National
ഉത്തരാഖണ്ഡില്‍ സ്‌കൂള്‍ വാന്‍ കൊക്കയിലേക്കു മറിഞ്ഞ് ഒമ്പതു കുട്ടികള്‍ മരിച്ചു; എട്ടുപേരുടെ നില ഗുരുതരം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഇന്ന് രാവിലെയുണ്ടായ രണ്ട് അപകടങ്ങളിലായി കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ കൊലപ്പെട്ടു. തെഹ്‌രി ഗര്‍വാള്‍ ജില്ലയിലെ ലബ്ഗവോനില്‍ സ്‌കൂള്‍ വാന്‍ കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ കെംഗ്‌സാലി ഗ്രാമ നിവാസികളായ ഒമ്പത് കുട്ടികള്‍ മരിച്ചു. പരുക്കേറ്റ എട്ടു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലിനും 13നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ 7.30ഓടെയാണ് അപകടമുണ്ടായതെങ്കിലും ഒമ്പതു മണിക്കാണ് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അപകട വിവരം ലഭിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന (എസ് ഡി ആര്‍ എഫ്) യിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ അലോക് അറിയിച്ചു. സംഭവം അറിഞ്ഞയുടന്‍ എസ് ഡി ആര്‍ എഫിലെ ഒരു സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രണ്ടു കുട്ടികള്‍ സംഭവ സ്ഥലത്തും ഏഴുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്ന് പ്രവീണ്‍ പറഞ്ഞു.
പരുക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്. ഇവരില്‍ ചിലരെ ബൗറാരിയിലെ ആശുപത്രിയിലേക്കു മാറ്റിയതായും വിദഗ്ധ ചികിത്സക്കായി ഇവരെ ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വി ഷണ്മുഖം പറഞ്ഞു.
ചമോലി ജില്ലയില്‍ ലംബാഗഡിലെ ഉരുള്‍പൊട്ടല്‍ മേഖലയിലുണ്ടായ മറ്റൊരപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. പാതയോരത്തെ പര്‍വതത്തില്‍ നിന്ന് ബസിനു മുകളിലേക്ക് വലിയ പാറക്കല്ലുകള്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. 11 പേരാണ് ബസില്‍ യാത്രക്കാരായി ഉണ്ടായിരുന്നതെന്ന് ജില്ലാ അധികൃതര്‍ വെളിപ്പെടുത്തി.