Kozhikode
മുത്വലാഖ് ബിൽ പൗരാവകാശ ലംഘനം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: മുത്വലാഖ് ബിൽ ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നതാണ് ബിൽ. മറ്റു മതങ്ങളിലെല്ലാം വിവാഹ മോചനം സിവിൽ കുറ്റമാണെന്നിരിക്കെ മുസ്‌ലിം വിവാഹ മോചനം മാത്രം ക്രിമിനൽ കുറ്റമായി മാറുകയാണ് പുതിയ നിയമത്തിലൂടെ.
ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതും നിരവധി പോരായ്മകളുള്ളതുമാണ് പുതിയ നിയമം. മുത്വലാഖ് നിയമപരമായി അംഗീകരിക്കുന്നില്ലെങ്കിൽ മുത്വലാഖ് ചൊല്ലിയതിന്റെ പേരിൽ എന്തിനാണ് പുരുഷനെ ശിക്ഷിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരാളെ ശിക്ഷിക്കുന്നത് പൗരാവകാശ ലംഘനമാണ്. വിവാഹ മോചനത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ദമ്പതികൾക്ക് ഒരുമിച്ചു ജീവിക്കാനുള്ള എല്ലാ വഴികളും അടയുമ്പോൾ മാത്രം സമൂഹത്തിന്റെ അംഗീകാരത്തോടെ ജീവിക്കാനുള്ള പുതുവഴി തുറക്കുകയാണ് ത്വലാഖ്. ഇതിനാണ് ഇസ്‌ലാം ത്വലാഖ് അനുവദിക്കുന്നത്. ഇത് സ്ത്രീ-പുരുഷൻമാരുടെ സ്വാതന്ത്ര്യത്തെയും ജീവിത താത്പര്യങ്ങളെയും ഒരു പോലെ സംരക്ഷിക്കുന്നു. മുസ്‌ലിം പണ്ഡിതൻമാരിൽ നിന്ന് വിഷയത്തെ ആഴത്തിൽ പഠന വിധേയമാക്കാൻ ഭരണകൂടം തയ്യാറാകണം. രാജ്യവും രാജ്യത്തെ ന്യൂനപക്ഷ സമുദായവും നേരിടുന്ന നിരവധി ജീവൽ പ്രശ്നങ്ങൾ നിലനിൽക്കെ മുത്വലാഖ് പോലുള്ള കാര്യങ്ങൾ മുഖ്യവിഷയമായി വരുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമായിട്ടു മാത്രമേ കാണാൻ കഴിയുകയുള്ളൂ.
മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്നവരുടെ പ്രതിനിധികൾ ബിൽ അവതരണ വേളയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്ക് മൗനസമ്മതം നൽകുകയാണ് ചെയ്തതെന്നും മുസ്‌ലിം ജമാഅത്ത് കുറ്റപ്പെടുത്തി. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, പേരോട് അബ്ദുർ റഹ്മാൻ സഖാഫി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി മൂസ ഹാജി, പ്രൊഫ. യു സി അബ്ദുൽ മജീദ്, സി പി സെയ്തലവി പങ്കെടുത്തു.