Editorial
തീകൊള്ളി കൊണ്ട് തല ചൊറിയരുത്

കശ്മീരില്‍ തീകൊള്ളി കൊണ്ട് തല ചൊറിയുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തിന് പ്രത്യേകാവകാശങ്ങള്‍ അനുവദിക്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്. ഇതോടെ 1947ല്‍ കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട സമയത്ത് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാകുന്നു. കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുകയും മൂന്നായി വിഭജിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായിരിക്കും ഇനി മുതല്‍ കശ്മീര്‍. ഭരണഘടനയുടെ 370ാം വകുപ്പിന്റെ മൂന്നാം അനുച്ഛേദ പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പരിഗണന നീക്കാന്‍ രാഷ്ട്രപതിക്കുള്ള അധികാരമുപയോഗിച്ചാണ് സ്വതന്ത്ര ഇന്ത്യ ആദ്യം മുതല്‍ കശ്മീരിന് അനുവദിച്ച ആനുകൂല്യങ്ങളെല്ലാം എടുത്തുകളഞ്ഞത്. ഇതേ അനുച്ഛേദത്തില്‍ തന്നെ 370 റദ്ദാക്കുന്നതിന് സംസ്ഥാന നിയമസഭയുടെ അംഗീകാരം നേടണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ കശ്മീരില്‍ നിയമസഭ നിലവിലില്ലാത്തതിനാല്‍ ഗവര്‍ണര്‍ക്കാണ് അധികാരം. ഈ അവസരമുപയോഗപ്പെടുത്തിയാണ് ബി ജെ പി തങ്ങളുടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കിയത്.
ബി ജെ പി പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനമാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നത്. “ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള നിയമം കശ്മീരിനും ബാധകമാക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടത്. ഇതിന് ചരിത്രപരമായ കാരണമുണ്ടെന്ന കാര്യം അവര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളയാനുള്ള ശ്രമം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നു തൊട്ടേ തുടങ്ങിയതാണ.് ഒന്നാം മോദി ഭരണത്തില്‍ സര്‍ക്കാറിന് കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷമില്ലാതിരുന്നതു കൊണ്ടാണ് 370ാം വകുപ്പ് റദ്ദാക്കുന്നതില്‍ അവര്‍ അത്ര ധൃതി കാണിക്കാതിരുന്നത്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ അന്നു തൊട്ടേ ഇതിനായി കരുനീക്കങ്ങള്‍ ഊര്‍ജിതമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇതുസംബന്ധിച്ച് പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
കശ്മീരില്‍ അടുത്തിടെ കൂടുതല്‍ അര്‍ധ സൈനികരെ വിന്യസിച്ചത് ഈ കൂടിയാലോചനകളില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടര്‍ന്നാണ്. അതിര്‍ത്തിയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് സൈനിക വിന്യാസമെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യമെങ്കിലും 370ാം വകുപ്പ് റദ്ദാക്കിയ പ്രഖ്യാപനം വരുമ്പോള്‍ സംസ്ഥാനത്ത് ഉടലെടുത്തേക്കാകുന്ന പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചൊതുക്കുകയാണ് യഥാര്‍ഥ ലക്ഷ്യം. അമര്‍നാഥ് തീര്‍ഥാടകരോടും കശ്മീരിലെത്തിയ വിനോദ സഞ്ചാരികളുമുള്‍പ്പെടെ പുറം നാടുകളില്‍ നിന്നെത്തിയവരോടും യാത്ര റദ്ദാക്കി മടങ്ങാന്‍ നിര്‍ദേശം നല്‍കിയതും, പ്രമുഖ രാഷ്ട്രീയ നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, പിഡി പി നേതാവ് മഹ്ബൂബാ മുഫ്തി, സജ്ജാദ് ലോണ്‍ തുടങ്ങിയവരെ വീട്ടു തടങ്കലിലാക്കി പിന്നെ അറസ്റ്റ് ചെയ്തും ഈ നീക്കത്തിന്റെ മുന്നോടിയായിരുന്നു. സംസ്ഥാനത്ത് അനിശ്ചിതകാല നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ റദ്ദാക്കുകയും റാലികള്‍ക്കും യോഗങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തുകയും ചെയ്തു. ഇന്നലെ നേരം പുലര്‍ന്നപ്പോഴേക്കും കശ്മീര്‍ തെരുവുകളും പാതകളും പൂര്‍ണമായും സൈനിക നിയന്ത്രണത്തിലായിരുന്നു.
