ജയ് ശ്രീ റാം വിളിച്ചില്ല: മുസ്‌ലിം ബാലനെ തീക്കൊളുത്തി

Posted on: July 29, 2019 10:55 am | Last updated: July 29, 2019 at 1:29 pm

ലക്‌നൗ: ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ പിഞ്ചു ബാലനെതിരെ വര്‍ഗീയ ആള്‍കൂട്ടങ്ങളുടെ മൃഗീയ ആക്രമണം. ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ 15കാരനായ മുസ്‌ലിം ബാലനെ നാലാംഗ സംഘം തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടിയെ കാശിയിലെ കബീര്‍ ചൗര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ജയ് ശ്രീ റാം വിളിക്കാത്തതിന് നാല് പേര്‍ ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയായിരുന്നെന്ന് കുട്ടി പറയുന്ന ദൃശ്യം ആശുപത്രി ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

‘നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ കെട്ടുകയും മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു’ആശുപത്രിയില്‍ വെച്ച് കുട്ടി പറഞ്ഞതായി ഒരു ദേശീയ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു. കുട്ടി സ്വയം തീക്കൊളുത്തുകയായിരുന്നെന്ന് ചന്ദൗലി എസ് പി സന്തോഷ് കുമാര്‍ പറയുന്നത്. കുട്ടി പലരോടും വ്യത്യസ്ത രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ആരോ പ്രേരിപ്പിച്ചിട്ടാണ് കുട്ടി ഇങ്ങനെ പറയുന്നതെന്നാണ് പോലീസ് ന്യായം.