അമ്പൂരി കൊല: തെളിവെടുപ്പിന് കൊണ്ടുവന്ന മുഖ്യപ്രതി അഖിലിന് നേരെ നാട്ടുകാരുടെ പ്രതിഷേധം

Posted on: July 29, 2019 1:15 pm | Last updated: July 29, 2019 at 8:11 pm

തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പോലീസ് തെളിവെടുപ്പിന്‌കൊണ്ടുവന്ന മുഖ്യപ്രതി അഖിലിന് നേരെ നാട്ടുകാരുടെ വന്‍ പ്രതിഷേധം. അഖിലുമായി എത്തിയ പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാഖി കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മക്കും പങ്കുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്ത ശേഷം മതി തെളിവെടുപ്പെന്നും ആക്രോശിച്ചാണ് ജനക്കൂട്ടം സംഘര്‍ഷം സൃഷ്ടിച്ചത്.

രാഖിയെ കുഴിച്ചിട്ട വീട്ടിലേക്ക് അഖിലിനെ എത്തിച്ചപ്പോള്‍ ആദ്യം കൂകിവിളിച്ച നാട്ടുകാര്‍ ചെറിയ രീതിയില്‍ കല്ലേറും നടത്തി. പോലീസ് വാഹനം മുന്നോട്ടപോകാന്‍ പറ്റാത്ത സാഹചര്യം എത്തിയതോടെ പോലീസ് ലാത്തിവീശി ജനങ്ങളെ പിന്തിരിപ്പിച്ചു. തെളിവെടുപ്പ് തടസപ്പെടുത്തരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടും പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാത്ത സാഹചര്യവും ഉണ്ടായി.

നാടിനെ ഞെട്ടിച്ച കൊലപാതകക്കേസില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ സഹായത്തില്‍ തെളിവെടുപ്പ് പോലീസ് പൂര്‍ത്തിയാക്കി. രാഖിയെ അവസാനമായി കണ്ട നെയ്യാറ്റിന്‍കര ബസ്റ്റാന്റ്, കൊന്ന് കുഴിച്ചിട്ട അഖിലിന്റെ വീട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.