Connect with us

Kerala

കെഎം ബഷീര്‍ മിടുക്കനായ മാധ്യമപ്രവര്‍ത്തകന്‍; അപകടം വരുത്തിയത് ഐഎഎസ് ഉദ്യോഗസ്ഥനെന്നത് ലജ്ജാകരം-മന്ത്രി എംഎം മണി

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെഎം ബഷീറിന്റെ അപകടമരണത്തിനിടയാക്കിയ ശ്രീറാം വെങ്കിട്ട രാമനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ലഭിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പറഞ്ഞു.

അപകടം വരുത്തിയത് ഐഎഎസ് ഉദ്യോഗസ്ഥനാണെന്നതും കുറ്റം ഒപ്പമുണ്ടായിരുന്ന സ്ത്രീയില്‍ ചാര്‍ത്താന്‍ ശ്രമിച്ചതും ലജ്ജാകരമാണെന്നും പോസ്റ്റില്‍ തുടര്‍ന്ന് പറയുന്നു

ഫേസ്പുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

അര്‍ദ്ധരാത്രി അമിതവേഗതയില്‍ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യും. അതില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സര്‍ക്കാര്‍ സമീപനം.

Latest