ഭക്ഷണത്തിന് മതമില്ല: ഓർഡർ റദ്ദാക്കിയ ആൾക്ക് സൊമാറ്റോയുടെ മറുപടി

Posted on: August 1, 2019 6:30 am | Last updated: August 1, 2019 at 2:34 pm

ന്യൂഡൽഹി: ഡെലിവറി ബോയ് അഹിന്ദു ആയതിനാൽ ഭക്ഷണം മടക്കി അയച്ച ഉപഭോക്താവിന് കുറിക്കു കൊള്ളുന്ന മറുപടി നൽകി ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ. ഭക്ഷണത്തിന് മതമില്ലെന്നും അതു തന്നെയൊരു മതമാണെന്നുമായിരുന്നു കന്പനിയുടെ തിരിച്ചടി. കൂടാതെ തങ്ങളുടെ മൂല്യങ്ങളെ മുറുകെ പിടിക്കേണ്ടി വരുന്നത് കൊണ്ട് ഏതെങ്കിലും കച്ചവടം നഷ്ടമായാൽ അതിൽ ഖേദിക്കുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.

മധ്യപ്രദേശിലെ ജബൽപൂർ സ്വദേശി അമിത് ശുക്ലയാണ് ഭക്ഷണം കൊണ്ടുവന്നയാൾ അഹിന്ദുവാണെന്ന കാരണത്താൽ ഓർഡർ ക്യാൻസൽ ചെയ്തത്. നമോ സർക്കാർ എന്നാണ് ഇയാളുടെ ട്വിറ്റർ അക്കൗണ്ടിന്റെ പ്രൊഫൈൽ പേര്. തനിക്ക് ഭക്ഷണം എത്തിക്കാൻ അവർ അഹിന്ദുവിനെയാണ് വിട്ടത്. അവർക്ക് ഡെലിവറി ബോയിയെ മാറ്റാൻ കഴിയില്ലേയെന്നും ക്യാൻസൽ ചെയ്ത ഭക്ഷണത്തിന്റെ പണം തിരിച്ചു തരാനാവില്ലേയെന്നും ചോദിച്ച് അമിത് ശുക്ല ട്വീറ്റ് ചെയ്തു. സൊമാറ്റോ കസ്റ്റമർ കെയറുമായി നടത്തിയ ആശയ വിനിമയത്തിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതുസംബന്ധമായി കേസ് കൊടുക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

 

ചൊവ്വാഴ്ച രാത്രിയാണ് അമിത് ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ബുധനാഴ്ച രാവിലെയാണ് അമിതിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സൊമാറ്റോ പ്രതികരിച്ചത്. സൊമാറ്റോ സ്ഥാപകൻ ദീപേന്ദ്ര ഗോയലും കമ്പനിയുടെ നിലപാടിനെ പിന്തുണച്ചു. ഇന്ത്യ എന്ന ആശയത്തിലും തങ്ങളുടെ ഉപഭോക്താക്കളുടേയും പങ്കാളികളുടേയും വൈവിധ്യത്തിലും അഭിമാനം കൊള്ളുന്നെന്നും ഗോയൽ ട്വീറ്റ് ചെയ്തു.
ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി. അമിതിനെ പോലുള്ളവരുടെ വർഗീയ നിലപാടിനെതിരെ പ്രതികരിച്ച സൊമാറ്റോക്ക് നന്ദി എന്നായിരുന്നു ട്വിറ്ററിൽ പലരും കുറിച്ചത്. ഇയാളെ പോലെയുള്ള ഉപഭോക്താക്കളെ നിങ്ങൾ എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും അവർ ഒരു പാഠം പഠിക്കട്ടെ, ചിലർ കുറിച്ചു.