ബെംഗളുരു: കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിക്കൊണ്ട് യെദ്യൂരപ്പ സര്‍ക്കാര്‍ ഉത്തരവിറക്കി .2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്നാണ് ബിജെപി ആരോപണം. ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി 2016ല്‍ കുടക് മേഖലയില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. കുടകിലെ എം എല്‍ എമാരുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം എന്ന് മുഖ്യമന്ത്രി അറിയിച്ചു. ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്‌കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്. ഇത്തവണ നവംബര്‍ 10നാണ് ആഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്നത്.