Gulf
കോഴിക്കോട് വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് റദ്ദ് ചെയ്തു; യാത്രക്കാര്‍ വലഞ്ഞു

ദുബൈ: കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനം അര മണിക്കൂര്‍ മുമ്പ് റദ്ദ് ചെയ്തതായി പരാതി. ബുധനാഴ്ച വൈകീട്ട് 4.10ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുറപ്പെടേണ്ടുന്നതിന്റെ അര മണിക്കൂര്‍ മുന്‍പ് യാത്ര റദ്ദ് ചെയ്തത്.
189 ഓളം സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ ഇതുമൂലം ദുരിതത്തിലായി. വിസ കാലാവധി കഴിഞ്ഞവരും ചികിത്സക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ബോര്‍ഡിങ് പാസ് നല്‍കി യാത്രക്കാര്‍ എമിഗ്രേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ച് വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനായി ലോബ്ബിയില്‍ കാത്തിരിക്കുന്ന ഘട്ടത്തിലാണ് സാങ്കേതിക തകരാര്‍ മൂലം വിമാനം റദ്ദ് ചെയ്യുന്നതായുള്ള അറിയിപ്പുണ്ടാകുന്നതെന്ന് യാത്രക്കാരനായ മമ്പാട് സ്വദേശി പുളിക്കല്‍ മുഹമ്മദ് മുബാറക്ക് പറയുന്നു.
വിമാനം റദ്ദ് ചെയ്തതോടെ മറ്റ് എമിറേറ്റുകളില്‍ നിന്നും എത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് ഏറെ വലഞ്ഞത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കാമെന്നും അത്യാവശ്യമായി യാത്ര ചെയ്യേണ്ടുന്നവര്‍ക്ക് മറ്റേതെങ്കിലും സര്‍വീസില്‍ സീറ്റ് സൗകര്യം ഏര്‍പ്പെടുത്തി നല്‍കാമെന്നും വിമാന കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ടിക്കറ്റ് തുക മടക്കി നല്‍കുന്നതിനുള്ള നടപടികള്‍ അഞ്ച് മുതല്‍ ആറ് ദിവസം വരെ നീളുന്നതിനാല്‍ അത്യാവശ്യം ടിക്കറ്റ് എടുക്കേണ്ടവര്‍ക്ക് യാത്ര ദുരിതമായിരിക്കുകയാണ്.
കൂടാതെ കുട്ടികളും പ്രായം ചെന്നവരുമായവരുമായി വിമാനത്താവളത്തിലെത്തിയവര്‍ക്ക് ലഗേജുകള്‍ തിരിച്ചെടുക്കുവാനുള്ള പ്രക്രിയകള്‍ അടക്കം തുടര്‍ യാത്ര ബുദ്ധിമുട്ടായെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.