ട്രോളിംഗ് നിരോധനം അര്‍ധരാത്രിയോടെ അവസാനിക്കും; ലൈസന്‍സ് ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

Posted on: July 31, 2019 1:23 pm | Last updated: July 31, 2019 at 3:06 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെ കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികള്‍. അതേ സമയം രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ ഏന്‍ഫോഴ്‌സ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍
മത്സ്യതൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ബയോമെട്രിക്ക് കാര്‍ഡുകളുടെ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.

സംസ്ഥാനത്തെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നുമായി 3800ല്‍ അധികം ബോട്ടുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും. ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ വര്‍ധിപ്പിച്ചതിന് പുറമെ കലാവസ്ഥ വ്യതിയാനവും മഴയുടെ കുറവും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇതിന് പുറമെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കിയ ബയോമെട്രിക്ക് കാര്‍ഡുകളുടെ വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ബോട്ടുകളിലും ചെറുവള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നിര്‍ബന്ധമാക്കിയിടുണ്ട്.