National
തീവ്രവാദി ആക്രമണ ഭീഷണി: അമര്‍നാഥ് തീര്‍ഥാടകര്‍ ഉടന്‍ കശ്മീര്‍ വിടാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്, അമര്‍നാഥ് തീര്‍ഥാടകരും ടൂറിസ്റ്റുകളും ഉടന്‍ കശ്മീര്‍ താഴ്‌വര വിട്ടുപോകണമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാറിന്റെ ഉത്തരവ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലെ സുരക്ഷാ സ്ഥിതിഗതികളും കണക്കിലെടുത്ത് തീര്‍ഥാടകരും ടൂറിസ്റ്റുകളും അടിയന്തരമായി താഴ്‌വരയില്‍ നിന്ന് തിരിച്ചുപോകണം-ഉത്തരവില്‍ പറഞ്ഞു. അമര്‍നാഥ് യാത്രികരെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ജമ്മു കശ്മീരിലെ തീവ്രവാദികള്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് വിവരം നല്‍കിയിട്ടുണ്ടെന്ന് സൈന്യവും ഉന്നത പോലീസുദ്യോഗസ്ഥരും അറിയിച്ച് മിനുട്ടുകള്‍ക്കകമാണ് മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.
ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ പാക് ഫാക്ടറിയുടെ സ്റ്റിക്കര്‍ പതിച്ച ഒരു കുഴിബോംബും അമേരിക്കന്‍ സ്‌നൈപ്പര്‍ റൈഫിളും കണ്ടെടുത്തിരുന്നു. വ്യാഴാഴ്ച രാത്രി സുരക്ഷാ സേനക്കു നേരെ ആക്രമണമുണ്ടായ ഷോപിയാനില്‍ ഇപ്പോഴും തിരച്ചില്‍ നടന്നുവരികയാണ്.