Connect with us

Articles

മഞ്ഞനാടി ഉസ്താദ്: ദേശാതിര്‍ത്തികള്‍ ഭേദിച്ച വിനയാന്വിത പണ്ഡിതന്‍

Published

|

Last Updated

ശറഫുല്‍ ഉലമ മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍

ശറഫുല്‍ ഉലമ മഞ്ഞനാടി പി എം അബ്ബാസ് ഉസ്താദ് വിടപറഞ്ഞിരിക്കുന്നു. അല്‍ മദീനയുടെ അമരക്കാരനെ മാത്രമല്ല, അര നൂറ്റാണ്ട് കാലത്തെ അറിവനുഭവങ്ങളുള്ള കരുത്തനായ പണ്ഡിത തേജസ്സിനെ കൂടിയാണ് ഈ വിയോഗത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്.

1994ല്‍ അല്‍മദീന ഇസ്‌ലാമിക് കോംപ്ലക്സിന് തുടക്കം കുറിക്കുമ്പോള്‍ ശറഫുല്‍ ഉലമ മഞ്ഞനാടി പി എം അബ്ബാസ് മുസ്‌ലിയാര്‍ക്ക് ഒരു കാര്യം നിര്‍ബന്ധമുണ്ടായിരുന്നു. ദീര്‍ഘകാലം തന്റെ ഉസ്താദും ആത്മീയ ഗുരുവുമായിരുന്ന താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളും തന്റെ ഭാര്യാപിതാവും വഴികാട്ടിയുമായ ശൈഖുനാ മഞ്ഞനാടി സി പി മുഹമ്മദ്കുഞ്ഞ് ഉസ്താദും ചേര്‍ന്ന് അത് തുടങ്ങിത്തരണം. വന്ദ്യരായ കാന്തപുരം ഉസ്താദിന്റെ ആശീര്‍വാദവും പിന്തുണയും അതിന് ലഭിക്കണം. ആ ആഗ്രഹ സഫലീകരണത്തിന്റെ ധന്യതയിലാണ് ശറഫുല്‍ ഉലമ അബ്ബാസ് മുസ്‌ലിയാര്‍ എന്ന ആദരണീയനായ പണ്ഡിത പ്രതിഭ മഞ്ഞനാടിയില്‍ അല്‍മദീന ഇസ്‌ലാമിക് കോംപ്ലക്‌സ് ആരംഭിച്ചത്.

കുടകിലെ മടിക്കേരിക്കടുത്ത ഹാകത്തൂരില്‍ ജനിച്ച ശൈഖുനാ കൊണ്ടങ്കേരി, തിരുവട്ടൂര്‍, ഉള്ളാളം, ദയൂബന്ത് എന്നിവിടങ്ങളിലാണ് മതപഠനം നടത്തിയത്. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളാണ് അബ്ബാസ് ഉസ്താദിന്റെ പ്രധാന ഗുരു. തിരുവട്ടൂര്‍ സി പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കണ്ണിയത്ത് അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് മറ്റു ഗുരുവര്യന്‍മാര്‍. ശൈഖുനാ മഞ്ഞനാടി സി പി മുഹമ്മദ്കുഞ്ഞ് ഉസ്താദിന്റെ മകളെ വിവാഹം ചെയ്ത് കാഞ്ഞങ്ങാട് പഴയ കടപ്പുറത്തായിരുന്നു താമസം. ദേലംപാടി, ഉജിറെ, മഞ്ഞനാടി എന്നിവിടങ്ങളിലെ നാഇബ് ഖാസിയാണ്. കണ്ണിയത്ത് അഹ‌്മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ സമസ്തയുടെ ആദ്യ കാല പണ്ഡിതരുമായി നല്ല ബന്ധമുണ്ടായിരുന്നു. തന്റെ ഉസ്താദ് കൂടിയായ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെയും സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേരിന്റെയും നിയമത്തിന്റെയും വഴിയില്‍ വ്യവസ്ഥാപിതമായി പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഉസ്താദ് അതിനെ പിന്തുണച്ച് കൂടെ അടിയുറച്ച് നിന്നു.

സേവന കാലത്ത് തന്നെ ഇസ്‌ലാമിക സംഘാടനത്തിന്റെയും സുന്നി നവജാഗരണ പ്രവര്‍ത്തനങ്ങളുടെയും വഴിയില്‍ സജീവ സാന്നിധ്യമായി. കുടക് ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ വൈസ്. പ്രസിഡന്റ്, മുടിപ്പു, ദേര്‍ലക്കട്ട സംയുക്ത ജമാഅത്ത് നാഇബ് ഖാസി, കര്‍ണാടക സുന്നി കോ ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്, മഞ്ഞനാടി അല്‍മദീന ഇസ്‌ലാമിക് കോംപ്ലക്സിന്റെ സ്ഥാപകന്‍, അതിന്റെ അമരക്കാരനായ പ്രസിഡന്റ്, ഇപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവുമായിരുന്നു അദ്ദേഹം.
മഞ്ഞനാടിയിലെ സേവന കാലത്ത് തന്നെ കേരള- കര്‍ണാടക അതിര്‍ത്തിയിലെ മനോഹരമായ ഈ ഗ്രാമം ഉസ്താദിന്റെ നിറസാന്നിധ്യത്താല്‍ ധന്യമായിരുന്നു. തന്റെ ആത്മീയ നേതൃത്വമായ താജുല്‍ ഉലമയും കക്കിടിപ്പുറവും ചാപ്പനങ്ങാടി ഉസ്താദും ശൈഖുനാ മഞ്ഞനാടി സി പി മുഹമ്മദ്കുഞ്ഞ് ഉസ്താദുമെല്ലാം നല്‍കിയ ആത്മീയ പിന്തുണയും ധൈര്യവുമായിരുന്നു അബ്ബാസ് ഉസ്താദിന്റെ എക്കാലത്തെയും കരുത്ത്.