സര്‍ക്കാറിന്റെ ഏകപക്ഷീയമായ ഈ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കശ്മീര്‍ ജനതയോടും സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തില്‍ കശ്മീര്‍ ഭരിച്ചിരുന്നവരോടുമുള്ള വഞ്ചനയാണിതെന്നാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയൊഴിച്ചു മറ്റെല്ലാത്തിലുമുള്ള അധികാരം കശ്മീര്‍ ഭരണകൂടത്തിനു തന്നെയായിരിക്കുമെന്ന ഉറപ്പിലാണ് അവര്‍ വേറിട്ടു നില്‍ക്കാതെ ഇന്ത്യയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്. ഇതുവരെയും ഇന്ത്യന്‍ ഭരണഘടന മറ്റു പ്രദേശങ്ങളെപ്പോലെ പൂര്‍ണമായും ജമ്മു കശ്മീരിലേക്കു വ്യാപിക്കാത്തതിനും സംസ്ഥാനത്തിന് പ്രത്യേക അവകാശങ്ങള്‍ വകവെച്ചു കൊടുത്തതിനുമുള്ള സാഹചര്യവുമിതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമായി ഈ ദിവസത്തെ അടയാളപ്പെടുത്തും. മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പാര്‍ലിമെന്റിനോടും ജനാധിപത്യത്തോടുമുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്നും പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തിപ്രതികരിച്ചു.
ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ ദേശവിരുദ്ധമായതു കൊണ്ടാണ് സര്‍ക്കാറിന് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വാദം. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി 1957ല്‍ പിരിച്ചു വിട്ടതോടെ ഇല്ലാതായിപ്പോയ ഒരു താത്കാലിക വകുപ്പ് മാത്രമായിരുന്നു 370ാം അനുച്ഛേദമെന്നും അവര്‍ വാദിക്കാറുണ്ട്. സുപ്രീം കോടതി ഈ വാദം നിരാകരിക്കുകയും ഭരണഘടനാദത്തമാണ് 370ാം വകുപ്പെന്ന് തറപ്പിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന 1950ലും കശ്മീര്‍ സംസ്ഥാനത്തിന്റെത് 1956ലുമാണ് നിലവില്‍ വന്നതെന്നിരിക്കെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി പിരിച്ചു വിട്ടതോടെ കശ്മീരിന് പ്രത്യേകാവകാശം ഇല്ലാതാകുമെന്ന വാദം നിരര്‍ഥകമാണെന്ന് 2014 ജൂലൈ 12ലെ ഒരു വിധിപ്രസ്താവത്തില്‍ ജസ്റ്റിസുമാരായ ആര്‍ എം ലോധ, പിനാകി ചന്ദ്ര ഘോഷ്, രോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വ്യക്തമാക്കിയത്. 370ാം വകുപ്പ് സ്ഥിരമാണെന്ന് 2015 ഒക്‌ടോബര്‍ 13ന് ജസ്റ്റിസുമാരായ ജനക്‌രാജ് കോട്‌വാല്‍, ഹസ്‌നെന്‍ മസൂദി എന്നിവരടങ്ങിയ ജമ്മു കശ്മീര്‍ ഹൈക്കോടതി ബഞ്ചും ചൂണ്ടിക്കാട്ടിയതാണ്. മാത്രമല്ല, ഇപ്പോഴത്തെ കേന്ദ്ര നടപടി കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ഒന്നൊന്നായി കേന്ദ്രം കവര്‍ന്നെടുക്കുന്നതാണ് കശ്മീരിലെ പ്രതിസന്ധികള്‍ രൂക്ഷമാക്കുന്നത്.