എന്‍ സി പിക്കും കോണ്‍ഗ്രസിനും തിരിച്ചടി; മഹാരാഷ്ട്രയില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ കൂടി ബി ജെ പിയില്‍

Posted on: July 31, 2019 2:41 pm | Last updated: July 31, 2019 at 6:12 pm

മുംബൈ: മഹാരാഷ്ട്രയില്‍ നാല് പ്രതിപക്ഷ എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു. എന്‍ സി പിയുടെ സന്ദീപ് നായിക്ക്, വൈഭവ് പിച്ചദ്, ശിവേന്ദ്ര ഭോസലെ, കോണ്‍ഗ്രസിന്റെ കാളിദാസ് കോലംപാക്കര്‍ എന്നിവരാണ് ബി ജെ പിയിലേക്ക് ചേക്കേറിയത്. ഇവര്‍ക്കു പുറമെ, എന്‍ സി പിയുടെ ആദിവാസി വിഭാഗം മുതിര്‍ന്ന നേതാവും പാര്‍ട്ടി തലവന്‍ ശരത് പവാറിന്റെ വിശ്വസ്തനുമായ മധുകര്‍ പിച്ചദ് (വൈഭവ് പിച്ചദിന്റെ പിതാവ്), എന്‍ സി പിയുടെ വനിതാ ഘടകം മുന്‍ മേധാവി ചിത്ര വാഗ്, പൂനെ പോലീസ് കമ്മീഷണറും മുന്‍ ഐ പി എസ് ഓഫീസറുമായ സാഹേബ് റാവു പാട്ടീല്‍ എന്നിവരും ഭരണകക്ഷിയില്‍ ചേര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹാജനദേശ് യാത്ര നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. മുംബൈയില്‍ നടന്ന ചടങ്ങില്‍ എം എല്‍ എമാര്‍ക്കും മറ്റുള്ളവര്‍ക്കും ബി ജെ പി അംഗത്വം നല്‍കി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ, അഞ്ച് എം എല്‍ എമാരെയാണ് എന്‍ സി പിക്കു നഷ്ടമായത്.
തിരഞ്ഞെടുപ്പ് വരെ പ്രതിപക്ഷത്തു നിന്ന് ബി ജെ പിയിലേക്കുള്ള ഒഴുക്കു തുടരുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. പത്ത് എം എല്‍ എമാരെ കൂടി പാര്‍ട്ടിയിലേക്ക് വരാനിരിക്കുകയാണെന്നും മറ്റു നിരവധി പേരുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഒരു ബി ജെ പി മന്ത്രി അവകാശപ്പെട്ടു.