ഗീത ഗോപിക്കെതിരെ ജാതി അധിക്ഷേപം: യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Posted on: July 29, 2019 10:16 am | Last updated: July 29, 2019 at 11:54 am

തൃശ്ശൂര്‍: പട്ടികജാതിയില്‍പ്പെട്ട തന്നെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ ജാതീയമായി അധിക്ഷേപിച്ചതായ ഗീത ഗോപി എം എല്‍ എയുടം പരാതിയില്‍ ചേര്‍പ്പിലെ യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. ഗീത ഗോപി കുത്തിയിരിപ്പ് സമരം നടത്തിയ ചേര്‍പ്പിലെ പൊതുമരാമത്ത് ഓഫീസ് വരാന്തയില്‍ യൂത്ത്‌കോണ്‍ഗ്രസ് ചാണകവെള്ളം തളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എം എല്‍ എ ചേര്‍പ്പ് പോലീസിന് പരാതി നല്‍കിയത്.
നാട്ടിക മണ്ഡലത്തിലെ ചേര്‍പ്പ് മുതല്‍ തൃപ്രയാര്‍ വരെയുള്ള റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ നാട്ടുകാര്‍ എം എല്‍ എയെ വഴിയില്‍ തടഞ്ഞിരുന്നു.

തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിലെത്തി എം എം എല്‍ എ പ്രതിഷേധിക്കുകയായിരുന്നു. ഒടുവില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പാറപ്പൊടിയിറക്കി കുഴി മൂടിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.

സമരം അവസാനിപ്പിച്ച് ഗീതാ ഗോപി പോയശേഷം, എം എല്‍ എ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് ചൂലുകൊണ്ട് അടിക്കുകയായിരുന്നു.