Connect with us

Kerala

മുത്തലാഖ് നിരോധന ബില്‍ ഗൂഢ അജണ്ടയുടെ ഭാഗം: എളമരം കരീം എംപി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ മുത്തലാഖ് ബില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എളമരം കരീം എംപി രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ബില്ല് മുസ്ലീം സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ളതല്ല.  എല്ലാ വ്യക്തി നിയമങ്ങളിലും പരിഷ്‌ക്കാരങ്ങള്‍ ആവശ്യമാണെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അത് ന്യൂനപക്ഷ മതത്തില്‍ മാത്രമല്ല ഭൂരിപക്ഷ മതത്തിലും വേണം.

നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ക്കും ഭരണഘടനാ നടപടിക്രമങ്ങള്‍ക്കും വിരുദ്ധമാണ് ബില്ല്. നിയമനിര്‍മ്മാണത്തിന് വഴിയൊരുക്കുന്നത് ആവശ്യകതയാണ്. ഓര്‍ഡിനന്‍സിന് കാരണമാകുന്നത് അടിയന്തര സാഹചര്യവും. ഇവിടെ അത്തരമൊരു സാഹചര്യമില്ല. മുത്തലാഖിനെ സുപ്രീംകോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദുചെയ്തതാണ്. കോടതി ഉത്തരവ് രാജ്യത്തിന്റെ നിയമമാണ്. പിന്നെ എന്തിനാണ് ഇത്തരമൊരു ബില്ലെന്ന് എളമരം കരീ പറഞ്ഞു. ഏകീകൃത സിവില്‍ കോഡെന്ന ആശയം അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢ അജണ്ടയുടെ ഭാഗമാണിത്. ബില്ല് വിവേചനപരമാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മ്മാണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കോടതി ഉത്തരവില്‍ എവിടെയും മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കാന്‍ പറയുന്നില്ലെന്നും എളമരം കരീം ചര്‍ച്ചയില്‍ പറഞ്ഞു

Latest