National
കശ്മീരി ജനതയെ ഇത്രയും പരിഭ്രാന്തരായി മുമ്പൊരിക്കലും കണ്ടിട്ടില്ല; നടക്കുന്നത് മനശ്ശാസ്ത്ര യുദ്ധം: മെഹ്ബൂബ

ശ്രീനഗര്‍: തീവ്രവാദ ആക്രമണ ഭീഷണി മുന്‍നിര്‍ത്തി അമര്‍നാഥ് യാത്രികരും ടൂറിസ്റ്റുകളും കശ്മീര്‍ താഴ്‌വര വിട്ടുപോകണമെന്ന സര്‍ക്കാര്‍ ഉത്തരവ് ജനങ്ങളെ പരിഭ്രാന്തരാക്കിയതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്തി. ജനങ്ങളില്‍ ഇത്രമാത്രം ഭീതിയുണ്ടായ മറ്റൊരു അവസരം ഇതിനു മുമ്പുണ്ടായിട്ടില്ല. മനശ്ശാസ്ത്ര യുദ്ധമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. കശ്മീരി ജനത ഇത്രയും പരിഭ്രാന്തരായി ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല. കൂടുതല്‍ സൈനികരെ വിന്യസിച്ചതടക്കം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കശ്മീരില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സ്ഥിതിഗതികളെ സങ്കീര്‍ണവും ഭീതിജനകവുമാക്കിയിരിക്കുകയാണ്.
കശ്മീരിലെ സാഹചര്യം സാധാരണ നിലയിലാണെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ സൈന്യത്തെ ഇവിടേക്ക് നിയോഗിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
അമര്‍നാഥ് യാത്രികര്‍ക്കുള്ള മുന്നറിയിപ്പും സന്ദേഹങ്ങള്‍ക്ക് വഴിവെക്കുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കശ്മീരിന് നല്‍കപ്പെട്ടിട്ടുള്ള ഭരണഘടനാപരമായ പദവിക്ക് ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളത്. അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ അതിനെതിരെ ശക്തമായി രംഗത്തു വരുമെന്നത് ഉറപ്പാണ്. പി ഡി പി നേതാവ് പറഞ്ഞു.
കശ്മീര്‍ ജനതയുടെ ഹൃദയം കീഴടക്കുന്നതിനെ കുറിച്ചാണ് പ്രധാന മന്ത്രി സംസാരിക്കുന്നത്. എങ്കില്‍ പിന്നെ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് എന്തുകൊണ്ടാണ്. അമര്‍നാഥ് യാത്രികരെയും ടൂറിസ്റ്റുകളെയും മടക്കിയയക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ, ജമ്മുവിലെയും ലഡാക്കിലെയും ജനങ്ങള്‍ എങ്ങോട്ടു പോകുമെന്ന് നിങ്ങള്‍ ചിന്തിക്കാത്തത് എന്തുകൊണ്ടാണ്- മെഹ്ബൂബ ചോദിച്ചു.