അതിരുകളില്ലാത്ത സ്‌നേഹത്തണല്‍

എഡിറ്റർ ഇൻ ചാർജ്, സിറാജ്
Posted on: August 4, 2019 1:32 pm | Last updated: August 5, 2019 at 7:46 pm

അതിരുകളില്ലാത്ത സ്‌നേഹ സൗഹൃദത്തിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ യുവ പത്ര പ്രവര്‍ത്തകന്‍ മാത്രമല്ല സിറാജിനെ നെഞ്ചേറ്റിയ കര്‍മ്മോത്സുകന്‍ കൂടിയാണ് ബഷീറിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. പത്ര പ്രവര്‍ത്തനത്തോട് അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയ ബഷീര്‍ പിറന്നുവീണ വര്‍ഷമാണ് സിറാജ് എന്ന അക്ഷര വെളിച്ചവും പിറവി കൊണ്ടത്. പുഞ്ചിരിയിലൂടെ തണല്‍ വിരിക്കുന്ന നന്മ മരം 35 ാമത്തെ വയസ്സില്‍, ലഹരിക്കടിപ്പെട്ട ബ്യൂറോക്രാറ്റിന്റെ വളയം പിടിച്ച കൈകളില്‍ ഞെരിഞ്ഞമര്‍ന്നപ്പോള്‍ ഒരായുസ്സ് മുഴുവന്‍ പണിത് തീരാത്ത സൗഹൃദ കൂട്ടായ്മകളും സഹവര്‍ത്തിത്വത്തിന്റെ മാതൃകകളും കാഴ്ച വെച്ചാണ് യാത്രയായത്. അപരിചിതരെ നിമിഷം കൊണ്ട് സ്നേഹത്തണലിലാക്കുന്ന യുവാവില്‍ യഥാര്‍ഥ പത്ര പ്രവര്‍ത്തകന്റെ ധാര്‍മികതയും ഗുണവിശേഷങ്ങളും നിഴലിച്ചിരുന്നു.

ലോകം ഉറങ്ങിയാലും പത്ര പ്രവര്‍ത്തകന്‍ കണ്ണ് തുറന്നിരിക്കണം. അര്‍ധരാത്രിയില്‍ പോലും ഉണര്‍വോടെ പത്ര പ്രവര്‍ത്തനം നടത്തിയ ബഷീര്‍ മാധ്യമ ലോകത്തെ മറക്കാനാവാത്ത ഗുണ
പാഠമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമെല്ലാം ബഷീറിന്റെ സുഹൃദ് വലയത്തിലെ മുറിയാത്ത കണ്ണികളാണ്. ജാതിമത
കക്ഷിഭേദമില്ലാതെ എല്ലാവരെയും സ്നേഹത്തണലില്‍ പരിലാളിക്കാനായി. തിരുവനന്തപുരത്ത് ബഷീറും കുടുംബവും താമസിക്കുന്ന വീട് തന്നെ
ഈ സൗഹൃദക്കൂട്ടായ്മയുടെ വിളംബരമാണ്. ബഷീറിനല്ലാതെ മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കില്ല എന്ന വ്യവസ്ഥ പ്രകാരമാണ് ഈ വീട് സിറാജിന് അനുവദിച്ച് തന്നത് തന്നെ. ബന്ധുക്കളായ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന കോളനി മാതൃകയിലുള്ള ഈ കോംപ്ലക്സില്‍ ബഷീറും അവന്റെ കുടുംബവും സുപ്രധാന ചടങ്ങുകളിലും അവരുടെ സുഖസൗഹൃദങ്ങളിലുമെല്ലാം ഒരു കണ്ണിയാണ്.

മെയിന്‍ ഡസ്‌കിലെ ആവശ്യങ്ങളോട് ചൂടോടെ പോസിറ്റീവായി പ്രതികരിക്കുന്ന യുവാവ് മിടുക്കരായ പത്ര പ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. തിരുവനന്തപുരത്തെ സംഘടനാ നേതാക്കള്‍ക്ക് അത്താണിയാണ് ബഷീര്‍. മുഖ്യമന്ത്രി മുതല്‍ വകുപ്പ് മന്ത്രിമാരെ വരെ കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയും രംഗ പശ്ചാത്തലമൊരുക്കുകയുമൊക്കെ ബഷീര്‍ സ്വയം ഏറ്റെടുക്കും. നേതാക്കള്‍ വരുമ്പോള്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശകനായ പത്ര പ്രവര്‍ത്തകനാകും ബഷീര്‍. പരിചാരകന്‍ വരെയാകും.

പരമ്പരയായാലും ഫീച്ചറായാലും അന്വേഷണാത്മക സ്റ്റോറിയായാലും ബഷീര്‍ ടച്ച് ആസ്വാദ്യകരമാണ്. വാര്‍ത്താ ദാരിദ്ര്യം നേരിടുമ്പോഴൊക്കെ ബഷീറിന്റെ ട്രഷറിയില്‍ വാര്‍ത്തകള്‍ ബഫര്‍ സ്റ്റോക്കായിരിക്കും. സ്വയം പ്രവര്‍ത്തിപ്പിച്ച് സഹ പ്രവര്‍ത്തകരെ ചലിപ്പിക്കുന്ന രീതിശാസ്ത്രം ബഷീറിയന്‍ ടച്ച് ആയിരുന്നു. പങ്കുവെക്കലിന് റെ വലിയ മാതൃകയായിരുന്ന ബഷീറിന് ശത്രുക്കളില്ല. എല്ലാവരും മിത്രങ്ങള്‍.