Connect with us

Articles

മനുഷ്യപ്പറ്റുള്ള ബുദ്ധിജീവികളെ ആവശ്യമുണ്ട്‌

Published

|

Last Updated

ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം എന്നത് പറഞ്ഞു പറഞ്ഞ് ക്ലീഷേ ആയ ഒരു സംഗതിയാണ്. സക്കറിയയുടെ വളരെ പ്രസിദ്ധമായ ഒരു ലേഖനത്തിന്റെ ചുവടൊപ്പിച്ചാണ് ഈ വിഷയത്തില്‍ ചര്‍ച്ചകളേറെയും നടക്കാറുള്ളത്. അന്ന് അതിന്റെ സാമൂഹിക പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍ ആ പ്രസ്താവത്തിലും പ്രയോഗത്തിലും സാംഗത്യമുണ്ടായിരുന്നു. കാരണം അന്നൊക്കെ സമൂഹത്തെ ഗ്രസിച്ചിരുന്ന നല്ലതും ചീത്തയുമായ ഏതു സംഭവങ്ങള്‍ക്കും ബുദ്ധിജീവി വര്‍ഗത്തിലെ ഒരു മാതിരിപ്പെട്ട നായകരൊക്കെ അഭിപ്രായങ്ങളും ഒപ്പുകളുമായി രംഗത്തു വന്നിരുന്ന കാലം കൂടിയായിരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വക്താക്കള്‍ക്ക് തുറന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ പല കാര്യത്തിലും പരിമിതിയും ഉണ്ടായിരുന്നു. ഇങ്ങനെയൊരു സാമൂഹികാന്തരീക്ഷം നിലനിന്നിരുന്ന സാഹചര്യങ്ങളിലായിരുന്നു സമൂഹത്തെ ഏറെ സ്വാധീനിക്കാന്‍ എഴുത്ത്, കല, സാഹിത്യ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കും എന്ന ധാരണ പൊതുസമൂഹത്തില്‍ നിലനിന്നിരുന്നത്. അതില്‍ ശരിയുമുണ്ടായിരുന്നു. അങ്ങനെയാണ് രാഷ്ട്രീയ പ്രബുദ്ധതക്കൊപ്പം സാംസ്‌കാരിക, സാഹിത്യ മേഖലകളിലും മികവു തെളിയിച്ച മലയാളികള്‍ ബുദ്ധിജീവി വിഭാഗത്തില്‍ പെട്ടവരിലും നായക പരിവേഷം കണ്ടിരുന്നത്.
സമൂഹം ആര്‍ജിത മൂല്യങ്ങളില്‍ നിന്ന് പിറകോട്ട് സഞ്ചരിക്കാന്‍ ഒരുങ്ങിയ ഓരോ സന്ദര്‍ഭങ്ങളിലും തിരുത്തിന്റെ വക്താക്കളായി സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ഒപ്പുകളും പ്രസ്താവനകളുമായി മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്ന് ഈ വിഭാഗത്തെയും ശക്തമായ രാഷ്ട്രീയ പക്ഷപാതിത്വം പിടികൂടിക്കഴിഞ്ഞ സാമൂഹികാന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ ഇടപെടേണ്ട പല വിഷയങ്ങളില്‍ നിന്നും അകലം പാലിച്ച് മാറിനില്‍ക്കാന്‍ രാഷ്ട്രീയപരമായി വിഭജിക്കപ്പെട്ട പല ബുദ്ധിജീവികളും നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുകയാണ്. അതിനര്‍ഥം മുന്‍ കാലങ്ങളെപ്പോലെ ഭരണകൂടത്തിന്റെ അസംതൃപ്തി ക്ഷണിച്ചു വരുത്താന്‍ പല ബുദ്ധിജീവികളും താത്പര്യപ്പെടുന്നില്ല എന്നതാണ്. സത്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകൂട ചെയ്തികള്‍ പൗരന്മാരെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ചു നിറുത്തി രാജ്യത്ത് ഏറ്റവും വലിയ ജീര്‍ണതക്ക് കൊടി പിടിക്കുന്ന ഈ കാലത്താണ് മേല്‍ വിഭാഗത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടത്. അതുണ്ടാകുന്നില്ല എന്നു മാത്രമല്ല, മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കുന്ന ബുദ്ധിജീവികളെ തീരെ ബുദ്ധികുറഞ്ഞ വംശീയ വെറിപൂണ്ട ചില കുബുദ്ധി ജീവികള്‍ രാജ്യദ്രോഹ പട്ടികയിലേക്ക് പേരു ചേര്‍ക്കുന്ന തിരക്കിലുമാണ്.

അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള കലാകാരനെപ്പോലും ചന്ദ്രഗ്രഹത്തിലേക്ക് നാടുകടത്തുമെന്നൊക്കെ പ്രസ്താവനയിറക്കാന്‍ സംഘികള്‍ക്ക് കേരളത്തില്‍ പോലും കഴിയുന്നുവെങ്കില്‍ ബുദ്ധിജീവി വിഭാഗത്തിലെ ചിലര്‍ക്കെങ്കിലും പിടിപെട്ടിട്ടുള്ള നിസ്സംഗതയുടെ പുറം തോട് പൊട്ടിച്ച് പുറത്തു വരാനുള്ള സമയമായി എന്നതിന്റെ സൂചനയാണത്. അധര്‍മങ്ങളും അനീതികളും വര്‍ഗീയ, വംശീയ വെറികളും ഇന്ത്യന്‍ തെരുവുകളില്‍ സംഹാര താണ്ഡവമാടുന്ന പശ്ചാത്തലത്തിലാണ് അടൂര്‍ അടക്കമുള്ള ബുദ്ധിജീവികളായ കലാകാരന്മാരുടെ ഒരുനിര അരുതേ എന്ന സന്ദേശം ഭരണ കൂടത്തിനു മുമ്പില്‍ ഒപ്പു ചാര്‍ത്തി ഓര്‍മിപ്പിക്കേണ്ടി വന്നത്. അതിന്റെ പേരില്‍ പോലും അടൂരിനെപ്പോലുള്ള ഒരു കലാകാരനെ നാടുകടത്തുമെന്ന് ചാനലുകളില്‍ വന്നിരുന്ന് ഭീഷണി മുഴക്കാന്‍ സംഘികള്‍ക്ക് കഴിയുന്നു എന്നിടത്താണ് ഇന്ത്യന്‍ ഫാസിസത്തിന്റെ വളര്‍ച്ച എത്തി നില്‍ക്കുന്നത്.

ഇതൊരു ചെറിയ കാര്യമല്ല. ഇതിനെ നിസ്സാരവത്കരിക്കപ്പെടേണ്ട ഒന്നായി കരുതി അന്തിചര്‍ച്ചകളിലൂടെ സംഘി സഹയാത്രികര്‍ക്ക് വീണ്ടും വീണ്ടും അവസരങ്ങള്‍ തുറന്നിട്ടു കൊടുക്കുന്ന വലതുപക്ഷ മാധ്യമ തന്ത്രങ്ങളും ഇത്തരം അസഹിഷ്ണുതക്ക് അറിഞ്ഞു കൊണ്ട് കുടപിടിക്കുകയാണ്. സ്വാഭാവികമായും ഇത്തരം അര്‍ധ ഫാസിസ്റ്റ് ചെയ്തികള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കേണ്ടത് അനിവാര്യമാകുന്നു. ദൗര്‍ഭാഗ്യവശാല്‍ വലിയൊരു തിരഞ്ഞെടുപ്പ് മാമാങ്കത്തോടെ ഡല്‍ഹിയില്‍ അധികാരം കൈപിടിയിലൊതുക്കിയ രണ്ടാം മോദി സര്‍ക്കാറിന്റെ വരവോടെ എതിര്‍പ്പുകള്‍ ഉയര്‍ത്തേണ്ട ഇന്ത്യന്‍ പ്രതിപക്ഷം തന്നെ ഫലത്തില്‍ നാമാവശേഷമായിരിക്കുകയാണ്.

തന്നെയുമല്ല ബി ജെ പിക്ക് വെല്ലുവിളിയായേക്കുമെന്ന് ചില ശുദ്ധാത്മാക്കളെങ്കിലും കരുതിയിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിന്റെ നേതൃത്വവുമെല്ലാം കാവി വര്‍ഗീയതക്കു മുമ്പില്‍ സമ്പൂര്‍ണമായി കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരുവേള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ നിലനില്‍ക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഝാര്‍ഖണ്ഡിലുമെല്ലാം മുസ്‌ലിം, ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള ആള്‍ക്കൂട്ടാക്രമണങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയാണ്. അവിടങ്ങളിലും ഭരണകൂട ഒത്താശകളുടെ ഔദാര്യം പറ്റുന്നവര്‍ വര്‍ഗീയവാദികളും അര്‍ധ ഫാസിസ്റ്റുകളുമാണെന്നതാണ് നിലവിലെ അവസ്ഥ.

മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടിയോ മായാവതിയുടെ എസ് പിയോ ഒന്നും ഈ ആള്‍ക്കൂട്ട ഭ്രാന്തിനെ വലിയൊരു വിഷയമായി എടുത്ത മട്ടില്ല. ന്യൂനപക്ഷ വിഭാഗങ്ങളിലെ വ്യക്തികളെ ഭീകരവാദത്തിന്റെ പേരില്‍ ഒറ്റതിരിഞ്ഞ് വേട്ടയാടി നശിപ്പിക്കാന്‍ പാകത്തില്‍ ഒരുക്കിയെടുത്ത എന്‍ ഐ എ നിയമ ഭേദഗതിക്ക് മുലായം സിംഗില്‍ നിന്ന് പോലും പിന്തുണ നേടാന്‍ മോദിക്കും അമിത് ഷാക്കും കഴിയുന്നുവെങ്കില്‍ ഇനി ആര് ആരെ കാത്തിരിക്കാനാണ്? ദുര്‍ബലമായ അവസ്ഥയിലാണെങ്കില്‍ പോലും നാള്‍ക്കുനാള്‍ തിടംവെച്ച് വളര്‍ന്നു വലുതാകുന്ന ഫാസിസത്തിനെതിരെ ആത്മാര്‍ഥമായി എന്തെങ്കിലും ശബ്ദിക്കാനെങ്കിലും തയ്യാറാകുന്ന ഇന്ത്യന്‍ ഇടതു പക്ഷത്തിന്റെ നാശം ആഘോഷിക്കാനുള്ള തിരക്കിലാണ് കേരളം പോലുള്ള സംസ്ഥാനത്തെ രാഷ്ട്രീയ സംഘടനകളും അവരുടെ പ്രചാരണ മീഡിയകളും.

ഇത്തരം ആപത്കരമായ ഒരു സവിശേഷ സാഹചര്യം നിലനില്‍ക്കുന്ന സമയത്താണ് ബുദ്ധിജീവി വിഭാഗത്തിന്റെ നിര്‍ഭയമായ ഇടപെടലുകള്‍ നാം ആഗ്രഹിക്കുന്നത്. വലതു പക്ഷത്തോട് ഒട്ടിനിന്നിരുന്ന ബുദ്ധിജീവി വര്‍ഗത്തിലെ നല്ലൊരു ശതമാനവും സമ്പൂര്‍ണമായും ഫാസിസ്റ്റ് ചേരിയിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുമ്പോള്‍ ഇവിടെയും പ്രതീക്ഷ ഇടതുപക്ഷാഭിമുഖ്യമുള്ള ബുദ്ധിജീവികളില്‍ തന്നെയാണ്. കേരളത്തില്‍ നിന്ന് തന്നെയാണ് ചെറിയ തോതിലെങ്കിലുമുള്ള പ്രതീക്ഷാനിര്‍ഭരമായ തുടക്കം കണ്ടുവരുന്നത്.

ഒരു കാലത്ത് ഫാസിസം അതിന്റെ പിടിമുറുക്കിയ ഇറ്റലിയില്‍ നിന്നുള്ള വിശ്വവിഖ്യാത എഴുത്തുകാരന്‍ ഉംബര്‍ട്ടോ എക്കോ ഒരിക്കല്‍ പറഞ്ഞു. “ഒരു ബുദ്ധിജീവി യഥാര്‍ഥത്തില്‍ ഉപകരിക്കപ്പെടുന്നത് ഭാവിയിലേക്കു മാത്രമാണ്. വര്‍ത്തമാനത്തിലല്ല.” കലുഷിതമായ ഇന്ത്യന്‍ വര്‍ത്തമാനം കൂടുതല്‍ അപകടകരമായ ഭാവിയിലേക്ക് അതിവേഗത്തില്‍ പാഞ്ഞടുക്കുമ്പോള്‍ പ്രതിരോധത്തിന്റെ കവചങ്ങള്‍ ഒരുക്കാന്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിയും എന്നതു തന്നെയാണ് സത്യം.

കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി

---- facebook comment plugin here -----

Latest