Connect with us

Gulf

അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ

Published

|

Last Updated

ദുബൈ: ദുബൈ അവീറിലുള്ള എമിഗ്രേഷന്‍ ജയിലിലെ അന്തോവാസികളെ സന്ദര്‍ശിക്കാന്‍ പുതിയ സമയക്രമം. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചത്. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെ പുരുഷ തടവുകാരെ സന്ദര്‍ശിക്കാനും ശനിയാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെ വനിതാ തടവുകാരെ സന്ദര്‍ശിക്കാനാകും. മുമ്പ് എമിഗ്രേഷന്‍ ജയില്‍ സന്ദര്‍ശന സമയം വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ 12 വരെ പുരുഷന്മാരെയും വൈകിട്ട് നാല് മുതല്‍ ആറ് വരെ സ്ത്രീകളെയും സന്ദര്‍ശിക്കാനുള്ള സമയക്രമാണ് നിലവിലുണ്ടായിരുന്നത്.

അതേസമയം അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയോ അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യരുതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈഥ് പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് പിഴ. അനധികൃത താമസക്കാര്‍ക്ക് താമസ -കുടിയേറ്റ രേഖകള്‍ ശരിയാക്കാനും പിഴയോ ശിക്ഷാ നടപടികളോ കൂടാതെ തന്നെ വിസ സ്റ്റാറ്റസ് ശരിയാക്കാനുമായി കഴിഞ്ഞ വര്‍ഷം യുഎ ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.

പൊതുമാപ്പിന്റെ അവസരം ഉപയോഗപ്പെടുത്താതെ ഇവിടെ തങ്ങുന്നവര്‍ക്ക് എതിരെ നടപടികള്‍ ഉണ്ടാകുമെന്ന് അധിക്യതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ കാലയളവില്‍ പൊതുമാപ്പിന്റെ പ്രചാരണവും അതിന്റെ ആനുകൂല്യങ്ങളും മലയാളമടക്കമുള്ള വിവിധ ഭാഷ- മാധ്യമങ്ങളിലൂടെ എമിഗ്രേഷന്‍ വകുപ്പ് നിരന്തരം പൊതുജനങ്ങളെ ബോധവത്കരിച്ചിരുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥികള്‍ അംഗീകരിക്കാതെ ഇവിടെ തങ്ങുന്നത് നിയമലംഘനമാണ്. ഇതിനെ ഏറെ ഗൗരവമായാണ് അധിക്യതര്‍ നോക്കി കാണുന്നത്.

കഴിഞ്ഞ വര്‍ഷം ദുബൈയില്‍ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05,809 പേര്‍ക്കായിരുന്നുവെന്ന് ദുബൈ എമിഗ്രേഷന്‍ മേധാവി പറഞ്ഞു. ഇതില്‍ 1,212 പേര്‍ യുദ്ധം കൊണ്ടും പ്രകൃതിക്ഷോഭം തൊണ്ടും കഷ്ടതയനുഭവിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ കാലയളവില്‍ ദുബൈയില്‍ 13,843 പേര്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റിയെടുത്തു, 18,530 പേര്‍ വിസ പുതുക്കുകയും 6,288 ആളുകള്‍ക്ക് പുതിയ റസിഡന്‍സി വിസ വകുപ്പ് അനുവദിച്ചു നല്‍കുകയും ചെയ്തു. പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കി ദുബൈയില്‍ നിന്ന് രാജ്യം വിട്ടവര്‍ 30,387 പേരാണെന്ന് അധിക്യതര്‍ വ്യക്തമാക്കി.

ദുബൈയിലെ പൊതുമാപ്പ് കേന്ദ്രമായ അല്‍ അവീറില്‍ വിപുലമായ സൗകര്യങ്ങളാണ് അധിക്യതര്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലെ പൊതുമാപ്പില്‍ നിന്ന് വ്യത്യസ്തമായി രാജ്യം വിട്ടുപോയവര്‍ക്ക് വീണ്ടും യു എ ഇയിലേക്ക് തന്നെ തിരിച്ചുവരാനുള്ള അവസരവും അധികൃതര്‍ ഈയവസരത്തില്‍ നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest