Connect with us

Kerala

നടുങ്ങുന്ന പ്രളയ ഓർമകൾക്കിടെ, സുബറാന്റെ കന്നി പിറന്നാളെത്തി

Published

|

Last Updated

നെടുമ്പാശ്ശേരി: മഹാപ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമകൾ അയവിറക്കി തങ്ങളുടെ ആദ്യ കണ്മണിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ചെങ്ങമനാട് പനയക്കടവ് സ്വദേശികളായ ജബിൽ- സാജിത ദമ്പതികൾ. തങ്ങളുടെ കൺമണിയുടെ ജന്മദിനമായ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും ഇവരെ വിട്ടുമാറിയിട്ടില്ല.

ശ്രീമൂലനഗരം കൊണ്ടോട്ടി കൂരകത്ത് സുലൈമാന്റെ മകളായ സാജിത കഴിഞ്ഞ ആഗസ്റ്റിൽ പ്രസവത്തിനായി ചെങ്ങമനാട്ടിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ആഗസ്റ്റ് 15 ന് ഉച്ചയോടെ ശക്തമായ മഴയെ തുടർന്ന് പെരിയാറിന്റെ തീരപ്രദേശമായ ശ്രീമൂലനഗരം കൊണ്ടോട്ടിയിലെ ഇവരുടെ വീടിന്റെ സമീപ പ്രദേശങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയിരുന്നു.
വൈകീട്ടോടെ ഇവർ താമസിക്കുന്ന വീടിന്റെ മുറ്റത്തും വെള്ളമെത്തി. തുടർന്ന് രാത്രി ഏഴോടെ സുലൈമാന്റെ കുടുംബം സാജിതയേയും കൂട്ടി കൊണ്ടോട്ടി മുസ്‌ലിം പള്ളിയിലേക്ക് മാറി. ഈ സമയത്തും പ്രളയത്തിന്റെ രൂക്ഷത ഇവർ ശരിക്കും മനസ്സിലാക്കിയിരുന്നില്ല. ഈ പ്രദേശത്തെ മുഴുവൻ ആളുകളും ഈ പള്ളിയിലാണ് അഭയം തേടിയിരുന്നത്. പിറ്റേന്നും ഇവിടെ തന്നെ കഴിഞ്ഞു. ഇതിനിടയിൽ വെള്ളം പള്ളിക്കടുത്തേക്ക് കയറുന്നതായി മനസ്സിലാക്കിയതോടെ ഇവർ പരിഭ്രാന്തരായി. പൂർണ ഗർഭിണിയായ സാജിതയെ കുറിച്ചോർത്ത് കുടുംബത്തിന്റെ വേവലാതി. ഇതിനിടെ 17 ന് രാവിലെ പള്ളിയുടെ അകത്തേക്കും വെള്ളം കയറിത്തുടങ്ങി.
റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടതോടെ പുറത്തേക്കെത്താനുള്ള വഴികൾ എല്ലാം അടഞ്ഞു. വിവരം അറിഞ്ഞ പലരും രക്ഷാപ്രവർത്തനം നടത്തുന്ന വിവിധ വിഭാഗങ്ങളെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വൈപ്പിൻകരയിലുള്ള ഇവരുടെ ഒരു ബന്ധു നേവിയുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.

നിമിഷങ്ങൾക്കകം നേവിയുടെ ഹെലികോപ്റ്റർ കൊണ്ടോട്ടി പള്ളിയുടെ മുകളിൽ വട്ടമിട്ട് പറക്കാൻ തുടങ്ങി. കയറിൽ പള്ളിയുടെ ടെറസ്സിലേക്ക് ഊർന്നിറങ്ങിയ നേവിയുടെ രക്ഷാ പ്രവർത്തകർ രാവിലെ ഒന്പത് മണിയോടെ സാജിതയേയും കൊണ്ട് കൊച്ചിയിലേക്ക് പറന്നു. നേവൽ ആശുപത്രിയായ സഞ്ചയിനിയിലാണ് സാജിതയെ പ്രവേശിപ്പിച്ചിരുന്നത്.
ഉച്ചക്ക് 2.30 ഓടെ സാജിത ആൺകുട്ടിക്ക് ജന്മം നൽകുകയായിരുന്നു. ആശുപത്രിയുടെ പേരായ സഞ്ചയിനി എന്നാണ് അവിടെ െവച്ച് നേവി ഉദ്യോഗസ്ഥർ കുട്ടിക്ക് പേര് നൽകിയത്. പിന്നീട് സുബറാൻ എന്ന പേർ വീട്ടുകാർ ഇവന് വേണ്ടി കണ്ടെത്തുകയായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത പ്രളയ ദിനത്തിലെ മകന്റെ ആദ്യ ജന്മദിനം ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാർ.