ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്ക് കേസെടുക്കണം: എസ് വൈ എസ്

Posted on: August 4, 2019 7:16 pm | Last updated: August 5, 2019 at 7:20 pm


കോഴിക്കോട്: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയതിനു ശ്രീ റാം വെങ്കിട്ട രാമനെതിരെ മനഃപൂർവ്വമായ നരഹത്യ ക്ക് കേസെടുക്കണമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മദ്യപിച്ചു വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണക്കാരനായ പ്രതിക്കെതിരെ ജാമ്യമില്ലാത്ത 304ാം വകുപ്പ് ചുമത്തുന്നതിന് പകരം മനപൂർവ്വമല്ലാത്ത നരഹത്യക്കുള്ള 304 a വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഒപ്പം 279ാം വകുപ്പും ഉണ്ട്. ഇത് ആയിരം രൂപ പിഴയും പരമാവധി ആറ്മാസം തടവും കിട്ടാവുന്ന ലഘുവായ വകുപ്പുകളാണ്. 304 വകുപ്പിന് പുറമെ മദ്യപിച്ചു വാഹനമോടിച്ചതിന് ഇന്ത്യൻ മോട്ടോർ വാഹന വകുപ്പ് സെക്ഷൻ 185 കൂടി എഫ് ഐ ആറിൽ ഉൾപ്പെടുത്തണം.

സമൂഹത്തിനു മാതൃകയായി പ്രവർത്തിക്കേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ ചെയ്ത ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്നും അയാളെ രക്ഷപ്പെടാൻ സഹായം ചെയ്യുന്ന നടപടികളാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ഡി ജി പി യും മുഖ്യമന്ത്രിയും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുകയും, പഴുതടച്ചുള്ള അന്വേഷണം നടത്തുകയും വേണം. തെളിവുകൾ നഷ്ടപ്പെടാതിരിക്കാനുള്ള അവസരമൊരുക്കുകയും, പ്രതിയെ രക്ഷപ്പെടുത്താൻ ഉന്നത കേന്ദ്രങ്ങളിൽ നടന്ന ഗൂഢാലോചന പുറത്തു കൊണ്ടുവരികയും ചെയ്യണം. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ചട്ടമനുസരിച്ചു അദ്ദേഹത്തെ സർവീസിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മുന്നോട്ട് വരണം.

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നു രാജ്യത്തെ പൗരന്മാർക്ക് ബോധ്യമാവാൻ ഈ സംഭവം കാരണമാകണം. വിഷയത്തിൽ സംസ്ഥാന സർക്കാറും കേരളത്തിലെ മാധ്യമ സമൂഹവും കാണിച്ച ജാഗ്രതയും അവസോരിചതമായ ഇടപെടലും മാതൃകാപരവും സ്വാഗതാർഹവുമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ സയ്യിദ് ത്വാഹ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, അബൂബക്കർ മാസ്റ്റർ പടിക്കൽ, ശറഫുദ്ദീൻ അഞ്ചാംപീടിക, റഹ്മത്തുല്ല സഖാഫി എളമരം, സ്വാദിഖ് മാസ്റ്റർ വെളിമുക്ക്, ആർ ഹുസൈൻ മാസ്റ്റർ, സാദിഖ് സഖാഫി പെരിന്താറ്റിരി എന്നിവർ സംബന്ധിച്ചു.