കേരളത്തിന്റെ വടക്കും കന്നഡയുടെ തെക്കും അതിരിടുന്ന മഞ്ഞനാടിയുടെ മണ്ണ് ഇസ്‌ലാമിക പ്രബോധനത്തിന്റെയും വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെയും തട്ടകമാക്കി മാറ്റി. ഈ പ്രദേശത്തിന്റെ സാമൂഹിക ചരിത്രത്തെ മാറ്റിവരച്ച് പുതിയൊരു സംസ്‌കൃതിക്ക് ഉസ്താദ് നാന്ദി കുറിച്ചു. അതിന് താന്‍ ഏറ്റവും സ്നേഹിച്ച, നെഞ്ചിലേറ്റിയ തിരുനബി(സ്വ)യുടെ മദീന തന്നെ അനുസ്മരിച്ചാണ് അല്‍മദീന ഇസ്‌ലാമിക് കോംപ്ലക്സ് എന്ന് പേരിട്ടത്. സ്ഥാപനത്തിന്റെ എല്ലാ പദ്ധതികളും പരിപാടികളും അബ്ബാസ് ഉസ്താദ് തന്നെ പരിശുദ്ധമായ മദീനാ മുനവ്വറയില്‍ വെച്ചാണ് ആലോചിക്കാറുള്ളത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യത്തില്‍ നടന്ന അല്‍മദീനയുടെ സില്‍വര്‍ ജൂബിലിക്ക് ഉയര്‍ത്താനുള്ള പതാകയും തിരുനബി(സ്വ)യുടെ റൗളാ ശരീഫില്‍ നിന്നാണ് എത്തിച്ചിരുന്നത്.

മത ഭൗതിക വിദ്യാഭ്യാസത്തിന്റെയും പാഠ്യ പാഠ്യേതര സംവിധാനങ്ങളുടെയും മികച്ച സംരംഭങ്ങളാണ് അല്‍മദീനക്ക് കീഴില്‍ ഉസ്താദ് സംവിധാനിച്ചത്. ശരീഅത്ത് കോളജ്, ദഅ്‌വാ കോളജ്, അനാഥ അഗതി മന്ദിരങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഇതിന്റെ ക്യാമ്പസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിന് പുറമെ പരിസരങ്ങളിലും മറ്റു പ്രദേശങ്ങളിലും ധാരാളം പള്ളികള്‍ നിര്‍മിച്ച് പരിപാലിച്ചു വരുന്നു. സമുദായത്തിനും സമൂഹത്തിനും താങ്ങും തണലുമായി നിരവധി റിലീഫ്, ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് അബ്ബാസ് ഉസ്താദ് നേതൃത്വം നല്‍കിയിരുന്നത്. വിവാഹം വെറും സ്വപ്നമായി കണ്ട് കഴിഞ്ഞിരുന്ന ധാരാളം യുവതികളെയാണ് അവിടുന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 2000ല്‍ തുടങ്ങിയ സമൂഹ വിവാഹ പരിപാടികളിലൂടെ അബ്ബാസ് ഉസ്താദിന്റെ നേതൃത്വത്തില്‍ അല്‍മദീനയുടെ തണലില്‍ അഞ്ഞൂറോളം പേരാണ് ഇതിനകം സുമംഗലികളായത്. പാണ്ഡിത്യത്തിന്റെ പക്വതയും വിനയത്തിന്റെ പുഞ്ചിരിയും ശാന്തമായൊഴുകിയ ആ ജീവിതം എല്ലാവര്‍ക്കും മാതൃകയായി. നിസ്വാര്‍ഥ സേവനത്തിലൂടെ നിശ്ശബ്ദമായ ഒരു വിപ്ലവം തന്നെയായിരുന്നു ഉസ്താദ് നയിച്ചത്. കന്നഡയുടെ അതിര്‍ത്തി ഗ്രാമമായ മഞ്ഞനാടിയുടെ മണ്ണ് അങ്ങനെ ആ വിനയാന്വിത മനസ്സിന് മുന്നില്‍ വിനീത വിധേയമായി.

ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും അതിരുകളും അതിര്‍ത്തികളും കടന്ന് അല്‍മദീനയുടെ സ്ഥാപന സമുച്ഛയം ഉസ്താദ് സ്വന്തം പ്രയത്‌നത്തിലൂടെ ഇരുപത്തഞ്ചാണ്ടിന്റെ നെറുകയിലെത്തിച്ചു. കഴിഞ്ഞ 50 വര്‍ഷമായി ദര്‍സ് രംഗത്ത് തുടര്‍ച്ചയായി സജീവ സാന്നിധ്യമായ അബ്ബാസ് ഉസ്താദിന് വിയോഗം വരെയും ഇത് തുടരണമെന്നാണ് ആഗ്രഹമുണ്ടായിരുന്നത്. അവസാന നിമിഷം വരെ ആത്മാര്‍ഥതയോടെ അത് നിലനിര്‍ത്താനായി എന്ന ആത്മ നിര്‍വൃതിയിലാണ് അവിടുന്ന് നമ്മോട് വിട പറയുന്നത്. അവിടുത്തെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ. ആമീന്‍.

Latest