Editorial
മദ്യം നിരോധിക്കാതെ അപകടം കുറയില്ല

സംസ്ഥാനത്തെ വാഹനാപകടങ്ങളും അപകട മരണ നിരക്കും കുറക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ഒരു മാസത്തോളം നീളുന്ന സംയുക്ത വാഹന പരിശോധനാ യജ്ഞം നടത്തുകയാണ്. ആഗസ്റ്റ് ഒന്നിനാണ് ഇതുസംബന്ധിച്ച അധികൃതരുടെ പ്രഖ്യാപനം വന്നത്. അമിത വേഗം, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവക്കു പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നല്‍കുമെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി. ഈ അറിയിപ്പ് വന്ന് രണ്ടാം ദിവസമാണ് മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ നടപടിയിലൂടെ ശ്രദ്ധേയനായ യുവ ഐ എ എസ് ഓഫീസറും മുന്‍ ദേവീകുളം സബ് കലക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ സംസ്ഥാനത്തെ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബശീര്‍ കൊല്ലപ്പെടാനിടയാക്കിയ വാഹനാപകട ദുരന്തമുണ്ടാക്കിയത്. മദ്യപാനവും അമിത വേഗവുമാണ് അപകട കാരണമെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശത്ത് പഠനാവധി കഴിഞ്ഞ് സര്‍വേ ഡയറക്ടറായി ജോലിയില്‍ തിരികെ കയറിയതിന്റെ ആഘോഷത്തിന്റെ ഭാഗമായുള്ള പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നതെന്നും പാര്‍ട്ടിയില്‍ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നതായും വാഹനത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സ്ത്രീ വഫ ഫിറോസ് പോലീസിനും മജിസ്‌ട്രേറ്റിനു മുന്നിലും മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് താന്‍ പറഞ്ഞെങ്കിലും ശ്രീറാം വകവെച്ചില്ലെന്നും യുവതി പറയുന്നു.
മോട്ടോർ വാഹന വകുപ്പ് ഗതാഗത നിയമങ്ങളും പരിശോധനയും അടിക്കടി കര്‍ശനമാക്കുമ്പോള്‍ തന്നെ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന മട്ടിലാണ് അധികാരവും പണവും സ്വാധീനവും ബന്ധുബലവുമുള്ളവരുടെ വാഹനയാത്ര. മദ്യപിച്ചുള്ള ഡ്രൈവിംഗ് ഇവര്‍ക്കിടയില്‍ സാധാരണമാണ്. രാത്രിയില്‍ ബാര്‍ ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ പങ്കെടുത്ത് മൂക്കറ്റം മദ്യപിച്ചാണ് പല ഉന്നതോദ്യോഗസ്ഥരും വാഹനമോടിക്കുന്നത്. മികച്ച സേവനത്തിന് ജനങ്ങളുടെ അംഗീകാരവും ആദരവും നേടിയ പല ഉദ്യോഗസ്ഥ പ്രമുഖരുടെയും ദൗര്‍ബല്യമാണ് മദ്യപാനം. ശ്രീറാം വെങ്കിട്ടരാമന്‍ കരിയര്‍ മേഖലയില്‍ കാര്യക്ഷമതക്ക് പേരു കേട്ട ഉദ്യോഗസ്ഥനാണ്. ട്രാഫിക് ബോധവത്കരണ ക്ലാസുകളിലെ സാന്നിധ്യവുമാണദ്ദേഹം.
ഗതാഗത നിയമ ബോധവത്കരണ ക്ലാസുകളില്‍ അദ്ദേഹം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, കടുത്ത മദ്യപാനിയുമാണ് അദ്ദേഹം. ഇതാണ് പല ഉദ്യോഗസ്ഥ പ്രമുഖരുടെയും അവസ്ഥ. പിടിക്കപ്പെട്ടാല്‍ തന്നെ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടാമെന്നതാണ് ഇവര്‍ക്ക് മദ്യപിച്ചു വാഹനമോടിക്കുന്നതുള്‍പ്പെടെ ട്രാഫിക് ലംഘനത്തിന് ധൈര്യമേകുന്നത്. അപകടത്തില്‍ പെട്ടാല്‍ ഇത്തരക്കാര്‍ കൂടെയുള്ള മദ്യപാനികളല്ലാത്തവരുടെ തലയില്‍ കുറ്റം ചാര്‍ത്തി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതായി നിയമവിദഗ്ധര്‍ പറയുന്നു. സാധാരണക്കാര്‍ മാത്രമാണ് ബഹുഭൂരിഭാഗവും ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നത്. ശ്രീറാം തന്നെ കൂടെയുള്ള യുവതിയാണ് കാര്‍ ഡ്രൈവ് ചെയ്തതെന്ന് കള്ളം പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതാണ്. മാധ്യമപ്രവര്‍ത്തക കൂട്ടായ്മയുടെയും സുന്നി നേതൃത്വത്തിന്റെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഈ നീക്കം ഏശാതെ പോയത്.
