Kozhikode
മുത്വലാഖ് ബിൽ: വഹാബ് വിട്ടുനിന്നതിനെ ചൊല്ലി ലീഗിൽ വിവാദം

കോഴിക്കോട്: രാജ്യസഭയിൽ മുത്വലാഖ് ചർച്ചയിൽ പാർട്ടിയുടെ ഏക അംഗം പി വി അബ്ദുൽ വഹാബ് പങ്കെടുക്കാത്തതിനെ ചൊല്ലി മുസ്‌ലിം ലീഗിൽ വിവാദം കൊഴുക്കുന്നു. സഭകളിൽ സമുദായവുമായി ബന്ധപ്പെട്ട് നിർണായക നിലപാടെടുക്കേണ്ട സമയത്ത് വിട്ടുനിൽക്കുന്ന പാർട്ടി നേതാക്കളെ ചോദ്യം ചെയ്ത് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്മുഈനലി ശിഹാബ് തങ്ങൾ രംഗത്ത് വന്നു. നേരത്തേ ലോക്‌സഭയിൽ വിഷയം വോട്ടിനിട്ടപ്പോൾ പങ്കെടുക്കാതിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടിയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. അന്ന് ഗുരുതര വീഴ്ച പാർട്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഭാഗത്തുനിന്നുണ്ടായെന്ന വിമർശനം നിലനിൽക്കെയാണ് ഇപ്പോൾ രാജ്യസഭയിൽ മുത്വലാഖ് ബിൽ ചർച്ചക്കിട്ടപ്പോഴും പാർട്ടി അംഗത്തിന്റെ ഭാഗത്തു നിന്ന് കടുത്ത അലംഭാവമുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നുള്ള ഡി എം കെ അംഗം ഇളങ്കോവൻ പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു അധ്യക്ഷന്റെ ഇരിപ്പിടത്തിലുണ്ടായിരുന്ന ഭൂബനേശ്വർ കലിത പി വി അബ്ദുൽ വഹാബിന്റെ പേര് വിളിച്ചത്. എന്നാൽ, അദ്ദേഹം ആ സമയത്ത് സഭയിൽ ഉണ്ടായില്ല. ഇതേതുടർന്ന് എൻ സി പിയിലെ മജീദ് മേമനെ ക്ഷണിക്കുകയായിരുന്നു. അഞ്ച് മണികഴിഞ്ഞും ചർച്ച നീണ്ടെങ്കിലും ഈ സമയത്തും അദ്ദേഹം എത്തിയില്ല. എന്നാൽ, നിയമമന്ത്രി രവിശങ്കർപ്രസാദിന്റെ സംസാരം അവസാനിക്കാറായപ്പോഴാണ് വഹാബ് സഭയിൽ തിരിച്ചെത്തിയത്.
നേരത്തേ നൽകിയ സമയമായിരുന്നിട്ട് കൂടി ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രതികരിക്കുന്നത്. ബിൽ പാസ്സാക്കിയെടുക്കാൻ മുസ്‌ലിം ലീഗിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണയാണിതെന്നാണ് വിമർശം. വഹാബിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഉത്തവാദിത്വം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ അദ്ദേഹം രാജിവെക്കണമെന്നും മുഊനലി തങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, സി പി എം നൽകിയ ടിക്കറ്റിൽ രാജ്യസഭയിലെത്തിയ ലോക്‌താന്ത്രിക് ജനതാദൾ നേതാവ് എം പി വീരേന്ദ്രകുമാറും സഭയിൽ എത്തിയില്ല. സി പി എം ബില്ലിനെതിരെ എതിർത്ത് വോട്ട് ചെയ്തപ്പോൾ വീരേന്ദ്ര കുമാർ വിട്ടുനിന്നതിനെതിരെ ഇടതുപക്ഷത്ത് എതിർപ്പ് ശക്തമാണ്.
കേരളാ കോൺഗ്രസിൽ നിന്നുള്ള ജോസ് കെ മാണി സഭയിൽ വോട്ട് ചെയ്യാനെത്താതിരുന്നതും കേരളത്തിൽ യു ഡി എഫിന് ഇരട്ടപ്രഹരമായി. ബില്ല് സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന സി പി എം അംഗം എളമരം കരീമിന്റെ പ്രമേയം പോലും പാസ്സാക്കിയെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന വിമർശവും ശക്തമാണ്. മുത്വലാഖ് വിഷയത്തിൽ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാൻ പോലും കോൺഗ്രസിനായില്ല. പല പ്രതിപക്ഷ കക്ഷികളും സർക്കാറിനനുകൂല നിലപാട് സ്വീകരിക്കുകയും കേരളത്തിൽ നിന്നുൾപ്പെടെയുള്ള അംഗങ്ങൾ വിട്ടു നിൽക്കുകയും ചെയ്തപ്പോഴാണ് ബിൽ പാസ്സാക്കിയത്.
ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ ബിൽ വോട്ടിനിട്ടപ്പോൾ എൻ സി പിയിലെ ശരത് പവാർ, പ്രഫുൽ പട്ടേൽ തുടങ്ങിയവരൊന്നും എതിരെ വോട്ട് ചെയ്യാൻ സഭയിൽ എത്തിയിരുന്നില്ല. എ ഐ എ ഡി എം കെയുടെ 11 അംഗങ്ങൾ ഇറങ്ങിപ്പോയി. തെലങ്കാനാ രാഷ്‌ട്രസമിതിയുടെ ആറ് അംഗങ്ങൾക്ക് പുറമെ സമാജ്‌വാദി പാർട്ടിയിലെ അഞ്ച്, തെലുഗുദേശത്തിലെ രണ്ട്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിനെത്താതെ സർക്കാറിനെ സഹായിച്ച രാഷ്‌ട്രീയ പാർട്ടികളാണ്. അതേസമയം, പി വി അബ്ദുൽ വഹാബ് സ്വീകരിച്ച നിലപാട് കേരളത്തിൽ മുസ്‌ലിം ലീഗിനും കോൺഗ്രസിനും ഏറെ ക്ഷീണം ചെയ്യും. നേരത്തേ ഉപരാഷ്‍ട്രപതിയെ തിരഞ്ഞെടുക്കുന്ന ദിവസം വഹാബും കുഞ്ഞാലിക്കുട്ടിയും സഭയിൽ ഹാജരാകാതിരുന്നത് ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതി ബില്ലിന്മേലുള്ള വോട്ടെടുപ്പ് മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചതും വിവാദമായി.
വഹാബിനെ എം പിയാക്കരുതെന്ന് ചൂണ്ടിക്കാട്ടി മുനവ്വറലി ശിഹാബ് തങ്ങൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് നേരത്തേ വൻചർച്ചക്ക് വഴി വെച്ചിരുന്നു. അദ്ദേഹത്തിന് സീറ്റ് കൊടുത്തതിൽ ബാപ്പ (സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ) വിഷമിച്ചിരുന്നെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.