National
ഉന്നാവോ: അഞ്ച് കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്; പ്രത്യേക ജഡ്ജി വിചാരണ നടത്തണം

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസ് ലഖ്‌നൗ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. കേസില്‍ പ്രത്യേക ജഡ്ജി വിചാരണ നടത്തണം. സംഭവവുമായി ബന്ധപ്പെട്ട അഞ്ചു കേസുകളാണ് അടിയന്തരമായി ഡല്‍ഹിയിലേക്കു മാറ്റേണ്ടത്. കേസുകളുടെ വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം. പെണ്‍കുട്ടിക്കും മാതാവിനും അഭിഭാഷകനും കേന്ദ്ര സേനയുടെ സുരക്ഷ നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി 20 ലക്ഷം രൂപ യു പി സര്‍ക്കാര്‍ നല്‍കണം. കുടുംബത്തിന് സമ്മതമാണെങ്കില്‍ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടിക്ക് പരുക്കേല്‍ക്കാനിടയായ വാഹനാപകടത്തില്‍ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കേസന്വേഷിക്കുന്ന സി ബി ഐയോട് പരമോന്നത കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് സി ബി ഐ ഒരുമാസത്തെ സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സി ബി ഐ പ്രതിനിധികള്‍ കോടതിയില്‍ ഹാജരായത്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഇരയുടെ പരാതി പരിഗണിക്കവെ കോടതി ചോദിച്ചു. വളരെയേറെ വിഷമകരമായ സാഹചര്യമാണിത്. അതിനിടെ, പെണ്‍കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ സി ബി ഐ അന്വേഷണ സംഘമെത്തി. കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് സംഘം മൊഴിയെടുക്കും.