മോട്ടോര്‍ വാഹന വകുപ്പിന്റെയും ട്രാഫിക് പോലീസിന്റെയും കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ (2014-2018) കേരളത്തില്‍ 1,93,367 വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 20,966 പേര്‍ മരണപ്പെടുകയും ചെയ്തു. മദ്യപാനമാണ് അപകടങ്ങളിലെ പ്രധാന വില്ലന്‍. കേരളത്തിലെ റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്നാണ് ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പഠന റിപ്പോര്‍ട്ട് കാണിക്കുന്നത്. മദ്യപാനികള്‍, അല്ലാത്തവരേക്കാള്‍ നാലിരട്ടി അപകടങ്ങളില്‍ പെടുന്നതായി ബെംഗളൂരുവിലെ നിംഹാന്‍സില്‍ നടത്തിയ പഠനവും വ്യക്തമാക്കുന്നു. മദ്യം അകത്തെത്തുന്നതോടെ സ്വന്തം ശരീരം പോലും നിയന്ത്രണത്തില്‍ നില്‍ക്കാത്ത അവസ്ഥയിലെത്തുമെന്നിരിക്കെ ഇവര്‍ വാഹനമോടിച്ചാലുള്ള അവസ്ഥ ഊഹിക്കാകുന്നതേയുള്ളൂ. വണ്ടിയുടെ ബ്രേക്ക് നിയന്ത്രണത്തില്‍ വരുത്താനാകില്ല അമിത മദ്യപാനികള്‍ക്ക്. വണ്ടിയുടെ അമിത വേഗത്തെക്കുറിച്ചും അവര്‍ ബോധവാന്മാരായിരിക്കില്ല. മദ്യം വ്യക്തിയുടെ സ്വബോധം മന്ദഗതിയിലാക്കുന്നതു മൂലം എതിരെ വരുന്ന വണ്ടിയുടെ വേഗം കണക്കാക്കുന്നതിനും മുമ്പിലുള്ള വണ്ടിയില്‍ നിന്നുള്ള സേഫ് ഡിസ്റ്റന്‍സ് കണക്കാക്കുന്നതിനുമുള്ള കഴിവ് ഇല്ലാതാക്കുകയും പെട്ടെന്ന് ഗിയര്‍ മാറ്റാനോ ബ്രേക്ക് ചവിട്ടാനോ സാധിക്കാത്ത അവസ്ഥ വരുത്തുകയും ചെയ്യുമെന്ന് മനഃശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു.
തിരുവനന്തപുരത്ത് ബശീറിനെ കാറിടിച്ചു കൊന്ന ശേഷം വണ്ടിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കാല്‍ നിലത്തുറക്കാത്ത അവസ്ഥയിലായിരുന്നു ശ്രീറാം വെങ്കിട്ടരാമനെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയതാണ്. ഈ സാഹചര്യത്തില്‍ വാഹനാപകടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് സംസ്ഥാനത്ത് മദ്യപാനം നിരോധിക്കുകയാണ്. യഥേഷ്ടം ബാര്‍ ഹോട്ടലുകളും ബീവറേജ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളും അനുവദിച്ച് ജനങ്ങള്‍ക്ക് മൂക്കറ്റം മദ്യപിക്കാന്‍ അവസരം ഒരുക്കിക്കൊടുത്ത ശേഷം മദ്യപിച്ചു വാഹനമോടിക്കരുതെന്നു പറഞ്ഞാല്‍ അനുസരിക്കപ്പെടാന്‍ സാധ്യത വിരളമാണ്. മദ്യപാനികളുടെ ഡ്രൈവിംഗ് ഭീഷണി ഉയര്‍ത്തുന്നത് അയാളുടെ സ്വന്തം ജീവന് മാത്രമല്ല, റോഡുകളിലൂടെ സഞ്ചരിക്കുന്ന അനേകം നിരപരാധികളുടെ ജീവന് കൂടിയാണെന്ന വസ്തുത സര്‍ക്കാര്‍ വൃത്തങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.