെടുത്തി. അമീറുമാരുടെ സേവനങ്ങൾ സ്മരിക്കാതെ വയ്യ. ഇടക്കിടക്ക് വീട് മാറിപ്പോകുന്ന ഗൃഹനാഥന്റെ അവസ്ഥയിലാണവർ. എല്ലാവരുടെയും സാധനങ്ങൾ കൃത്യമായി ശേഖരിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനുമുള്ള അധ്വാനം ചില്ലറയല്ല. ആട്ടിൻപറ്റത്തെ തെളിച്ച് നടക്കുന്ന ഇടയന്റെ അവസ്ഥ ഇതിലും ഭേദമെന്ന് ചില സമയത്ത് തോന്നുന്നത് ഭർത്താവും അമീറായത് കൊണ്ടൊന്നുമല്ല കെട്ടോ.
ഹജ്ജ് വൃഥാവിലാകാതിരിക്കാൻ കർമങ്ങളിൽ ശ്രദ്ധ വേണം
ഒരു ദിവസം വിശ്രമമായിരുന്നെങ്കിലും നിത്യേനയുള്ള ക്ലാസുകൾക്കും ഹദ്ദാദ്- ബുർദ സദസ്സുകൾക്കും മാറ്റമൊന്നുമുണ്ടായിരുന്നില്ല. തങ്ങളുസ്താദിന്റ സ്‌നേഹോപദേശങ്ങൾ, പൊട്ടിക്കരഞ്ഞുള്ള ദുആകൾ ഹൃദയം കണ്ണീർ കൊണ്ട് കഴുകാൻ മാത്രം ശക്തമായിരുന്നു. തന്റെ ജീവിതത്തിൽ ഇടപഴകിയ ഓരോരുത്തരെയും ഓർമിച്ച് കൊണ്ടുള്ള തേട്ടങ്ങൾ. ഉപ്പയുടെയും ഭർതൃമാതാപിതാക്കളുടെയും ഓർമകൾ കണ്ണുനിറച്ച് പുറത്തേക്കൊഴുകി. സയ്യിദൻമാരെയും ദീനിന്റെ ഖാദിമീങ്ങളെയും സ്‌നേഹിച്ചും സേവിച്ചും അവർ രക്ഷപ്പെട്ടു. ഉപ്പയുടെ അവസാന റമസാനിലെ അവസാന തറാവീഹ് ജമാഅതിന് ശേഷമുള്ള ദുആ ഓർമ വന്നു. “അല്ലാഹുമ്മ ശാരിക്‌നാ ഫീ ദുആഇൽ മുഅ്മിനീൻ” എന്നു പറഞ്ഞ് ഒറ്റക്കരച്ചിലായിരുന്നു. “നിഴൽ പോലെ കൂടെ നടന്ന അവർക്ക് വേണ്ടി” എന്ന് പറഞ്ഞ് തങ്ങളുസ്താദ് നിരവധി മജ്‌ലിസുകളിൽ ദുആ ചെയ്യുന്നത് കേൾക്കുമ്പോൾ തോന്നും ഉപ്പയുടെ പ്രാർഥനക്ക് റബ്ബ് ഉത്തരം നൽകിയിരിക്കുന്നുവെന്ന്.
ഹജ്ജിന്റെ കർമങ്ങളിലേക്ക് കടക്കുകയാണ്. ഹജ്ജ് സ്വീകരിക്കാൻ വേണ്ട കർമങ്ങളേക്കാൾ, വൃഥാവിലാകാതിരിക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ചായിരുന്നു ബാഖവി ഉസ്താദ് ഓർമിപ്പിച്ചത്. ഹറമിൽ മാത്രമല്ല മക്കയിലും തിരക്ക് കൂടിയിരിക്കുന്നു. മക്കയിൽ പ്രവേശിച്ചതിന്റെ ഭാഗമായുള്ള “ഖുദൂമി”ന്റെ ത്വവാഫിനായി തിരക്കൊഴിഞ്ഞ സമയം കാത്തിരിക്കുകയാണ് ഉസ്താദുമാർ. മക്കയിൽ ചൂട് അതികഠിനമാണ്. ഏതാണ്ട് അമ്പത് ഡിഗ്രിക്കടുത്തുണ്ട്. മക്കയിലെ വെയിൽ ഒരു മണിക്കൂർ ക്ഷമയോടെ ഏറ്റാൽ അത് മഹ്ശറയിലെ അമ്പത് വർഷത്തെ വെയിലിനെ കുറക്കുമെന്ന് അറിഞ്ഞപ്പോൾ രാവും പകലും വെയിലായെങ്കിലെന്ന് ആശിച്ചു പോയി. മഹ്ശറ ഓർത്താൽ ഇതെത്ര നിസ്സാരം. മതാഫ് അക്ഷരാർഥത്തിൽ ജനസാഗരം തന്നെ. അല്ലാഹുമ്മ ഈമാനൻ ബിക… പല നാട്ടുകാർ, ആകാരവും നിറവും വ്യത്യസ്തമെങ്കിലും ദിക്ർ ഒന്നു തന്നെ, വ്യത്യസ്ത ഉച്ചാരണങ്ങളോടെ. ഓറഞ്ച് നിറത്തിലുള്ള യൂനിഫോം മക്കന വളരെ ദൂരെ നിന്നു പോലും കണ്ണിൽ പെട്ടിരുന്നതിനാൽ കൂട്ടം തെറ്റാൻ സാധ്യത വിരളമാണ്. തിരക്ക് വർധിച്ചതിനാൽ ഹാൻഡ് ബുക്ക് നോക്കി ദിക്‌റുകൾ ചൊല്ലാൻ കഴിയുന്നില്ല. ഉസ്താദുമാർ ഉറക്കെ ചൊല്ലിത്തന്ന് മുന്നോട്ട് നടന്നു. ത്വവാഫും ശേഷം ഖുദൂമിന്റെ ത്വവാഫിനോട് കൂടി ഹജ്ജിന്റെ സഅ്‌യും പൂർത്തിയാക്കി. “മസ്അ” ശീതീകരിച്ച ബഹുനില കെട്ടിടമായിരിക്കുന്നു. കല്ലുകളിലും പാറക്കൂട്ടങ്ങളിലും വെയിലേറ്റ് സഫക്കും മർവക്കുമിടയിൽ ഓടിയ പൂർവികർക്ക് ലഭിച്ച ആത്മീയ സായൂജ്യം ഒന്നു വേറെ തന്നെ. ഹാജറ ബീവി (റ) യുടെയും ഇസ്മാഈൽ നബി (അ)യുടെയും പാദമുദ്രകൾ മാർബിൾക്കുന്നിന്റെ താഴെ പെട്ടു പോയിരിക്കാം.
അവശേഷിക്കുന്നത് ചില്ലുകൂട്ടിൽ മെഴുകു തേച്ച സഫയും മർവയും മാത്രം. സഅ്‌യ് കഴിഞ്ഞ ഉടനെ മുടി മുറിക്കാതിരിക്കാൻ ഉസ്താദുമാർ മർവയിൽ ജാഗരൂകരായിരുന്നു. ഉംറയുടെ ഓർമയിൽ പലരും അത് ചെയ്യാനിടയുണ്ടായിരുന്നു. മർവ ഗേറ്റിലൂടെ പുറത്ത് വന്ന് എല്ലാവരും തിരിച്ച് ബസ് കയറാനായി നടന്നു തുടങ്ങി. നാലും അഞ്ചും വയസ്സ് തോന്നിക്കുന്ന കുരുന്നുകളെ ഇഹ്‌റാമിന്റെ വേഷത്തിൽ കണ്ടപ്പോൾ മക്കളെ ഓർമ വന്നു. ഇഹ്‌റാം വേഷത്തിൽ കുഞ്ഞുങ്ങൾക്ക് പ്രത്യേക ഭംഗിയാണ്. ഇഹ്‌റാമിൽ ഒരു സെക്കൻഡ് പോലും പാഴാക്കരുതെന്ന് ഉസ്താദുമാർ പ്രത്യേകം ഉണർത്തിയിരുന്നു. മിനിമം മൂന്ന് ഖത്മുകൾ, എഴുപതിനായിരം തഹ്‌ലീൽ, സ്വലാത്തുകൾ, അമ്പത് ത്വവാഫ്. ഗ്രൂപ്പിലെല്ലാവരും ഈ ടാർഗറ്റ് പൂർത്തീകരിക്കാനുള്ള യജ്ഞത്തിലാണ്.
(അവസാനിക്കുന്നില്ല)